Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം ശനി വചനവായന

ജൂലൈ 18 ശനി

ഒന്നാം വായന

മിക്കാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(അവർ അന്യരുടെ വയലുകളും ഭവനങ്ങളും പിടിച്ചടുക്കുന്നു)

കിടക്കയിൽ വച്ചു തിൻമ നിരൂപിക്കുകയും ദുരുപായങ്ങൾ ആലോചിക്കുകയും ചെയ്യുന്നവർക്കു ദുരിതം! കൈയൂക്കുള്ളതിനാൽ, പുലരുമ്പോൾ അവരതു ചെയ്യുന്നു. അവർ വയലുകൾ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകൾ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്‌ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവർ പീഡിപ്പിക്കുന്നു. അതിനാൽ, കർത്താവ് അരുൾചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാൻ അനർഥങ്ങൾ ഒരുക്കിയിരിക്കുന്നു. അതിൽനിന്നു തലവലിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. ഇത് അനർഥങ്ങളുടെ കാലമാകയാൽ നിങ്ങൾക്കു തലയുയർത്തി നടക്കാനാവില്ല. ആ ദിവസങ്ങളിൽ നിങ്ങളെ അധിക്ഷേപിച്ച് അവർ ദയനീയമായ വിലാപഗാനം പാടും; ഞങ്ങൾ തീർത്തും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്റെ ജനത്തിന്റെ ഓഹരി അവിടന്ന് എടുത്തുമാറ്റിയിരിക്കുന്നു. അവിടന്ന് അത് എന്നിൽനിന്നു നീക്കിക്കളഞ്ഞിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവിടന്നു ഞങ്ങളുടെ വയലുകൾ വിഭജിച്ചുകൊടുത്തു. അതിനാൽ, നിങ്ങൾക്കു സ്ഥലം അളന്നുതരാൻ കർത്താവിന്റെ സഭയിൽ ആരുമുണ്ടായിരിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, അവിടന്നു കരമുയർത്തണമേ! പീഡിതരെ മറക്കരുതേ!

കർത്താവേ, എന്തുകൊണ്ടാണ് അവിടന്ന് അകന്നുനില്ക്കുന്നത്? ഞങ്ങളുടെ കഷ്‌ടകാലത്ത് അവിടന്നു മറഞ്ഞിരിക്കുന്നതെന്ത്? ദുഷ്‌ടർഗർവോടെ പാവങ്ങളെ പിന്തുടർന്നു പീഡിപ്പിക്കുന്നു; അവർ വച്ച കെണിയിൽ അവർ തന്നെ വീഴട്ടെ.

ദൈവമേ, അവിടന്നു കരമുയർത്തണമേ! പീഡിതരെ മറക്കരുതേ!

ദുഷ്‌ടൻ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വൻപുപറയുന്നു; അത്യാഗ്രഹി കർത്താവിനെ ശപിച്ചുതള്ളുന്നു. ദുഷ്‌ടൻ തന്റെ അഹങ്കാരത്തള്ളലാൽ അവിടത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവൻെറ വിചാരം.

ദൈവമേ, അവിടന്നു കരമുയർത്തണമേ! പീഡിതരെ മറക്കരുതേ!

അവന്റെ വായ് ശാപവും വഞ്ചനയും ഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവൻെറ നാവിനടിയിൽ ദ്രോഹവും അധർമവും കുടികൊള്ളുന്നു. അവൻ ഗ്രാമങ്ങളിൽ പതിയിരിക്കുന്നു; ഒളിച്ചിരുന്ന് അവൻ നിർദോഷരെ കൊലചെയ്യുന്നു; അവന്റെ കണ്ണുകൾ നിസ്‌സഹായരെ ഗൂഢമായി തിരയുന്നു.

ദൈവമേ, അവിടന്നു കരമുയർത്തണമേ! പീഡിതരെ മറക്കരുതേ!

അങ്ങു കാണുന്നുണ്ട്; കഷ്ടപ്പാടുകളും ക്ലേശങ്ങളും അങ്ങു തീർച്ചയായും കാണുന്നുണ്ട്; അങ്ങ് അവ ഏറ്റെടുക്കും, നിസഹായൻ തന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു; അനാഥന് അവിടന്നു സഹായകനാണല്ലോ.

ദൈവമേ, അവിടന്നു കരമുയർത്തണമേ! പീഡിതരെ മറക്കരുതേ!

അല്ലേലൂയാ !

അല്ലേലൂയാ! (2 കോറി 5 : 19). ദൈവം രക്ഷയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട് ക്രിസ്‌തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തി. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(തന്നെ പരസ്യപ്പെടുത്തരുതെന്ന് അവൻ അവരോടു കല്പിച്ചു)

അക്കാലത്ത്, ഫരിസേയർ അവിടെനിന്നു പോയി, യേശുവിനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി. ഇതു മനസ്‌സിലാക്കിയ യേശു അവിടെനിന്നു പിൻവാങ്ങി. അനേകം പേർ അവനെ അനുഗമിച്ചു. അവരെയെല്ലാം അവൻ സുഖപ്പെടുത്തി. തന്നെ പരസ്യപ്പെടുത്തരുതെന്ന് അവൻ അവരോടു കല്പിച്ചു. ഇത് ഏശയ്യാപ്രവാചകൻ വഴി അരുൾചെയ്യപ്പെട്ടതു പൂർത്തിയാകുന്നതിനുവേണ്ടിയാണ്: ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ; എൻ്റെ ആത്‌മാവു പ്രസാദിച്ച എൻ്റെ പ്രിയപ്പെട്ടവൻ! ഞാൻ അവൻ്റെമേൽ എൻ്റെ ആത്‌മാവിനെ അയയ്ക്കും; അവൻ വിജാതീയരെ ന്യായവിധി അറിയിക്കും. അവൻ തർക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം ആരും കേൾക്കുകയില്ല. നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവൻ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല. അവന്റെ നാമത്തിൽ വിജാതീയർ പ്രത്യാശവയ്ക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.