Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 16 ബുധൻ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു. എന്നാൽ, സ്നേഹമാണ് സർവോത്കൃഷ്‌ടം)

സഹോദരരേ, ഉത്കൃഷ്‌ടദാനങ്ങൾക്കുവേണ്ടി തീക്ഷ്‌ണമായി അഭിലഷിക്കുവിൻ. ഉത്തമമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. ഞാൻ മനുഷ്യരുടെയും ദൈവദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്ഞാനവും മലകളെ മാറ്റാൻതക്ക വിശ്വാസവും എനിക്കുണ്ടായാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. ഞാൻ എന്റെ സർവസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല.

സ്നേഹം ദീർഘക്‌ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്‌മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. സ്നേഹം അനുചിതമായി പെരുമാറുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, വിദ്വേഷം പുലർത്തുന്നില്ല. അത് അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തിൽ ആഹ്ളാദംകൊള്ളുന്നു. സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു. സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. പ്രവചനങ്ങൾ കടന്നുപോകും; ഭാഷകൾ ഇല്ലാതാകും; വിജ്ഞാനം തിരോഭവിക്കും.

നമ്മുടെ അറിവും പ്രവചനവും അപൂർണമാണ്. പൂർണമായവ ഉദിക്കുമ്പോൾ അപൂർണമായവ അസ്തമിക്കുന്നു. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്‌തിവിചാരം നടത്തി. എന്നാൽ, പ്രായപൂർത്തിവന്നപ്പോൾ ശിശുസഹജമായവ ഞാൻ കൈവെടിഞ്ഞു. ഇപ്പോൾ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ, മുഖാഭിമുഖം ദർശിക്കും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ, ദൈവം എന്നെ പൂർണമായി അറിയുന്നതുപോലെ ഞാനും പൂർണ മായി അറിയും. വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു. എന്നാൽ, സ്നേഹമാണ് സർവോത്കൃഷ്ടം

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കിന്നരംകൊണ്ട് കർത്താവിനെ സ്‌തുതിക്കുവിൻ, പത്തു കമ്പിയുള്ള വീണമീട്ടി അവിടത്തേക്കു കീർത്തനമാലപിക്കുവിൻ. കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ; ഉച്ചത്തിൽ ആർപ്പുവിളികളോടെ വിദഗ്‌ധമായി തന്ത്രി മീട്ടുവിൻ.

കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്നു നീതിയും ന്യായവും ഇഷ്ട‌പ്പെടുന്നു. കർത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കർത്താവു ദൈവമായുള്ള ജനവും അവിടന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്. കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു.

കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (Cf. യോഹ 6:63b + 68c). കർത്താവേ, അങ്ങ യുടെ വാക്കുകൾ ആത്മാവും ജീവനുമാണ്. നിത്യജീവൻ്റെ വചന ങ്ങൾ നിൻ്റെ പക്കലുണ്ട്. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങൾ നൃത്തം ചെയ്തില്ല. ഞങ്ങൾ വിലാപഗാനമാലപിച്ചെങ്കിലും നിങ്ങൾ കരഞ്ഞില്ല)

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: ഈ തലമുറയെ എന്തിനോടാണ് ഞാൻ ഉപമിക്കേണ്ടത്? അവർ ആരെപ്പോലെയാണ്? ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങൾ നൃത്തം ചെയ്‌തില്ല; ഞങ്ങൾ നിങ്ങൾക്കുവേണ്ടി വിലാപഗാനമാലപിച്ചെങ്കിലും നിങ്ങൾ കരഞ്ഞില്ല എന്ന് ചന്ത സ്‌ഥലത്തിരുന്ന് കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് അവർ.

എന്തെന്നാൽ, യോഹന്നാൻ അപ്പം ഭക്ഷ്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നു. മനുഷ്യപുത്രൻ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതനുമായ മനുഷ്യൻ എന്നു നിങ്ങൾ പറയുന്നു. ജ്ഞാനം ശരിയെന്നു തെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.