നവംബർ 23 തിങ്കൾ
ഒന്നാം വായന
വെളിപാടിന്റെ പുസ്തതകത്തിൽനിന്ന്
(അവരുടെ നെറ്റിയിൽ ക്രിസ്‌തുവിൻ്റെ നാമവും പിതാവിന്റെ നാമവും എഴുതിയിട്ടുണ്ട്)
ഞാൻ, യോഹന്നാൻ, ഒരു കുഞ്ഞാടു സീയോൻമലമേൽ നില്ക്കുന്നതു കണ്ടു; അവനോടുകൂടെ നൂറ്റിനാല്‌പത്തിനാലായിരം പേരും. അവരുടെ നെറ്റിയിൽ അവൻറെ നാമവും അവ ൻറ പിതാവിൻെറ നാമവും എഴുതിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും വലിയ ഇടിനാദംപോലെയും സ്വർഗത്തിൽനിന്ന് ഒരു സ്വരം ഞാൻ കേട്ടു-വീണക്കാർ വീണമീട്ടുന്നതുപോലൊരു സ്വരം. അവർ സിംഹാസനത്തിൻ്റെയും നാലു ജീവികളുടെയും ശ്രേഷ്‌ഠൻമാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയിൽനിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റി നാല്പത്തിനാലായിരം പേരൊഴികേ ആർക്കും ആ ഗാനം പഠിക്കാൻ കഴിഞ്ഞില്ല. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവർ. അവർ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരിൽനിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. അവരുടെ അധരങ്ങളിൽ വ്യാജം കാണപ്പെട്ടില്ല; അവർ നിഷ്കളങ്കരാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഇവരാണ് അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്നവരുടെ തലമുറ.
ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റെതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്‌ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്‌ഥാപിച്ചതും അവിടന്നാണ്.
കർത്താവേ, ഇവരാണ് അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്നവരുടെ തലമുറ.
കർത്താവിന്റെ മലയിൽ ആരു കയറും? അവിടത്തെ വിശുദ്ധ സ്‌ഥലത്ത് ആരു നില്ക്കും? കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്‌സു പതിക്കാത്തവനും.
കർത്താവേ, ഇവരാണ് അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്നവരുടെ തലമുറ.
അവന്റെമേൽ കർത്താവ് അനുഗ്രഹം ചൊരിയും, രക്ഷകനായ ദൈവം അവനു നീതിനടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ, അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.
കർത്താവേ, ഇവരാണ് അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്നവരുടെ തലമുറ.
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ 24:42). നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ രണ്ടു ചെമ്പുതുട്ടുകൾ ഇടുന്നത് യേശു കണ്ടു)
അക്കാലത്ത്, യേശു കണ്ണുകളുയർത്തി നോക്കിയപ്പോൾ ധനികർ ദേവാലയഭൺഡാരത്തിൽ നേർച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പുതുട്ടുകൾ ഇടുന്നതും അവൻ കണ്ടു. അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയിൽനിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.



