ഒക്ടോബർ 06 ചൊവ്വ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവിടത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയിൽ പ്രസംഗിക്കാൻ അവനെ എനിക്കു വെളിപ്പെടുത്തി)
സഹോദരരേ, മുമ്പ് യഹൂദമതത്തിൽ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉൻമുലനം ചെയ്യാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്റെ വംശത്തിൽപ്പെട്ട സമപ്രായക്കാരായ അനേകരെക്കാൾ യഹൂദമത കാര്യങ്ങളിൽ ഞാൻ മുൻപന്തിയിലായിരുന്നു; എൻ്റെ പിതാക്കൻമാരുടെ പാരമ്പര്യങ്ങളിൽ അത്യധികം തീക്ഷ്ണമതിയുമായിരുന്നു. എന്നാൽ, ഞാൻ മാതാവിൻ്റെ ഉദരത്തിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം എന്നെ പ്രത്യേകം തിരഞ്ഞെടുത്തു; തന്റെ കൃപയാൽ അവിടന്ന് എന്നെ വിളിച്ചു. അത് അവിടുത്തെ പുത്രനെപ്പറ്റി വിജാതീയരുടെയിടയിൽ പ്രസംഗിക്കാൻ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാൻ ഒരു മനുഷ്യന്റെയും ഉപദേശം തേടാൻ നിന്നില്ല. എനിക്കുമുമ്പേഅപ്പസ്തോലൻമാരായവരെ കാണാൻ ഞാൻ ജറുസലേമിലേക്കു പോയതുമില്ല. മറിച്ച്, ഞാൻ അറേബ്യായിലേക്കു പോവുകയും ദമാസ്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.
മൂന്നുവർഷത്തിനുശേഷം കേപ്പായെ കാണാൻ ഞാൻ ജറുസലേമിലേക്കുപോയി. അവനോടൊത്തു പതിനഞ്ചുദിവസം താമസിക്കുകയും ചെയ്തു. കർത്താവിന്റെ സഹോദരനായ യാക്കോബിനെയല്ലാതെ അപ്പസ്തോലൻമാരിൽ മറ്റാരെയും ഞാൻ കണ്ടില്ല. ഞാൻ നിങ്ങൾക്കെഴുതുന്ന ഇക്കാര്യങ്ങൾ വ്യാജമല്ല എന്നതിനു ദൈവം സാക്ഷി!
തുടർന്ന് ഞാൻ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി. യൂദയായിലുള്ള, ക്രിസ്തുവിന്റെ സഭകൾ അപ്പോഴും എന്നെ നേരിട്ട് അറിഞ്ഞിരുന്നില്ല. ഒരിക്കൽ നമ്മെ പീഡിപ്പിച്ചിരുന്നവൻ താൻ ഉൻമൂലനം ചെയ്യാൻ ശ്രമിച്ച വിശ്വാസം ഇപ്പോൾ പ്രസംഗിക്കുന്നു എന്നുമാത്രം അവർ കേട്ടിരുന്നു. എന്നെപ്രതി അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
കർത്താവേ, അവിടന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ വിചാരങ്ങൾ അവിടന്ന് അകലെനിന്നു മനസ് സിലാക്കുന്നു. എൻ്റെ നടപ്പും കിടപ്പും അങ്ങു പരിശോധിച്ചറിയുന്നു; എൻെറ മാർഗങ്ങൾ അങ്ങേക്കു നന്നായറിയാം.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
അവിടന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്കിയത്; എന്റെ അമ്മയുടെ ഉദരത്തിൽ അവിടന്ന് എന്നെ മെനഞ്ഞു. ഞാൻ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാൽ, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
അവിടത്തെ സൃഷ്ടികൾ അദ്ഭുതകരമാണ്. എനിക്കതു നന്നായി അറിയാം. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽവച്ചു സൂക്ഷ്മതയോടെ സൃഷ് ടിക്കപ്പെടുകയും ചെയ്തപ്പോൾ, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
കർത്താവേ, ശാശ്വതമാർഗത്തിലൂടെ എന്നെ നയിക്കണമേ!
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 11:28). ദൈവവചനം കേട്ട് അതു പാലി ക്കുന്നവർ ഭാഗ്യവാൻമാർ. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മർത്താ സ്വഭവനത്തിൽ യേശുവിനെ സ്വീകരിച്ചു;മറിയം നല്ലഭാഗം തിരഞ്ഞെടുത്തു)
അക്കാലത്ത്, യാത്രാമധ്യേ യേശു ഒരു ഗ്രാമത്തിൽ പ്രവേശിച്ചു. മർത്താ എന്നുപേരുള്ള ഒരുവൾ അവനെ സ്വഭവനത്തിൽ സ്വീകരിച്ചു. അവൾക്ക് മറിയം എന്നു പേരുള്ള ഒരു സഹോദരിയുണ്ടായിരുന്നു. അവൾ കർത്താവിൻെറ വചനങ്ങൾ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കൽ ഇരുന്നു. മർത്തായാകട്ടെ, പലവിധ ശുശ്രൂഷകളിൽ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവൾ അവന്റെ അടുത്തുചെന്നു പറഞ്ഞു: കർത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാൻ അവളോടു പറയുക. കർത്താവ് അവളോടു പറഞ്ഞു: മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല.




