സെപ്റ്റംബർ 06 ഞായർ
ഒന്നാം വായന
എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(നീ ദുഷ്ടന് മുന്നറിയിപ്പുനല്കാതിരുന്നാൽ അവൻ്റെ രക്തത്തിന് ഞാൻ നിന്നോടു പകരംചോദിക്കും.)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മനുഷ്യപുത്രാ, ഇസ്രായേല് ഭവനത്തിനു കാവല്ക്കാരനായി ഞാൻ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവിൽനിന്നു വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് അവരെ അറിയിക്കണം. ഞാൻ ദുഷ്ടനോട്, “ദുഷ്‌ടാ, നീ തീർച്ചയായും മരിക്കും’ എന്നു പറയുകയും അവൻ തന്റെ മാർഗത്തിൽനിന്നു പിന്തിരിയാൻ നീ മുന്നറിയിപ്പു നല്കാതിരിക്കുകയും ചെയ്‌താൽ, അവൻ തന്റെ ദുർവൃത്തിയിൽ ത്തന്നെ മരിക്കും. എന്നാൽ, അവൻ രക്തത്തിന് ഞാൻ നിന്നോട് പകരംചോദിക്കും. ദുഷ്‌ടനോട് തന്റെ മാർഗത്തിൽ നിന്നു പിന്തിരിയാൻ നീ താക്കീതുകൊടുത്തിട്ടും അവൻ പിന്തിരിയാതിരുന്നാൽ അവൻ തന്റെ ദുർവൃത്തിയിൽത്തന്നെ മരിക്കും. എന്നാൽ നീ നിന്റെ ജീവനെ രക്‌ഷിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്കു കർത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂർവം പാടിപ്പുകഴ്ത്താം. കൃതജ്‌ഞതാസ്തോത്രത്തോടെ അവിടത്തെ സന്നിധിയിൽ ചെല്ലാം. ആനന്ദത്തോടെ സ്‌തുതിഗീതങ്ങൾ ആലപിക്കാം
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
വരുവിൻ, നമുക്ക് കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കർത്താവിന്റെ മുൻപിൽ മുട്ടുകുത്താം. എന്തെന്നാൽ, അവിടന്നാണു നമ്മുടെ ദൈവം നാം അവിടന്നു മേയ്ക്കുന്ന ജനവും; അവിടന്നു പാലിക്കുന്ന അജഗണം.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
മെറീബായിൽ, മരുഭൂമിയിലെ മാസ്‌സായിൽ, ചെയ്തതുപോലെ നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കൻമാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു.
നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ! നിങ്ങൾ ഹൃദയം കഠിനമാക്കരുത്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(സ്നേഹം നിയമത്തിൻ്റെ പൂർത്തീകരണമാണ്)
സഹോദരരേ, പരസ്‌പരം സ്നേഹിക്കുകയെന്നതൊഴിക നിങ്ങൾക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാൽ, അയല്ക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‌പനയും നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കണം എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. സ്നേഹം അയല്ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ട് നിയമത്തിന്റെ പൂർത്തീകരണം സ്നേഹമാണ്.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (2 Cor. 5:19) ദൈവം രമ്യതയുടെ സന്ദേശം നമ്മെ ഭരമേല്പിച്ചുകൊണ്ട് ക്രിസ്‌തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻ നിന്റെ വാക്കു കേൾക്കുന്നപക്ഷം, നീ നിൻ്റെ സഹോദരനെ നേടിക്കഴിഞ്ഞു)
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു: നിന്റെ സഹോദരൻ തെറ്റുചെയ്‌താൽ, നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവൻ നിൻ്റെ വാക്കു കേൾക്കുന്നെങ്കിൽ നീ നിന്റെ സഹോദരനെ നേടി. അവൻ നിന്നെ കേൾക്കുന്നില്ലെങ്കിൽ, രണ്ടോ മൂന്നോ സാക്‌ഷികൾ ഓരോ വാക്കും സ്‌ഥിരീകരിക്കുന്നതിനുവേണ്ടി, ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവൻ അവരെയും അനുസരിക്കുന്നില്ലെങ്കിൽ, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കിൽ, അവൻ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗസ്‌ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാൽ, രണ്ടോ മുന്നോപേർ എൻെറ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും.




