Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : ബുധൻ നവംബർ – 12 വചന വായന

ഒന്നാം വായന

ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (6 : 2 – 12)

(ഏകാധിപതികളേ, നിങ്ങളോടാണ് ഞാൻ പറയുന്നത്. ജ്ഞാനം അഭ്യസിക്കുവിൻ)

അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെ മേലുള്ള ആധിപത്യത്തിൽ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിൻ. നിങ്ങളുടെ സാമ്രാജ്യം കർത്താവിൽനിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനിൽനിന്നാണ്. അവിടന്ന് നിങ്ങളുടെ പ്രവൃത്തികൾ പരിശോധിക്കും; ഉദ്ദേശ്യങ്ങൾ വിചാരണ ചെയ്യും. അവിടത്തെ രാജ്യത്തിന്റെ സേവകൻമാർ എന്ന നിലയ്ക്ക് നിങ്ങൾ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ അവിടത്തെ ലക്ഷ്യത്തിനൊത്ത് ചരിക്കുകയോ ചെയ്തില്ല. അതിനാൽ, അവിടന്ന് നിങ്ങളുടെ നേരേ അതിവേഗം അത്യുഗ്രനായി വരും. ഉന്നതസ്‌ഥാനം വഹിക്കുന്നവർക്ക് കഠിനശിക്ഷയുണ്ടാകും. എളിയവനു കൃപയാൽ മാപ്പുലഭിക്കും; പ്രബലർ കഠിനമായി പരീക്‌ഷിക്കപ്പെടും. സകലത്തിന്റെയും കർത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയവനെ മാനിക്കുന്നില്ല. അവിടന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്ടിച്ചത്. അവിടന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. കർശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു. ഏകാധിപതികളേ, നിങ്ങളോടാണ് ഞാൻ പറയുന്നത്: ജ്‌ഞാനം അഭ്യസിക്കുവിൻ, വഴിതെറ്റിപ്പോകരുത്. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവർ രക്‌ഷ കണ്ടത്തും. എന്റെ വചനങ്ങളിൽ അഭിലാഷമർപ്പിക്കുവിൻ, അവയോടു തീവ്രാഭിനിവേശം കാണിക്കുവിൻ, നിങ്ങൾക്കു ജ്ഞാനം ലഭിക്കും. തേജസ്‌സുറ്റതാണ് ജ്ഞാനം; അതു മങ്ങി പ്പോവുകയില്ല. ജ്‌ഞാനത്തെ സ്നേഹിക്കുന്നവർ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവർ കണ്ടെത്തുന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (82 : 3-4, 6-7)

ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

ദുർബലർക്കും അനാഥർക്കും നീതിപാലിച്ചു കൊടുക്കുവിൻ;
പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിൻ.
ദുർബലരെയും പാവപ്പെട്ടവരെയും രക്ഷി ക്കുവിൻ;
ദുഷ്ടരുടെ കെണികളിൽനിന്ന് അവരെ മോചിപ്പി ക്കുവിൻ.

ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

ഭൂമിയുടെ അടിസ്‌ഥാനങ്ങൾ ഇളകിയിരിക്കുന്നു. ഞാൻ പറയുന്നു, നിങ്ങൾ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്. എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; ഏതു പ്രഭുവിനെയും പോലെ വീണുപോകും.

ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (1 തെസ്സ 5:18).

അല്ലേലൂയാ!
അല്ലേലൂയാ! എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്‌തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17: 11-19)

(ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?)

അക്കാലത്ത്, ജറൂസലേമിലേക്കുള്ള യാത്രയിൽ യേശു സമരിയായ്ക്കും ഗലീലിക്കും മധ്യേ കടന്നുപോവുകയായിരുന്നു. അവൻ ഒരു ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികൾ അവനെക്കണ്ടു. അവർ സ്വരമുയർത്തി യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ എന്ന് അപേക്ഷിച്ചു. അവരെക്കണ്ടപ്പോൾ അവൻ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതൻമാർക്കു കാണിച്ചുകൊടുക്കുവിൻ. പോകുംവഴി അവർ സുഖംപ്രാപിച്ചു. അവരിൽ ഒരുവൻ, താൻ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തിൽ ദൈവത്തെ സ്തു‌തിച്ചുകൊണ്ടു തിരിച്ചുവന്നു. അവൻ യേശുവിന്റെ കാല്ക്കൽ സാഷ്ടാംഗം പ്രണമിച്ചു നന്ദിപറഞ്ഞു. അവൻ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒൻപതു പേർ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചു വന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊ ള്ളുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.