നവംബർ 13 വെള്ളി
ഒന്നാം വായന
വി. യോഹന്നാൻ അപ്പസ്തോലൻ എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(അവന്റെ പ്രബോധനത്തിൽ നിലനില്ക്കുന്നവന് പിതാവും പുത്രനുമുണ്ട്)
പിതാവിൽനിന്നു നാം സ്വീകരിച്ച കല്പനയ്ക്കനുസൃതമായി നിൻെറ മക്കളിൽ ചിലർ സത്യത്തിൽ വ്യാപരിക്കുന്നതു കണ്ട് ഞാൻ അത്യന്തം സന്തോഷിച്ചു. അല്ലയോ മഹതീ, ഞാൻ നിന്നോടഭ്യർഥിക്കുന്നു. ഒരു പുതിയ കല്പനയായല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായാണു ഞാൻ ഇത് എഴുതുന്നത്: നാം പരസ്പരം സ്നേഹിക്കണം. ഇതാണു സ്നേഹം: നാം അവിടത്തെ കല്പനകളനുസരിച്ചു നടക്കുക. കല്പ്പനയാകട്ടെ, ആരംഭംമുതലേ നിങ്ങൾ ശ്രവിച്ചിരിക്കുന്നതുപോലെ സ്നേഹത്തിൽ വ്യാപരിക്കുക എന്നതും. വളരെയധികം വഞ്ചകർ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവർ. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും. ഞങ്ങളുടെ അധ്വാന ഫലം നിങ്ങൾ നഷ്ടമാക്കാതെ അതു പൂർണമായി നേടാൻ ശ്രദ്ധിക്കുവിൻ. ക്രിസ്തുവിന്റെ പ്രബോധനത്തിൽ നിലനില്ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവന് ദൈവമില്ല. അവന്റെ പ്രബോധനത്തിൽ നിലനില്ക്കുന്നവനു പിതാവും പുത്രനുമുണ്ട്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാൻമാർ
അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ, കർത്താവിന്റെ നിയമം അനുസരിക്കുന്നവർ, ഭാഗ്യവാൻമാർ. അവിടത്തെ കല്പനകൾ പാലിക്കുന്നവർ, പൂർണഹ്യദയത്തോടെ അവിടത്തെ തേടുന്നവർ ഭാഗ്യവാൻമാർ.
അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാൻമാർ
പൂർണഹൃദയത്തോടെ ഞാൻ അങ്ങയെ തേടുന്നു; അങ്ങയുടെ കല്പന വിട്ടുനടക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ! അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിന് ഞാൻ അങ്ങയുടെ വചനം ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാൻമാർ
ഞാൻ ജീവിച്ചിരിക്കാനും അങ്ങയുടെ വചനം അനുസരിക്കാനും ഈ ദാസൻെറമേൽ കൃപ ചൊരിയണമേ! അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദർശിക്കാൻ എൻ്റെ കണ്ണുകൾ തുറക്കണമേ!
അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ ഭാഗ്യവാൻമാർ
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 21:28). നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾ ചെയ്തു: നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ, അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു-അവർ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്ക്കുകയും നടുകയും വീടു പണിയുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, ലോത്ത് സോദോമിൽനിന്ന് ഓടിപ്പോയദിവസം സ്വർഗത്തിൽനിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും. ആ ദിവസം പുരമുകളിൽ ആയിരിക്കുന്നവൻ വീട്ടിനകത്തുള്ള തന്റെ സാധനങ്ങൾ എടുക്കാൻ താഴേക്ക് ഇറങ്ങിപ്പോകരുത്. അതുപോലെതന്നെ, വയലിൽ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്. ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓർമിക്കുക. തന്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ, തന്റെ ജീവൻ നഷ്ട്ടപ്പെടുത്തുന്നവൻ അതു നിലനിർത്തും. ഞാൻ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലിൽ രണ്ടുപേർ ഉണ്ടായിരിക്കും. ഒരാൾ എടുക്കപ്പെടും;മറ്റേയാൾ അവശേഷിക്കും. രണ്ടു സ്ത്രീകൾ ഒരുമിച്ചു ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും; മറ്റവൾ അവശേഷിക്കും. കർത്താവേ, എവിടേക്ക് എന്ന് അവർ ചോദിച്ചു. അവൻ പറഞ്ഞു: ശവം എവിടെയോ, അവിടെ കഴുകൻമാർ വന്നു കൂടും.




