ഒക്ടോബർ 09 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു)
സഹോദരരേ, വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കൾ എന്നു നിങ്ങൾ മനസ്സിലാക്കണം. വിജാതീയരെ വിശ്വാസംവഴി ദൈവം നീതിമത്കരിക്കുമെന്നു മുൻകൂട്ടിക്കണ്ടുകൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നിൽ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്വാർത്ത നേരത്തെതന്നെ അബ്രാഹത്തെ അറിയിച്ചിട്ടുണ്ട്. ആകയാൽ, വിശ്വാസമുള്ളവർ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു. നിയമാനുഷ്ഠാനത്തിൽ ആശ്രയമർപ്പിക്കുന്ന എല്ലാവരും ശാപത്തിനു വിധേയരാണ്. എന്തെന്നാൽ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവർത്തിക്കാതെയുമിരിക്കുന്നവൻ ശപിക്കപ്പെട്ടവനാണ്. ഒരുവനും ദൈവസന്നിധിയിൽ നിയമംവഴി നീതിമത്കരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാൽ, നീതിമാൻ വിശ്വാസംവഴിയാണു ജീവിക്കുന്നത്. നിയമത്തിന്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാൽ, അവ അനുഷ്ഠിക്കുന്നവൻ അവവഴി ജീവിക്കും.
ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീർന്നുകൊണ്ട് നിയമത്തിന്റെ ശാപത്തിൽനിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാൽ, മരത്തിൽ തൂക്കപ്പെടുന്നവൻ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു. അബ്രാഹത്തിനു ലഭിച്ച അനുഗ്രഹം യേശുക്രിസ്തു വഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്ദാനം വിശ്വാസം വഴി നമ്മൾ പ്രാപിക്കേണ്ടതിനുമാണ് ഇപ്രകാരം സംഭവിച്ചത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് തൻ്റെ ഉടമ്പടി എപ്പോഴും അനുസ്രിക്കുന്നു.
കർത്താവിനെ സ്തുതിക്കുവിൻ! നീതിമാൻമാരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും. കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്; അവയിൽ ആനന്ദിക്കുന്നവർ അവ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നു.
കർത്താവ് തൻ്റെ ഉടമ്പടി എപ്പോഴും അനുസ്രിക്കുന്നു.
അവിടത്തെ പ്രവൃത്തി മഹത്തും തേജസ്സുറ്റതുമാണ്; അവിടത്തെ നീതി ശാശ്വതമാണ്. തന്റെ അദ്ഭുതപ്രവൃത്തികൾ അവിടന്നു സ്മരണീയമാക്കി; കർത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
കർത്താവ് തൻ്റെ ഉടമ്പടി എപ്പോഴും അനുസ്രിക്കുന്നു.
തന്റെ ഭക്തർക്ക് അവിടന്ന് ആഹാരം നല്കുന്നു; അവിടന്ന് തന്റെ ഉടമ്പടി എപ്പോഴും അനുസ്മരിക്കുന്നു. ജനതകളുടെ അവകാശം തന്റെ ജനത്തിനു നല്കിക്കൊണ്ട് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു വെളിപ്പെടുത്തി.
കർത്താവ് തൻ്റെ ഉടമ്പടി എപ്പോഴും അനുസ്രിക്കുന്നു.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 12:31b-32). കർത്താവ് അരുൾചെയ്യുന്നു: ഇപ്പോൾ ലോകത്തിൻ്റെ അധികാരി പുറന്തള്ളപ്പെടും. ഞാൻ ഭൂമി യിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേ ക്കാകർഷിക്കും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദൈവകരം കൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു.)
അക്കാലത്ത്, യേശു ഊമയായ ഒരു പിശാചിനെ ബഹിഷ് കരിക്കുകയായിരുന്നു. ജനങ്ങൾ അദ്ഭുതപ്പെട്ടു. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലി നെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. വേറെ ചിലർ അവനെ പരീക്ഷിക്കാൻ സ്വർഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങൾ അറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: അന്തശ്ചിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും. സാത്താൻ തനികുതന്നെ എതിരായി ഭിന്നിച്ചാൽ അവൻെറ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബേൽസെബുലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രൻമാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവകരംകൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവൽ നില്ക്കുമ്പോൾ അവന്റെ വസ്തുക്കൾ സുരക്ഷിതമാണ്. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ, അവൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ മറ്റവൻ അപഹരിക്കുകയും കൊള്ള മുതൽ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.
അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ, വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോൾ അവൻ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കു തന്നെ ഞാൻ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായിക്കാണുന്നു. അപ്പോൾ അവൻ പോയി തന്നെക്കാൾ ദുഷ്ടരായ മറ്റ് ഏഴ് അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിത്തീരുന്നു.




