എ.ആർ. ജോസ്
പൊൻവിള: നെയ്യാറ്റിൻകര രൂപതയിൽ പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ പള്ളി സ്ഥാപനത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഒരു വർഷം നീണ്ട് നില്ക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെപ്റ്റംബർ 27 ഞായറാഴ്ച നടന്ന തിരുനാൾദിന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികനായി.
ദിവ്യബലിയെ തുടർന്ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് ജൂബിലി തിരി തെളിച്ച് ജൂബിലി വർഷാചരണം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ജൂബിലി പ്രാർത്ഥന വിശ്വാസികൾക്ക് ചൊല്ലി കൊടുത്തു.
നവവൈദികൻ ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. ലൂഷൻ OCD, സിസ്റ്റർ ശാന്തി, കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ. ജപരാജ്, അജപാലന സെക്രട്ടറി മേരി വാസന്തി എ., ഉപദേശി ജഡ്സൺ മനോഹർ എന്നിവർ സന്നിഹിതരായി. ഇടവക സമൂഹം ഭക്തിപൂർവ്വം തിരുകർമ്മങ്ങളിൽ പങ്കുചേർന്നു.




