ഏപ്രിൽ 08 ബുധൻ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(എനിക്കുള്ളത് ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റുനടക്കുക)
ഒരു ദിവസം ഒമ്പതാം മണിക്കൂറിലെ പ്രാർഥനയ്ക്ക് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോവുകയായിരുന്നു. ജൻമനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ട് ചിലർ അവിടെയെത്തി. ദേവാലയത്തിൽ പ്രവേശിക്കുന്നവരോട് ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്ക്കൽ അവനെ കിടത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതുകണ്ട് അവൻ അവരോടു ഭിക്ഷയാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അവനെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക. അവരുടെ പക്കൽനിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവൻ അവരെ നോക്കി. പത്രോസ് പറഞ്ഞു: വെള്ളിയോ സ്വർണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക. പത്രോസ് വലത്തു കൈക്കു പിടിച്ച് അവനെ എഴുന്നേല്പിച്ചു. ഉടൻതന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലം പ്രാപിച്ചു. അവൻ ചാടി എഴുന്നേറ്റുനടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെസ്തുതിച്ചുംകൊണ്ട് അവൻ അവരോടൊപ്പം ദേവാലയത്തിൽ പ്രവേശിച്ചു. അവൻ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു. ദേവാലയത്തിന്റെ സുന്ദരകവാടത്തിങ്കൽ ഭിക്ഷയാചിച്ചുകൊണ്ടിരുന്നവനാണ് അവനെന്ന് മനസ്സിലാക്കി, അവനു സംഭവിച്ച കാര്യത്തെക്കുറിച്ച് അവർ അദ്ഭുതസ്തബ്ധരായി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ! (അല്ലെങ്കിൽ : അല്ലേലൂയാ!)
കർത്താവിനു കൃതജ്ഞതയർപ്പിക്കുവിൻ; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ; അവിടത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ ഉദ്ഘോഷിക്കുവിൻ. അവിടത്തേക്ക് ഗാനമാലപിക്കുവിൻ; സ്തുതിഗീതങ്ങൾ ആലപിക്കുവിൻ; അവിടത്തെ അദ്ഭുതങ്ങൾ വർണിക്കുവിൻ
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുവിൻ; കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹ്യദയം ആഹ്ളാദിക്കട്ടെ! കർത്താവിനെയും അവിടത്തെ ബലവും അന്വേഷിക്കുവിൻ; നിരന്തരം അവിടത്തെ സാന്നിധ്യം തേടുവിൻ.
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
അവിടന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ; അവിടത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ. അവിടന്നാണു നമ്മുടെ ദൈവമായ കർത്താവ്, അവിടത്തെ ന്യായവിധികൾ ഭൂമിക്കുമുഴുവൻ ബാധകമാകുന്നു.
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും: തന്റെ വാഗ്ദാനം തലമുറകൾവരെ ഓർമിക്കും. അബ്രാഹത്തോടു ചെയ്ത ഉടമ്പടി, ഇസഹാക്കിന് ശപഥപൂർവം നല്കിയ വാഗ്ദാനംതന്നെ.
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
അല്ലേലൂയാ !
അല്ലേലൂയാ! (സങ്കീ 118 : 24) കർത്താവ് ഒരുക്കിയ അല്ലേലൂയാ! ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻ അപ്പം എടുത്ത് ആശീർവദിച്ചു മുറിച്ച് അവർക്കു കൊടുത്തു. അപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞു)
യേശു ഉയിർത്തെഴുന്നേറ്റ ദിവസംതന്നെ അവരിൽ രണ്ടുപേർ ജറുസലേമിൽനിന്ന് ഏകദേശം അറുപതുസ്താദിയോൺ അകലെയുള്ള എമ്മാവൂസഗ്രാമത്തിലേക്കു പോവുകയായിരുന്നു.ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു. അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. എന്നാൽ, അവനെ തിരിച്ചറിയാൻ കഴിയാത്തവിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അവൻ അവരോടു ചോദിച്ചു: എന്തിനെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? അവർ മ്ളാന വദനരായിനിന്നു.
അവരിൽ ക്ലെയോപാസ് എന്നു പേരുള്ളവൻ അവനോടു ചോദിച്ചു: ഈ ദിവസങ്ങളിൽ ജറുസലേമിൽ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ? അവൻ ചോദിച്ചു: ഏതു കാര്യങ്ങൾ? അവർ പറഞ്ഞു: നസറായനായ യേശുവിനെക്കുറിച്ചുതന്നെ. അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും ശക്തനായ പ്രവാചകനായിരുന്നു. ഞങ്ങളുടെ പുരോഹിതപ്രമുഖൻമാരും നേതാക്കളും അവനെ മരണവിധിക്ക് ഏല്പിച്ചുകൊടുക്കുകയും ക്രൂശിക്കുകയും ചെയ്തു. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവൻ ഇവനാണ് എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ വിസ്മയിപ്പിച്ചു. ഇന്നു രാവിലേ അവർ കല്ലറയിങ്കൽ പോയിരുന്നു. അവന്റെ ശരീരം അവർ അവിടെ കണ്ടില്ല. അവർ തിരിച്ചുവന്ന്, തങ്ങൾക്ക് ദുതൻമാരുടെ ദർശന മുണ്ടായെന്നും അവൻ ജീവിച്ചിരിക്കുന്നുവെന്ന് അറിയിച്ചുവെന്നും പറഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരിൽ ചിലരും കല്ലറയിങ്കലേക്കു പോയി, സ്ത്രീകൾ പറഞ്ഞതുപോലെ തന്നെ കണ്ടു. എന്നാൽ, അവനെ അവർ കണ്ടില്ല.അപ്പോൾ അവൻ അവരോടു പറഞ്ഞു: ഭോഷൻമാരേ, പ്രവാചകൻമാർ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാൻ കഴിയാത്തവിധം ഹ്യദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്ത്വത്തിലേക്കു പ്രവേശിക്കേണ്ടിയിരുന്നില്ലേ? മോശ തുടങ്ങി എല്ലാ പ്രവാചകൻമാരും വിശുദ്ധലിഖിതങ്ങളിൽ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവൻ അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
അവർ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ, യാത്ര തുടരുകയാണെന്നു ഭാവിച്ചു. അവർ അവനെ നിർബന്ധി ച്ചുകൊണ്ടുപറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകൽ അസ്തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കാൻ കയറി. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്കു കൊടുത്തു. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. പക്ഷേ, അവൻ അവരുടെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി. അവർ പരസ്പരം പറഞ്ഞു: വഴിയിൽവച്ച് അവൻ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ? അവർ അപ്പോൾ ത്തന്നെ എഴുന്നേറ്റ് ജറുസലേമിലേക്കു തിരിച്ചുപോയി; അവിടെ കൂടിയിരുന്ന പതിനൊന്നുപേരെയും അവരോടൊപ്പമുണ്ടായിരുന്നവരെയും കണ്ടു. കർത്താവു സത്യമായും ഉയിർത്തെഴുന്നേറ്റു; ശിമയോനു പ്രത്യക്ഷപ്പെട്ടു എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോൾ തങ്ങൾ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.




