Word of God

ആണ്ടുവട്ടം മുപ്പത്തിനാലാം വാരം : തിങ്കൾ നവംബർ – 24 വചന വായന

ഒന്നാം വായന

ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (1: 1-6, 8–20)

(ദാനിയേൽ. അനനിയാസ്, മിസായേൽ, അസേറിയാസ് എന്നിവർക്കു തുല്യരായി ആരുമുണ്ടായിരുന്നില്ല)

യൂദാരാജാവായ യഹോയാക്കിമിന്റെ മൂന്നാം ഭരണവർഷം ബാബിലോൺരാജാവായ നബുക്കദ്‌നേസർ ജറുസലേമിനെതിരേ വന്ന് അതിനെ ആക്രമിച്ചു. കർത്താവ് യൂദാരാജാവായ യഹോയാക്കിമിനെ അവന് ഏല്‌പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളിൽ ചിലതും അവിടന്ന് അവനു നല്‌കി. നബുക്കദ്നേസർ അവനെ പാത്രങ്ങളോടൊപ്പം ഷീനാർദേശത്ത് തന്റെ ദേവന്റെ ക്‌ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങൾ ദേവൻന്റെ ഭൺഡാരത്തിൽ സുക്‌ഷിച്ചു. ഷൺഡൻമാരുടെ നായ കനായ അഷ്പേനാസിനോടു രാജാവ് കല്‌പിച്ചു: രാജകുലത്തിലും പ്രഭുവർഗത്തിലും ജനിച്ച കുറെ ഇസ്രായേല്ക്കാരെ കൊണ്ടുവരുക. അവർ കുറ്റമറ്റവരും സുമുഖരും വൈദഗ്‌ധ്യമുള്ളവരും വിജ്ഞാനമാർജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തിൽ സേവനം ചെയ്യാൻ കഴിവുള്ളവരുമായ യുവാക്കളായിരിക്കണം. കല്ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം. വിഭവസമൃദ്ധമായ രാജകീയഭക്‌ഷണത്തിന്റെയും രാജാവ് കുടിച്ചിരുന്നവീഞ്ഞിന്റെയും ഓഹരി ദിവസേന അവർക്കു കൊടുക്കുന്നതിനും രാജാവ് നിർദേശിച്ചു. അപ്രകാരം മൂന്നുവർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കേണ്ടി യിരുന്നു.

ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ യൂദാഗോത്രത്തിൽപ്പെട്ട ദാനിയേൽ, ഹനനിയാ, മിഷായേൽ, അസറിയാ എന്നിവർ ഉണ്ടായിരുന്നു. എന്നാൽ, രാജാവിൻ്റെ വിഭവസമൃദ്ധമായ ഭക്ഷണംകൊണ്ടോ അവൻ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ, മലിനനാകാതിരിക്കാൻ തന്നെ അനുവദിക്കണമെന്ന് അവൻ ഷൺഡൻമാരുടെ നായകനോട് അഭ്യർഥിച്ചു. ദാനിയേലിനോട് അവനു പ്രീതിയും അനുകമ്പയും തോന്നാൻ ദൈവം ഇടയാക്കി. അവൻ ദാനിയേലിനോടു പറഞ്ഞു: നിന്റെ പ്രായത്തിലുള്ള മറ്റു യുവാക്കൻമാരെക്കാൾ നീ ക്‌ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്‌ഷണപാനീയങ്ങൾ തരാൻ നിയോഗിച്ച എന്റെ രാജാവ് കണ്ടേക്കുമെന്നു ഞാൻ ഭയപ്പെടുന്നു. അങ്ങനെയായാൽ, രാജസമക്‌ഷം എന്റെ ജീവൻ നീ അപകടത്തിലാക്കും. തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാന ഷൺഡൻ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട് ദാനിയേൽ പറഞ്ഞു: നിന്റെ ഈ ദാസൻമാരെ പത്തു ദിവസത്തേക്കു പരീക്‌ഷിച്ചുനോക്കു; ഞങ്ങൾക്കു സസ്യഭക്ഷ്ണവും ജലവും മാത്രം തരുക. അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണം കഴിക്കുന്ന യുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച് നിൻ്റെ ദാസൻമാരോടു വർത്തിച്ചാലും. അവരുടെ വാക്കുകേട്ട് അവൻ അവരെ പത്തുദിവസത്തേക്കു പരീക്‌ഷിച്ചു. പത്തുദിവസങ്ങൾക്കുശേഷം അവർ രാജകീയ ഭക്ഷണം കഴിച്ചിരുന്ന യുവാക്കളെക്കാൾ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു. അതുകൊണ്ട്, വിചാരിപ്പുകാരൻ അവരുടെ വിഭവസമൃദ്ധമായ ഭക്‌ഷണത്തിനും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവർക്കു സസ്യഭക്ഷണം നല്‌കി. ദൈവം ഈ നാലു യുവാക്കൾക്ക് എല്ലാ വിദ്യകളിലും വിജ്‌ഞാനത്തിലും അറിവും സാമർഥ്യവും നല്കി. സകലവിധ ദർശനങ്ങളും സ്വ‌പ്നങ്ങളും വ്യാഖ്യാനിക്കാൻ ദാനിയേലിനു കഴിഞ്ഞിരുന്നു.

