നവംബർ 12 വ്യാഴം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലെമോന് എഴുതിയ ലേഖനത്തിൽനിന്ന്
(ഓനേസിമോസിനെ സ്വീകരിക്കുക; അദ്ദേഹത്തെ ഇനി ദാസനായല്ല, അതിലുപരി പ്രിയപ്പെട്ട സഹോദരനായി സ്വീകരിക്കുക)
സഹോദരാ, നിൻെറ സ്നേഹത്തിൽനിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്കു ലഭിച്ചു. എന്തെന്നാൽ, നീവഴി വിശുദ്‌ധർ ഉൻമേഷഭരിതരായി. ഉചിതമായതു ചെയ്യാൻ നിന്നോട് ആജ്ഞാപിക്കാനുള്ള തന്റേടം ക്രിസ്‌തുവിൽ എനിക്കുണ്ടെങ്കിലും, സ്നേഹംമൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാൻ ഇഷ്‌ടപ്പെടുന്നത്. പൗലോസായ ഞാൻ വൃദ്‌ധനും ഇപ്പോൾ യേശുക്രിസ്‌തുവിനെപ്രതി തടവുകാരനുമാണ്. എന്റെ പുത്രൻ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാൻ അപേക്‌ഷിക്കുന്നത്. എൻ്റെ കാരാഗൃഹവാസകാലത്തു ഞാൻ അവനു പിതാവായി. മുമ്പ് അവൻ നിനക്കു പ്രയോജനരഹിതനായിരുന്നു. ഇപ്പോഴാകട്ടെ, അവൻ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്. അവനെ നിന്റെ അടുത്തേക്കു ഞാൻ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയം തന്നെയാണു ഞാൻ അയയ്ക്കുന്നത്. സുവിശേഷത്തെ പ്രതിയുള്ള എൻ്റെ ബന്‌ധിതാവസ്‌ഥയിൽ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാൻ ഞാൻ അവനെ സന്തോഷപൂർവം എന്നോടൊപ്പം നിറുത്തുമായിരുന്നു. നിന്റെ ഔദാര്യം നിർബന്‌ധത്താലാകാതെ സ്വതന്ത്രമനസ്‌സാൽ ആകുന്നതിനാണ് നിൻെറ സമ്മതം കൂടാതെ ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. അല്പകാലത്തേക്ക് അവൻ നിന്നിൽനിന്നു വേർപിരിഞ്ഞത്, ഒരുപക്ഷേ, നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കർത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.
അതുകൊണ്ട്, നീ എന്നെ നിൻ്റെ സഹകാരിയായി പരിഗണിക്കുന്നെങ്കിൽ, എന്നെപ്പോലെ അവനെയും സ്വീകരിക്കുക. അവൻ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും നിനക്കു തരാൻ ഉണ്ടായിരിക്കുകയോ ചെയ്‌താൽ അതെല്ലാം എന്റെ പേരിൽ കണക്കാക്കിക്കൊള്ളുക. പൗലോസായ ഞാൻ എന്റെ സ്വന്തം കൈകൊണ്ടു തന്നെ എഴുതുന്നു, എല്ലാം ഞാൻ തന്നു വീട്ടിക്കൊള്ളാം. എന്നാൽ, നീ തന്നെയും മുഴുവനായി എനിക്കു കടപ്പെട്ടിരിക്കുന്നു എന്നകാര്യം ഞാൻ എടുത്തുപറയുന്നില്ല. അതേ, സഹോദരാ, നീ കർത്താവിൽ എനിക്ക് ഈ സഹായം ചെയ്യുക. ക്രിസ്‌തുവിൽ എൻ്റെ ഹൃദയം നീ ഉന്മേഷഭരിതമാക്കുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
യാക്കോബിന്റെ ദൈവം തുണയായുള്ളവൻ ഭാഗ്യവാൻ.
മർദിതർക്ക് അവിടന്നു നീതി നടത്തിക്കൊടുക്കുന്നു; വിശക്കുന്നവർക്ക് അവിടന്ന് ആഹാരം നല്‌കുന്നു; കർത്താവു ബന്‌ധിതരെ മോചിപ്പിക്കുന്നു.
യാക്കോബിന്റെ ദൈവം തുണയായുള്ളവൻ ഭാഗ്യവാൻ.
കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടന്നു നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു; അവിടന്നു നീതിമാൻമാരെ സ്നേഹിക്കുന്നു. കർത്താവു പരദേശികളെ പരിപാലിക്കുന്നു
യാക്കോബിന്റെ ദൈവം തുണയായുള്ളവൻ ഭാഗ്യവാൻ.
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാൽ, ദുഷ്ടരുടെ വഴി അവിടന്നു നാശത്തിലെത്തിക്കുന്നു. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിൻ്റെ ദൈവം തലമുറകളോളം വാഴും; കർത്താവിനെ സ്തുതിക്കുവിൻ.
യാക്കോബിന്റെ ദൈവം തുണയായുള്ളവൻ ഭാഗ്യവാൻ.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 15:5). കർത്താവ് അരുൾചെയ്യുന്നു: ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്)
അക്കാലത്ത്, ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസേയർ ചോദിച്ചതിന്, യേശു മറുപടി പറഞ്ഞു: പ്രത്യക്‌ഷമായ അടയാളങ്ങളോടുകൂടെയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്ന് ആരും പറയുകയുമില്ല. എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്. അവൻ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന സമയം വരും. എന്നാൽ, നിങ്ങൾ കാണുകയില്ല. അതാ അവിടെ, ഇതാ ഇവിടെ എന്ന് അവർ നിങ്ങളോടു പറയും. നിങ്ങൾ പോകരുത്. അവരെ നിങ്ങൾ അനുഗമിക്കുകയുമരുത്. ആകാശത്തിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നൽപ്പിണർ പ്രകാശിക്കുന്നതുപോലെയായിരിക്കും തൻെറ ദിവസത്തിൽ മനുഷ്യപുത്രനും. എന്നാൽ, ആദ്യമേ അവൻ വളരെ കഷ്‌ടതകൾ സഹിക്കുകയും ഈ തല മുറയാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.




