അരുൺ രാജ്
നെയ്യാറ്റിൻകര: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണം “ഭൂമിക” കർമ്മലമാതാമലയിൽ നടന്നു. ജൂൺ 7 ഞായറാഴ്ച നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആതിധേയത്വത്തിൽ നടന്ന ദിനാചരണം കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ. ശ്രീ എം. ആർ. ബൈജു ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് യുവജനങ്ങളുടെ കടമയാണെന്ന് ഉത്ഘാടനസന്ദേശത്തിൽ ഓർമിപ്പിച്ചു.
കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ച പരിസ്ഥിതി ദിന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാൻ മോസ്റ്റ് റവ. ഡോ. ആന്റണി മാർ സിൽവാനോസ് മുഖ്യാഥിതി ആയിരുന്നു. “യുവജനങ്ങൾ പ്രകൃതിയുടെ കാവൽക്കാർ” എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരക്കൽ വിഷയാവതരണം നടത്തി.
കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, സംസ്ഥാന സമിതി അംഗങ്ങളായ സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജെൻസൺ ആൽബി, ജോയൽ ജോൺ റോയ്, ധന്യ മോഹൻരാജ് എന്നിവർ സന്നിഹിതരായിരുന്നു.
തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്രം റെക്ടർ മോൺ. വിൻസെന്റ് കെ. പീറ്റർ, കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജിബിൻരാജ്, രൂപത പ്രസിഡന്റ് ശ്രീ. അരുൺരാജ് സി. എസ് തിരുപുറം, മുൻ കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര രൂപതാംഗവുമായ ശ്രീ. ജോജി ടെന്നിസൺ എന്നിവർ സന്ദേശം നൽകി.
മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാൻ മോസ്റ്റ് റവ. ഡോ. ആന്റണി മാർ സിൽവാനോസ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. 250 ൽ അധികം യുവജനങ്ങൾ രൂപതയിൽ നിന്ന് പങ്കെടുക്കുകയും കർമ്മലമാതാമലയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു



