Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം തിങ്കൾ വചനവായന

സെപ്റ്റംബർ 07 തിങ്കൾ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(നിങ്ങൾ പഴയ പുളിപ്പ് നീക്കിക്കളയുവിൻ; നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു)

സഹോദരരേ, വിജാതീയരുടെയിടയിൽപ്പോലും ഇല്ലാത്ത തരം അവിഹിതബന്‌ധങ്ങൾ നിങ്ങളുടെയിടയിലുണ്ടെന്നു കേൾക്കുന്നു. നിങ്ങളിൽ ഒരാൾ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്‌ചയിൽ കഴിയുന്നു! എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! വാസ്തവത്തിൽ നിങ്ങൾ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവർത്തിച്ചവനെ നിങ്ങളിൽനിന്നു നീക്കിക്കളയുവിൻ. ശാരീരികമായല്ലെങ്കിലും ആത്‌മീയമായി ഞാൻ അവിടെ സന്നിഹിതനായി ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ കർത്താവായ യേശുവിൻ്റെ നാമത്തിൽ വിധിച്ചുകഴിഞ്ഞു. നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്‌മീയ സാന്നിധ്യത്തിലും നിങ്ങൾ ഒരുമിച്ചുകൂടുമ്പോൾ, നമ്മുടെ കർത്താവായ യേശുവിന്റെ അധികാരമുപയോഗിച്ച്, ആ മനുഷ്യനെ അവൻ അധമവികാരങ്ങൾ ഇല്ലായ്‌മ ചെയ്യേണ്ടതിന്, പിശാചിന് ഏല്പിച്ചുകൊടുക്കണം. അങ്ങനെ അവൻ്റെ ആത്‌മാവ് കർത്താവായ യേശുവിന്റെ ദിനത്തിൽ രക്‌ഷ പ്രാപിക്കട്ടെ. നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‌പം പുളിപ്പ് മുഴുവൻ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങൾക്ക് അറിവുള്ളതല്ലേ? നിങ്ങൾ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിൻ. നിങ്ങൾ പുളിപ്പില്ലാത്തവർ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാൽ, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, അശുദ്ധിയും തിൻമയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്‌മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാൾ ആഘോഷിക്കാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ.

അങ്ങു ദുഷ്‌ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; തിൻമ അങ്ങയോടൊത്തു വസിക്കുകയില്ല. അഹങ്കാരികൾ അങ്ങയുടെ കൺമുൻപിൽ നില്ക്കുകയില്ല; അധർമികളെ അങ്ങു വെറുക്കുന്നു.

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ.

വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹിക ളെയും വഞ്ചകരെയും കർത്താവു വെറുക്കുന്നു.

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ.

അങ്ങിൽ ശരണം പ്രാപിക്കുന്നവർ സന്തോഷിക്കട്ടെ! അവർ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവർ അങ്ങിൽ ആനന്ദിക്കട്ടെ!

കർത്താവേ, എന്നെ അങ്ങയുടെ നീതിമാർഗത്തിലൂടെ നയിക്കണമേ.

അല്ലേലൂയാ!

അല്ലേലൂയാ! (യോഹ 10:27). കർത്താവ് അരുൾചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സാബത്തിൽ അവൻ രോഗശാന്തി നല്‌കുമോ എന്ന് അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു)

ഒരു സാബത്തിൽ യേശു ഒരു സിനഗോഗിൽ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവൻ ഉണ്ടായിരുന്നു. നിയമജ്‌ഞരും ഫരിസേയരും യേശുവിൽ കുറ്റമാരോപിക്കാൻ പഴുതുനോക്കി, സാബത്തിൽ അവൻ രോഗശാന്തി നല്‌കുമോ എന്നു ശ്രദ്‌ധിച്ചുകൊണ്ടിരുന്നു. അവൻ അവരുടെ വിചാരങ്ങൾ മനസ്‌സിലാക്കിയിട്ട്, കൈശോഷിച്ചവനോടുപറഞ്ഞു: എഴുന്നേറ്റ് നടുവിൽ വന്നു നില്ക്കുക. അവൻ എഴുന്നേറ്റുനിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോടു ചോദിക്കുന്നു, സാബത്തിൽ നൻമചെയ്യുന്നതോ തിൻമ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവൻ ആ മനുഷ്യനോടു പറഞ്ഞു: കെ നീട്ടുക. അവൻ കൈ നീട്ടി. അതു സുഖപ്പെട്ടു. അവർ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.