സ്വന്തം ലേഖകൻ
കുരിശുമല: പതിനെട്ടു വർഷത്തെ ദീർഘമായ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം കുരിശുമല വിശുദ്ധ പത്താം പീയൂസ് പള്ളിയുടെ ആശീർവാദകർമം 2026 നവംബർ 1-ന് നടക്കും. രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവിന്റെയും അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെയും സാന്നിധ്യത്തിലാണ് ആശിർവാദനകർമ്മം നടക്കുന്നത്.
ആശിർവാദത്തെ തുടർന്ന് നവംബർ 2 മുതൽ 8 വരെ ഇടവക തിരുനാളും 8 ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടത്തപ്പെടുന്നു. വിശ്വാസസമൂഹത്തിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്ന ഈ അനുഗ്രഹീത നിമിഷം ഇടവകയിലെ ഓരോ വിശ്വാസിക്കും അതിരറ്റ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും മുഹൂർത്തമാണ്.
പള്ളിയുടെ നിർമ്മാണയാത്ര അനേകം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നെങ്കിലും, ഇടവക വികാരി ഫാ. അരുൺ കുമാർ S. L. ന്റെ നേതൃത്വത്തിൽ, വിശ്വാസത്തിലും പ്രത്യാശയിലും ഉറച്ചുനിന്ന ഇടവകസമൂഹം ഒരുമയോടെ മുന്നോട്ടുപോയി. ഇടവക ജനത്തെ ഒരുമിച്ച് നിർത്തുകയും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ധനം കണ്ടെത്തുകയും ചെയ്തു കൊണ്ട്, നല്ലയിടയനെപ്പോലെ അച്ചൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പുതിയ പള്ളി എന്ന ദീർഘ കാല സ്വപ്നം സ്വപ്നം, അച്ചൻ വഴി പൂർത്തിയാകുവാൻ പോകുന്നു.
ഈ യാത്രയിൽ ഇടവക അജപാലന സമിതിയുടെയും, നിർമ്മാണ കമ്മിറ്റിയുടെയും ത്യാഗജ്വലമായ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. സ്വന്തം സമയവും സൗകര്യങ്ങളും മാറ്റിവെച്ച്, വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾക്കിടയിലും പള്ളിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച നിരവധി പേരുടെ അധ്വാനം ഈ ചരിത്രത്തിന്റെ ഭാഗമാണ്.
പ്രാർത്ഥനകളിലൂടെയും അധ്വാനത്തിലൂടെയും സാമ്പത്തികസഹായങ്ങളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും നിരവധി വ്യക്തികൾ ഈ സ്വപ്നസാക്ഷാത്കാരത്തിനായി തങ്ങളുടേതായ സംഭാവനകൾ നൽകി. ഓരോരുത്തരുടെയും നിസ്വാർഥമായ സേവനവും സഹകരണവും ഈ പള്ളിയുടെ പൂർത്തീകരണയാത്രയിൽ വിലമതിക്കാനാവാത്തതാണ്.
പള്ളി നിർമാണത്തിനാവശ്യമായ സാമ്പത്തികസഹായം കണ്ടെത്തുന്നതിനായി ഇടവക വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പായസം ഫെസ്റ്റ്, അച്ചാർ വിൽപ്പന, ലേലങ്ങൾ, നറുക്കെടുപ്പുകൾ, ആക്രി ശേഖരണവും വിൽപ്പനയും, തീർഥാടനകാലത്തെ സ്റ്റാളുകൾ, വാഹന പാർക്കിംഗ് തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ ഇടവകസമൂഹം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനം സമാഹരിച്ചു.
ഈ അനുഗ്രഹീത നിമിഷത്തിൽ, ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പം നിലകൊള്ളുകയും പ്രോത്സാഹനവും സഹായവും പിന്തുണയും നൽകുകയും ചെയ്ത എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. ആത്മീയനേതൃത്വം നൽകിയ വൈദികരോടും ഇടവകയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചവരോടും നിർമാണപ്രവർത്തനങ്ങളിൽ പങ്കാളികളായവരോടും സാമ്പത്തികമായും പ്രാർഥനാപൂർവമായും സഹായിച്ച എല്ലാ സുമനസ്സുകളോടും ഞങ്ങൾ പ്രത്യേകം നന്ദിയുള്ളവരാണ്.
പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉയർന്നുനിൽക്കുന്ന ഈ പുതിയ പള്ളി കല്ലുകളും സിമന്റുംകൊണ്ടു പണിത ഒരു കെട്ടിടം മാത്രമല്ല; മറിച്ച്, ഒരു ജനതയുടെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ്. വരുംതലമുറകൾക്ക് വിശ്വാസത്തിൽ വളരാനും ദൈവസ്നേഹത്തിൽ ഒന്നുചേരാനും ഈ പള്ളി അനുഗ്രഹീതമായ ഇടമായി മാറട്ടെ.
ദൈവത്തിന്റെ അളവറ്റ കൃപയ്ക്കും ഈ സ്വപ്നസാക്ഷാത്കാരത്തിൽ പങ്കാളികളായ ഓരോ വ്യക്തിക്കും നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ട്, 2026 നവംബർ 1-ലെ ഈ ചരിത്രദിനത്തെ അതിയായ സന്തോഷത്തോടെയും ഹൃദയനിറഞ്ഞ കൃതജ്ഞതയോടെയും കുരിശുമല ഇടവക ഒന്നടങ്കം വരവേൽക്കുന്നു.




