മതേതര ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: അകാരണമായി ചുമത്തപ്പെട്ട കേസുകളടങ്ങിയ എഫ്.ഐ.ആർ. റദ്ദുചെയ്യണമെന്നും അതുവരെ നീതിയ്ക്ക് വേണ്ടിയുള്ള ഈ ധർമ്മ സമരം നമ്മൾ തുടരുകതന്നെ ചെയ്യുമെന്നും നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻറൈറ്റ് റവ.ഡോ. സെൽവരാജൻ ദാസൻ. മതേതര ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര രൂപത കെ.സി.വൈ.എം. പറശ്ശാല ഫൊറോനയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച റാലിയെതുടർന്ന് നടത്തിയ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിതാവ്. ഛത്തീസ്ഗഡിലെ ദുർഗിൽ അന്യായമായി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെങ്കിലും നമ്മൾ ആരും തൃപ്തരല്ല, കാരണം എൻ.ഐ.എ. കോടതിയിൽ ഈ കേസ് തുടരുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 03 ഞായറാഴ്ച വൈകിട്ട് ഇടിച്ചക്കപ്ലാമൂട് സെന്റ് ജൂഡ് പള്ളിയിൽ നിന്ന് ആരംഭിച്ച റാലി രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. വി. പി. ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രധിഷേധ പ്രകടന റാലിയിൽ പാറശ്ശാല ഫൊറോനാ വികാരി ഫാ. ഡെന്നീസ് മണ്ണൂർ, കെ.സി.വൈ.എം. രൂപത ഡയറക്ടർ ഫാ. ഷാജ്കുമാർ, ഫാ. ഇമ്മാനുവേൽ ജോൺ ഒ.സി.ഡി, ഫാ. അരുൺ രാജ് ഡി.പി, തുടങ്ങിയവർ പങ്കെടുത്തു. സിസ്റ്റർ പ്രധിനിധി സിസ്റ്റർ റീനറ്റ് സിസ്റ്റേഴ്സിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസാരിച്ചു.
ഛത്തീസ്ഗഡിലെ ദുർഗിൽ അന്യായമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ ഇടപെടലിന്റെ ഭാഗമായി നമ്മുടെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. എന്നാൽ അവരുടെ പേരിലുള്ള ആരോപണങ്ങളും കേസുകളും നിലനിൽക്കുന്നുണ്ട്. അത് നിരുപാധികം പിൻവലിക്കും വരെ നമ്മൾ സമര മുഖത്തുണ്ടാകണമെന്ന് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത പ്രതിനിധികൾ പറഞ്ഞു.




