ഒക്ടോബർ 20 ചൊവ്വ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവൻ നമ്മുടെ സമാധാനമാണ്; ഇരുകൂട്ടരെയും അവൻ ഒന്നിപ്പിച്ചു)
സഹോദരരേ, ഒരിക്കൽ നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽസമൂഹത്തിൽനിന്ന് അകറ്റപ്പെട്ടവരും ഉടമ്പടിയുടെ വാഗ്ദാനത്തിന് അപരിചിതരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവവിശ്വാസമില്ലാത്തവരുമായിരുന്നു എന്ന കാര്യം അനുസ്മരിക്കുക. എന്നാൽ, ഒരിക്കൽ വിദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ യേശുക്രിസ്തുവിൽ അവന്റെ രക്തം വഴി സമീപസ്ഥരായിരിക്കുന്നു.
കാരണം, അവൻ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ തകർക്കുകയും ചെയ്തു. കല്പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവൻ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്ടിച്ചുകൊണ്ടു സമാധാനം സംസ്ഥാപിക്കാനും കുരിശുവഴി ഒരേ ശരീരത്തിൽ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവൻ ഇങ്ങനെ ചെയ്തത്. വിദൂരസ്ഥരായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന ഞങ്ങളോടും അവൻ സമാധാനം പ്രസംഗിച്ചു. അതിനാൽ, അവനിലൂടെ ഒരേ ആത്മാവിൽ ഇരുകൂട്ടർക്കും പിതാവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ സാധിക്കുന്നു. ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലൻമാരും പ്രവാചകൻമാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു. കർത്താവിൽ പരിശുദ്ധമായ ആലയമായി അതു വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിൽ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് തന്റെ ജനത്തിന് സമാധാനമരുളും
കർത്താവായ ദൈവം അരുൾചെയ്യുന്നതു ഞാൻ കേൾക്കും, അവിടന്നു തന്റെ ജനത്തിനു സമാധാനമരുളും; അവിടത്തെ ഭയപ്പെടുന്നവർക്കു രക്ഷ സമീപസ്ഥമാണ്; മഹത്ത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
കർത്താവ് തന്റെ ജനത്തിന് സമാധാനമരുളും
കാരുണ്യവും വിശ്വസ്തതയും തമ്മിൽ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയിൽ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാ ക്ഷിക്കും.
കർത്താവ് തന്റെ ജനത്തിന് സമാധാനമരുളും
കർത്താവു നൻമ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്കും. നീതി അവിടത്തെ മുൻപിൽ നടന്ന് അവിടത്തേക്കു വഴിയൊരുക്കും.
കർത്താവ് തന്റെ ജനത്തിന് സമാധാനമരുളും
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 21:36). മനുഷ്യപുത്രൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കുവിൻ – അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യൻമാർ ഭാഗ്യവാൻമാർ)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങൾ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിൻ. തങ്ങളുടെ യജമാനൻ കല്യാണവിരുന്നു കഴിഞ്ഞ് മടങ്ങിവന്നു മുട്ടുന്ന ഉടനേ തുറന്നു കൊടുക്കാൻ അവൻ്റെ വരവും കാത്തിരിക്കുന്ന വരെപ്പോലെ ആയിരിക്കുവിൻ, യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നവരായിക്കാണുന്ന ഭൃത്യൻമാർ ഭാഗ്യവാൻമാർ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവൻ അരമുറുക്കി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുചെന്ന് അവരെ പരിചരിക്കുകയും ചെയ്യും. അവൻ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായിക്കണ്ടാൽ ആ ഭ്യത്യൻമാർ ഭാഗ്യവാൻമാർ.




