നവംബർ 06 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവൻ നമ്മുടെ ദുർബലശരീരം തൻ്റെ മഹത്ത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും)
സഹോദരരേ, നിങ്ങൾ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിൻ. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിൻ. എന്നാൽ, പലരും ക്രിസ്‌തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാൻ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോൾ കണ്ണീരോടെ ആവർത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്‌ജാകരമായതിൽ അവർ അഭിമാനംകൊള്ളുന്നു. ഭൗമികമായതുമാത്രം അവർ ചിന്തിക്കുന്നു.
എന്നാൽ, നമ്മുടെ പൗരത്വം സ്വർഗത്തിലാണ്; അവിടെ നിന്ന് ഒരു രക്ഷകനെ, കർത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്പ്‌പെടുത്താൻ കഴിയുന്ന ശക്തിവഴി അവൻ നമ്മുടെ ദുർബലശരീരം തന്റെ മഹത്ത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും. ആകയാൽ പ്രിയപ്പെട്ടവരേ, ഞാൻ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോഷവും കിരീടവുമായ വത്‌സലസഹോദരരേ, നിങ്ങൾ കർത്താവിൽ ഉറച്ചുനില്ക്കുവിൻ.
കർത്താവിന്റെ വചനം.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലേമേ, ഇതാ ഞങ്ങൾ നിൻ്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
നന്നായി പണിതിണക്കിയ നഗരമാണു ജറുസലേം. അതിലേക്കു ഗോത്രങ്ങൾ വരുന്നു, കർത്താവിൻെറ ഗോത്രങ്ങൾ.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
ഇസ്രായേലിനോടു കല്‌പിച്ചതുപോലെ, കർത്താവിൻ്റെ നാമത്തിനു കൃതജ്‌ഞതയർപ്പിക്കാൻ അവർ വരുന്നു. അവിടെ ന്യായാസനങ്ങൾ ഒരുക്കിയിരുന്നു; ദാവീദ്ഭവനത്തിന്റെ ന്യായാസനങ്ങൾ,
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
അല്ലേലൂയാ!
അല്ലേലൂയാ! (1 യോഹ 2:5). ക്രിസ്‌തുവിൻ്റെ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണത പ്രാപിച്ചിരിക്കുന്നു. അല്ലേലൂയാ
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്)
അക്കാലത്ത്, യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അവൻ സ്വത്ത് ദുർവ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനൻ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാൻ കേൾക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥഥതയുടെ കണക്കു ബോധിപ്പിക്കുക. മേലിൽ നീ കാര്യസ്ഥനായിരിക്കാൻ പാടില്ല. ആ കാര്യസ്‌ഥൻ ആത്മഗതം ചെയ്തു: യജമാനൻ കാര്യസ്‌ഥത എന്നിൽനിന്ന് എടുത്തു കളയുന്നതിനാൽ ഞാൻ ഇനി എന്തുചെയ്യും? കിളയ്ക്കാൻ എനിക്കു ശക്തിയില്ല. ഭിക്‌ഷയാചിക്കാൻ ലജ്‌ജ തോന്നുന്നു. എന്നാൽ, യജമാനൻ കാര്യസ്‌ഥത എന്നിൽനിന്ന് എടുത്തുകളയുമ്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം. യജമാനനിൽനിന്നു കടം വാങ്ങിയവർ ഓരോരുത്തരെ അവൻ വിളിച്ചു. ഒന്നാമനോട് അവൻ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവൻ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവൻ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം; എടുത്ത് അമ്പതു ബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവൻ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവൻ പറഞ്ഞു: നൂറു കോർ ഗോതമ്പ്. അവൻപറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എൺപതുകോർ എന്നു തിരുത്തിയെഴുതുക. കൗശലപൂർവം പ്രവർത്തിച്ചതിനാൽ നീതിരഹിതനായ കാര്യസ്‌ഥനെ യജമാനൻ പ്രശംസിച്ചു. എന്തെന്നാൽ, ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിൻെറ മക്കളെക്കാൾ ബുദ്ധിശാലികളാണ്.




