Word of God

വി. മത്തായി അപ്പസ്തോലൻ തിരുനാൾ വചനവായന

സെപ്റ്റംബർ 21 തിങ്കൾ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(അവൻ ചിലർക്ക് അപ്പസ്തോലൻമാരും സുവിശേഷപ്രഘോഷകൻമാരും മറ്റും ആകാൻ വരംനല്‌കി)

സഹോദരരേ, കർത്താവിനുവേണ്ടി തടവുകാരനായിത്തീർന്നിരിക്കുന്ന ഞാൻ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിൻ. പൂർണമായ വിനയത്തോടും ശാന്തതയോടും ദീർഘക്‌ഷമയോടും കൂടെ നിങ്ങൾ സ്നേഹപൂർവം അന്യോന്യം സഹിഷ്ണുതയോടെ വർത്തിക്കുവിൻ. സമാധാനത്തിന്റെ ബന്‌ധത്തിൽ ആത്‌മാവിൻ്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ. ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടതുപോലെ, ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കർത്താവും ഒരു വിശ്വാസവും ഒരു ജ്‌ഞാന സ്നാനവുമേയുള്ളു. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വർത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവൻ മാത്രം.

നമുക്കോരോരുത്തർക്കും ക്രിസ്‌തുവിന്റെ ദാനത്തിനനുസൃതമായി കൃപ നല്കപ്പെട്ടിരിക്കുന്നു. അവൻ ചിലർക്ക് അപ്പസ്തോലൻമാരും പ്രവാചകൻമാരും സുവിശേഷപ്രഘോഷകൻമാരും ഇടയൻമാരും പ്രബോധകൻമാരും മറ്റും ആകാൻ വരം നല്കി. ഇതു വിശുദ്‌ധരെ പരിപൂർണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്റെ ശരീരം പണിതുയർത്തുന്നതിനും വേണ്ടിയാണ്. വിശ്വാസത്തിന്റെ ഐക്യത്തിലും ദൈവ പുത്രനെക്കുറിച്ചുള്ള പൂർണജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തു‌വിന്റെ പരിപൂർണതയുടെ അളവനുസരിച്ച് പക്വതയാർന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.

ആകാശം ദൈവത്തിൻ്റെ മഹത്ത്വം പ്രഘോഷിക്കുന്നു; വാന വിതാനം അവിടത്തെ കരവേല വിളംബരം ചെയ്യുന്നു. പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്‌ഞാനം പകരുന്നു.

അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.

ഭാഷണമില്ല, വാക്കുകളില്ല, ശബ്‌ദംപോലും കേൾക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിയോളം എത്തുന്നു.

അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! നമുക്കു ദൈവത്തെ സ്തുതിക്കാം; നമുക്ക് അവിടത്തെ പാടിപ്പുകഴ്ത്താം. കർത്താവേ, അനുഗൃഹീതരായ അപ്പസ്തോലന്മാരുടെ ഗണം അങ്ങയെ സ്തു‌തിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു)

അക്കാലത്ത്, യാത്രാമധ്യേ, മത്തായി എന്നൊരാൾ ചുങ്ക സ്‌ഥലത്ത് ഇരിക്കുന്നതു യേശു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു അവന്റെ ഭവനത്തിൽ ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന്, അവനോടും ശിഷ്യൻമാരോടും കൂടെ ഭക്ഷണത്തിനിരുന്നു. ഫരിസേയർ ഇതു കണ്ട് ശിഷ്യൻമാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്? ഇതുകേട്ട് അവൻ പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാൻമാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.