ജൂൺ 05 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും.)
വാത്സല്യമുള്ളവനേ, ഞാൻ പഠിപ്പിച്ച സത്യങ്ങളും എൻെറ ജീവിതരീതിയും ലക്ഷ്ഷ്യവും വിശ്വാസവും ക്ഷമയും സ്നേഹവും സ്ഥൈര്യവും നീ അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഞാൻ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്റ്റായിലും എനിക്കു സഹിക്കേണ്ടിവന്ന മർദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു . യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം, ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും. എന്നാൽ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങൾ ആരിൽനിന്നാണു പഠിച്ചതെന്നോർത്ത് അവയിൽ സ്ഥിരമായിനില്ക്കുക. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.
കർത്താവിൻ്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും.
എന്നെ ഉപദ്രവിക്കുന്നവരും എന്റെ ശത്രുക്കളും വളരെയാണ്; എങ്കിലും, ഞാൻ അങ്ങയുടെ കല്പനകൾ വിട്ടുമാറുന്നില്ല. അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യം തന്നെയാണ്; അങ്ങയുടെ നിയമങ്ങൾ നീതിയുക്തമാണ്; അവ എന്നേല്ക്കും നിലനില്ക്കുന്നു.
കർത്താവേ, അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും.
രാജാക്കൻമാർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു; എങ്കിലും, എന്റെ ഹൃദയം അങ്ങയുടെ വചനത്തിൻ്റെ മുൻപിൽ ഭയഭക്തികളോടെ നില്ക്കുന്നു. അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും; അവർക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല.
കർത്താവേ, അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും.
കർത്താവേ, ഞാൻ അങ്ങയുടെ രക്ഷയിൽ പ്രത്യാശവയ്ക്കുന്നു; അങ്ങയുടെ പ്രമാണങ്ങൾ അനുസരിച്ചു ഞാൻ പ്രവർത്തിക്കുന്നു. അങ്ങയുടെ പ്രമാണങ്ങളും കല്പനകളും ഞാൻ പാലിക്കുന്നു; എന്റെ വഴികൾ അങ്ങയുടെ കൺമുൻപിലുണ്ടല്ലോ.
കർത്താവേ, അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 14:23). കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെയടു ത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും – അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ക്രിസ്തു ദാവീദിൻ്റെ പുത്രനാണെന്ന് എങ്ങനെ പറയാൻ കഴിയും?)
അക്കാലത്ത്, ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യേശു ചോദിച്ചു: ക്രിസ്തു, ദാവീദിന്റെ പുത്രനാണെന്ന് നിയമജ്ഞർ പറയുന്നതെങ്ങനെ? പരിശുദ്ധാത്മാവാൽ പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്. കർത്താവ് എന്റെ കർത്താവിനോട് അരുൾ ചെയ്തു. ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക. ദാവീദുതന്നെ അവനെ കർത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവൻ അവന്റെ പുത്രനാകുന്നത്? ജനക്കൂട്ടം സന്തോഷപൂർവം അവന്റെ വാക്കുകൾ ശ്രവിച്ചു.




