നവംബർ 04 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിൻ. എന്തെന്നാൽ, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവർത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നത് ദൈവമാണ്)
എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ എപ്പോഴും അനുസരണത്തോടെ വർത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, ഞാൻ അകന്നിരിക്കുന്ന ഈ സമയത്തും പൂർവാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിൻ. എന്തെന്നാൽ, തന്റെ അഭീഷ് ടമനുസരിച്ച് ഇച്ഛിക്കാനും പ്രവർത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്. എല്ലാ കാര്യങ്ങളും മുറുമുറുപ്പും തർക്കവുംകൂടാതെ ചെയ്യുവിൻ. അങ്ങനെ, നിങ്ങൾ നിർദോഷരും നിഷ്കളങ്കരുമായിത്തീർന്ന്, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയിൽ കുറ്റമറ്റ ദൈവമക്കളാവട്ടെ; അവരുടെ മധ്യേ ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ. നിങ്ങൾ ജീവൻെറ വചനം മുറുകെപ്പിടിക്കുവിൻ. അപ്പോൾ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ലെന്ന് ക്രിസ്തുവിൻെറ ദിനത്തിൽ എനിക്കഭിമാനിക്കാം. നിങ്ങളുടെ ബലിയുടെയും വിശ്വാസത്തിൽനിന്നുള്ള ശുശ്രൂഷയുടെയുംമേൽ ഒരു നൈവേദ്യമായി എൻ്റെ ജീവൻ ചൊരിയേണ്ടിവന്നാൽത്തന്നെയും ഞാൻ അതിൽ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടുംകൂടെ ആനന്ദിക്കുകയും ചെയ്യും. ഇപ്രകാരംതന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും എൻ്റെ ആനന്ദത്തിൽ പങ്കുകൊള്ളുകയും ചെയ്യുവിൻ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻ്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിൻ്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടത്തെ ആലയത്തിൽ വസിക്കാൻതന്നെ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ, കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
അല്ലേലൂയാ!
അല്ലേലൂയാ! (1 പത്രോ 4:14). ക്രിസ്തുവിൻ്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാൻമാർ. എന്തെന്നാൽ ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല)
അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങൾ യേശുവിൻ്റെ അടുത്തു വന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരൻമാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലേ വരുന്നവന് എൻ്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾ, അതു പൂർത്തിയാക്കാൻവേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യംതന്നെ കണക്കുകൂട്ടി നോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ, കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ഇരുപതിനായിരം ഭടൻമാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരംകൊണ്ടു നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുമ്പോൾത്തന്നെ ദൂതൻമാരെ അയച്ച്, സമാധാനത്തിന് അപേക്ഷിക്കും. ഇതുപോലെ, തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.




