നവംബർ 05 വ്യാഴം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(എനിക്കു ലാഭമായിരുന്നവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി)
സഹോദരരേ, നമ്മളാണ് യഥാർഥ പരിച്ഛേദിതർ ദൈവത്തെ ആത്മാവിൽ ആരാധിക്കുകയും യേശുക്രിസ്തുവിൽ അഭിമാനം കൊള്ളുകയും ജഡത്തിൽ ശരണംവയ്ക്കാതിരിക്കുകയും ചെയ്യുന്ന നമ്മൾ. എന്നാൽ, എനിക്കു ശരീരത്തിലും പ്രത്യാശവയ്ക്കാൻ കഴിയും. ശരീരത്തിൽ പ്രത്യാശയുണ്ട് എന്നു വിചാരിക്കുന്ന ആരെയുംകാൾ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്. കാരണം, എട്ടാംദിവസം പരിച്ഛേദനം ചെയ്യപ്പെട്ടവനാണു ഞാൻ; ഇസ്രായേൽവംശത്തിലും ബെഞ്ചമിൻഗോത്രത്തിലും പിറന്നവൻ; ഹെബ്രായരിൽനിന്നു ജനിച്ച ഹെബ്രായൻ; നിയമപ്രകാരം ഫരിസേയൻ. തീക്ഷ്ണതകൊണ്ട് സഭയെ പീഡിപ്പിച്ചവൻ; നീതിയുടെ കാര്യത്തിൽ നിയമത്തിന്റെ മുമ്പിൽ കുറ്റമില്ലാത്തവൻ. എന്നാൽ, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി. ഇവ മാത്രമല്ല, എൻെറ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ (അല്ലെങ്കിൽ : അല്ലേലൂയാ!)
അവിടത്തേക്കു ഗാനമാലപിക്കുവിൻ; സ്തുതിഗീതങ്ങൾ ആലപിക്കുവിൻ; അവിടത്തെ അദ്ഭുതങ്ങൾ വർണിക്കുവിൻ. അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ!
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ
കർത്താവിനെയും അവിടത്തെ ബലത്തെയും അന്വേഷിക്കുവിൻ; നിരന്തരം അവിടത്തെ സാന്നിധ്യം തേടുവിൻ. അവിടന്നുചെയ്ത വിസ്മമയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ; അവിടത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ
അവിടത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ, അവിടത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓർമിക്കുവിൻ. അവിടന്നാണു നമ്മുടെ ദൈവമായ കർത്താവ്; അവിടത്തെ ന്യായവിധികൾ ഭൂമിക്കു മുഴുവൻ ബാധകമാകുന്നു.
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ 11:28). കർത്താവ് അരുൾചെയ്യുന്നു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അനുതപിക്കുന്ന പാപിയെക്കുറിച്ച് സ്വർഗത്തിൽ സന്തോഷമുണ്ടാകും)
അക്കാലത്ത്, ചുങ്കക്കാരും പാപികളുമെല്ലാം യേശുവിന്റെ വാക്കുകൾ കേൾക്കാൻ അടുത്തുവന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു: ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അവൻ അവരോട് ഈ ഉപമ പറഞ്ഞു: നിങ്ങളിലാരാണ്, തനിക്കു നൂറ് ആടുകൾ ഉണ്ടായിരിക്കേ, അവയിൽ ഒന്നു നഷ്പ്പെട്ടാൽ തൊണ്ണൂറ്റൊൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്? കണ്ടുകിട്ടുമ്പോൾ സന്തോഷിച്ച് അതിനെ തോളിലേറ്റുന്നു. വീട്ടിൽ എത്തുമ്പോൾ അവൻ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചു കൂട്ടിപ്പറയും: നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു. അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊൻപതു നീതിമാൻമാരെക്കുറിച്ച് എന്നതിനെക്കാൾ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.
ഏതു സ്ത്രീയാണ്, തനിക്ക് പത്തു നാണയം ഉണ്ടായിരിക്കേ, അതിൽ ഒന്നു നഷ്ടപ്പെട്ടാൽ വിളക്കുകൊളുത്തി വീട് അടിച്ചു വാരി, അത് കണ്ടുകിട്ടുവോളം ഉത്സാഹത്തോടെ അന്വേഷിക്കാത്തത്? കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരെയും അയൽവാസികളെയും വിളിച്ചുകൂട്ടിപ്പറയും: എന്നോടുകൂടെ സന്തോഷിക്കുവിൻ. എന്റെ നഷ്ട്ടപ്പെട്ട നാണയം വീണ്ടുകിട്ടിയിരിക്കുന്നു. അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതൻമാരുടെ മുമ്പിൽ സന്തോഷമുണ്ടാകും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.