അവരെ തന്റെ മുൻപിൽ കൊണ്ടുവരണമെന്നു രാജാവ് കല്പിച്ചിരുന്ന ദിവസം വന്നപ്പോൾ, പ്രധാന ഷൺഡൻ അവരെ നബുക്കദ്നേസറിന്റെ മുൻപിൽ കൊണ്ടുവന്നു. രാജാവ് അവരോടു സംസാരിച്ചു. എന്നാൽ ദാനിയേൽ, ഹനനിയാ, മിഷാ യേൽ, അസറിയാ എന്നിവർക്കു തുല്യരായി അവരിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ അവർ രാജസേവകരായിത്തീർന്നു. വിജ്‌ഞാനത്തെയും അറിവിനെയും സംബന്‌ധിച്ച് രാജാവ് ചോദിച്ച ഏതു കാര്യത്തിലും അവർ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാൾ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു. സൈറസ് രാജാവിൻ്റെ ഒന്നാം ഭരണവർഷംവരെ ദാനിയേൽ അവിടെ കഴിഞ്ഞു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (ദാനി 3 : 29-30, 31, 32–33)

കർത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരി മഹത്ത്വപ്പെടുകയും സ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ.

കർത്താവേ, ഞങ്ങളുടെ പിതാക്കൻമാരുടെ ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്; അങ്ങ് എന്നുമെന്നും സ്‌തുത്യർഹനും അത്യുന്നതനുമാണ്. അങ്ങയുടെ മഹത്ത്വപൂർണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്ത്വപ്പെടുകയും സ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ!

കർത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരി മഹത്ത്വപ്പെടുകയും സ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ.

പരിശുദ്‌ധിയും മഹത്ത്വവും നിറഞ്ഞുതുളുമ്പുന്ന അങ്ങയുടെ ആലയത്തിൽ അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം മഹത്ത്വപ്പെടുകയും ചെയ്യട്ടെ!

കർത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരി മഹത്ത്വപ്പെടുകയും സ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ.

കെരൂബുകളുടെമേൽ ഇരുന്ന് അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ! രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!

കർത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരി മഹത്ത്വപ്പെടുകയും സ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (മത്താ 24:42).

അല്ലേലൂയാ!
അല്ലേലൂയാ! നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (21:1-4)

(ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ രണ്ടു ചെമ്പുതുട്ടുകൾ ഇടുന്നത് യേശു കണ്ടു)

അക്കാലത്ത്, യേശു കണ്ണുകളുയർത്തി നോക്കിയപ്പോൾ ധനികർ ദേവാലയഭൺഡാരത്തിൽ നേർച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പുതുട്ടുകൾ ഇടുന്നതും അവൻ കണ്ടു. അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവന ചെയ്തു‌. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.