നവംബർ 19 വ്യാഴം
ഒന്നാം വായന
വെളിപാടിന്റെ പുസ്തകത്തിൽനിന്ന്
(കുഞ്ഞാടു വധിക്കപ്പെടുകയും അതിന്റെ രക്തത്താൽ സർവജാതികളിലും നിന്നുള്ളവരെ വിലയ്ക്കു വാങ്ങുകയും ചെയ്തു)
ഞാൻ യോഹന്നാൻ, സിംഹാസനസ്ഥൻ്റെ വലത്തുകൈയിൽ, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകൾ പതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു. ശക്തനായ ഒരു ദൂതനെയും ഞാൻ കണ്ടു. അവൻ ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: ഈ ചുരുൾ നിവർത്താനും അതിന്റെ മുദ്രകൾ പൊട്ടിക്കാനും അർഹതയുള്ള ആരുണ്ട്? എന്നാൽ, സ്വർഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആർക്കും ഈ ചുരുൾ നിവർത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല. ചുരുൾ നിവർത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാൽ ഞാൻ വളരെയേറെ കരഞ്ഞു. അപ്പോൾ ശ്രേഷ്ഠൻമാരിലൊരാൾ എന്നോടു പറഞ്ഞു: കരയാതിരിക്കു; ഇതാ, യൂദാ വംശത്തിൽനിന്നുള്ള സിംഹവും ദാവീദിൻ്റെ വേരും ആയവൻ വിജയിച്ചിരിക്കുന്നു. അവന് ചുരുൾ നിവർത്താനും സപ്തമുദ്രകൾ പൊട്ടിക്കാനും കഴിയും. അപ്പോൾ, സിംഹാസനത്തിന്റെയും നാലു ജീവികളുടെയും മധ്യേ, ശ്രേഷ്ഠൻമാരുടെ നടുവിൽ, കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടു നില്ക്കുന്നതു ഞാൻ കണ്ടു. അവന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ട്; ഈ കണ്ണുകൾ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്റെ സപ്താത്മാക്കളാണ്. അവൻ ചെന്ന് സിംഹാസനസ്ഥൻ്റെ വലത്തുകൈയിൽനിന്നു ചുരുൾവാങ്ങി. അവൻ അതു സ്വീകരിച്ചപ്പോൾ നാലു ജീവികളും ഇരുപത്തിനാലുശ്രേഷ്ഠൻമാരും കുഞ്ഞാടിൻ്റ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാർഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വർണകലശങ്ങളും കൈയിലേന്തിയിരുന്നു. അവർ ഒരു നവ്യഗാനം ആലപിച്ചു: പുസ്തകച്ചുരുൾ സ്വീകരിക്കാനും അതിന്റെ മുദ്രകൾ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനു വേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു. നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിൻമാരുമാക്കി. അവൻ ഭൂമിയുടെമേൽ ഭരണം നടത്തും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി (അല്ലെങ്കിൽ: അല്ലേലൂയാ!)
കർത്താവിനു പുതിയ കീർത്തനമാലപിക്കുവിൻ; വിശുദ്ധരുടെ സമൂഹത്തിൽ അവിടത്തെ പാടിപ്പുകഴ്ത്തുവിൻ. ഇസ്രായേൽ തന്റെ സ്രഷ്ടാവിൽ സന്തോഷിക്കട്ടെ! സീയോൻെറ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ!
അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി
നൃത്തംചെയ്തുകൊണ്ട് അവർ അവിടത്തെ നാമം സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരം മീട്ടിയും അവർ അവിടത്തെ സ്തുതിക്കട്ടെ! എന്തെന്നാൽ, കർത്താവു തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടന്നു വിജയമണിയിക്കുന്നു.
അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി
വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളിൽ ദൈവത്തിന്റെ സ്തുതി ഉയരട്ടെ, അവിടത്തെ വിശ്വസ്തർക്ക് ഇതു മഹത്ത്വമാണ്.
അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്മാരുമാക്കി
അല്ലേലൂയാ!
അല്ലേലൂയാ! (Ps. 95 : 7a + 8b). നിങ്ങൾ ഇന്ന് അവിടത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ, നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സമാധാനത്തിനുള്ള മാർഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ!)
അക്കാലത്ത്, യേശു ജറുസനേമിനടുത്തുവന്ന് പട്ടണം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: സമാധാനത്തിനുള്ള മാർഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ! എന്നാൽ, അവ ഇപ്പോൾ നിൻ്റെ ദൃഷ്ടിയിൽ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കൾ നിനക്കു ചുറ്റും പാളയമടിച്ച് നിന്നെ വളയുകയും എല്ലാ ഭാഗത്തും നിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരും. നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നിൽ കല്ലിൻമേൽ കല്ലുശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാൽ, നിന്റെ സന്ദർശന ദിനം നീ അറിഞ്ഞില്ല.




