നവംബർ 20 വെള്ളി
ഒന്നാം വായന
വെളിപാടിന്റെ പുസ്‌തകത്തിൽനിന്ന്
(ഞാൻ ദൂതന്റെ കൈയിൽനിന്നു ചുരുൾ വാങ്ങി വിഴുങ്ങി)
ഞാൻ, യോഹന്നാൻ, സ്വർഗത്തിൽനിന്നു കേട്ട സ്വരം വീണ്ടും എന്നോടു പറഞ്ഞു: നീ പോയി കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതൻ്റെ കൈയിൽനിന്ന് ആ നിവർത്തിയ ചുരുൾ വാങ്ങുക. ഞാൻ ദൂതൻ്റെ അടുത്തുചെന്ന് ആ ചെറിയ ചുരുൾ ചോദിച്ചു. അവൻ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിൻ്റെ ഉദരത്തിൽ ഇതു കയ്‌പായിരിക്കും: എന്നാൽ, വായിൽ തേൻപോലെ മധുരിക്കും; ഞാൻ ദൂതന്റെ കൈയിൽനിന്നു ചുരുൾ വാങ്ങി വിഴുങ്ങി. അത് എന്റെ വായിൽ തേൻ പോലെ മധുരിച്ചു. എന്നാൽ, വിഴുങ്ങിയപ്പോൾ ഉദരത്തിൽ അതു കയ്പായി മാറി. വീണ്ടും ഞാൻ കേട്ടു: നീ ഇനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കൻമാരെയും കുറിച്ചു പ്രവചിക്കണം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!
സമ്പദ്സമൃദ്‌ധിയിലെന്നപോലെ അങ്ങയുടെ കല്‌പനകൾ പിന്തുടരുന്നതിൽ ഞാൻ ആനന്ദിക്കും. അവിടത്തെ കല്പനകളാണ് എന്റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നല്‌കുന്നത്.
കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!
ആയിരക്കണക്കിനു പൊൻവെള്ളിനാണയങ്ങളെക്കാൾ അങ്ങയുടെ വദനത്തിൽനിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം. അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്! അവ എൻെറ നാവിനു തേനിനെക്കാൾ മധുരമാണ്.
കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!
അങ്ങയുടെ കല്പനകളാണ് എന്നേക്കും എൻ്റെ ഓഹരി; അവ എന്റെ ഹൃദയത്തിന്റെ ആനന്‌ദമാണ്. അങ്ങയുടെ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛനിമിത്തം ഞാൻ വായ് തുറന്നു കിതയ്ക്കുന്നു.
കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 10:27). കർത്താവ് അരുൾചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദൈവത്തിന്റെ ഭവനം നിങ്ങൾ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു)
അക്കാലത്ത്, യേശു ദേവാലയത്തിൽ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാൻ തുടങ്ങി. അവൻ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാർഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ, അതിനെ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
യേശു ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചിരുന്നു. പുരോ ഹിതപ്രമുഖൻമാരും നിയമജ്‌ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാൻ മാർഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ, അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളിൽ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.




