സെപ്റ്റംബർ 20 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല)
കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടത്തെ അന്വേഷിക്കുവിൻ; അവിടന്ന് അരികേയുള്ളപ്പോൾ അവിടത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ മാർഗവും അധർമി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടന്ന് ഉദാരമായി ക്ഷമിക്കും. കർത്താവ് അരുൾ ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നു നില്ക്കുന്നു. അതുപോലെ, എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാൾ ഉന്നതമത്രേ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്.
അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും. കർത്താവു വലിയവനും അത്യന്തം സ്തുത്യർഹനുമാണ്; അവിടത്തെ മഹത്ത്വം അഗ്രാഹ്യമാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്.
കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്ടിയുടെയുംമേൽ അവിടന്നു കരുണ ചൊരിയുന്നു.
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്.
കർത്താവിൻ്റെ വഴികൾ നീതിനിഷ്ഠവും അവിടത്തെ പ്രവൃത്തികൾ കൃപാപൂർണവുമാണ്. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, ഹ്യദയപരമാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവു സമീപസ്ഥനാണ്.
തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് കർത്താവ് സമീപസ്ഥനാണ്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ നിന്ന്
(എനിക്ക് ജീവിതം ക്രിസ്തുവാകുന്നു)
ജീവിതം സഹോദരരേ, ക്രിസ്തു എന്റെ ശരീരത്തിൽ വഴിയോ മരണംവഴിയോ മഹത്ത്വപ്പെടണമെന്ന് എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാൻ ജീവിക്കുകയാണെങ്കിൽ, ഫലപ്രദമായി ജോലിചെയ്യാൻ സാധിക്കും. എങ്കിലും, ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു. എങ്കിലും, എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതൽ ശ്രേഷ്ഠം. പക്ഷേ, ഞാൻ ശരീരത്തിൽ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതൽ ആവശ്യമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായരീതിയിൽ നിങ്ങൾ ജീവിക്കണമെന്നുമാത്രം.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (cfr. Acts 16:14b) കർത്താവേ, അവങ്ങ പുത്രൻ്റെ വചനം ഗ്രഹിക്കുന്നതിന് ഞങ്ങളുടെ ഹൃദയം തുറക്കണമേ. അവല്ല് ലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യരോട് ഒരു ഉപമ അരുൾ ചെയ്തു: സ്വർഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്ക് ജോലിക്കാരെ വിളിക്കാൻ അതിരാവിലേ പുറപ്പെട്ട വീട്ടുടമസ്ഥനു സദ്യശം. ദിവസം ഒരു ദനാറവീതം വേതനം നല്കാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്തസ്ഥലത്ത് അലസരായി നില്ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവൻ ഇതുപോലെതന്നെചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലർ നില്ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നില്ക്കുന്നതെന്ത്? ‘ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട്’ എന്ന് അവർ മറുപടി നല്കി. അവൻ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ. വൈകുന്നേരമായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ കാര്യസ്ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച് അവസാനം വന്നവർക്കു തുടങ്ങി ആദ്യം വന്നവർക്കുവരെ കൂലി കൊടുക്കുക. പതിനൊന്നാംമണിക്കൂറിൽ വന്നവർക്ക് ഓരോദനാറ ലഭിച്ചു. തങ്ങൾക്കു കൂടുതൽ ലഭിക്കുമെന്ന് ആദ്യം വന്നവർ വിചാരിച്ചു. എന്നാൽ, അവർക്കും ഓരോ ദനാറ തന്നെ കിട്ടി. അതു വാങ്ങുമ്പോൾ അവർ വീട്ടുടമസ്ഥനെതിരേ പിറുപിറുത്തു; അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളു. എന്നിട്ടും പകലിന്റെ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. അവൻ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്നേഹിതാ, ഞാൻ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങിക്കൊണ്ടു പൊയ്ക്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകൾകൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു? ഇപ്രകാരം, പിമ്പൻമാർ മുമ്പൻമാരും മുമ്പൻമാർ പിമ്പൻ മാരുമാകും.



