Word of God

ആണ്ടുവട്ടം ഇരുപത്തൊന്നാം വാരം വ്യാഴം വചനവായന

ഓഗസ്റ്റ് 27 വ്യാഴം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(അവിടന്ന് എല്ലാവിധത്തിലും നിങ്ങളെ സമ്പന്നരാക്കി)

യേശുക്രിസ്തുവിന്റെ അപ്പസ്തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരൻ സൊസ്തേനെസ്‌സും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്: യേശുക്രിസ്തുവിൽ വിശുദ്‌ധരായവർക്കും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവർക്കും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും കൃപയും സമാധാനവും. യേശുക്രിസ്തുവിൽ നിങ്ങൾക്കു കൈവന്ന ദൈവകൃപയ്ക്ക് ഞാൻ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്ദിപറയുന്നു. എന്തുകൊണ്ടന്നാൽ, അവിടന്ന് എല്ലാവിധത്തിലും, പ്രത്യേകിച്ച്, വചനത്തിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി. ക്രിസ്‌തുവിനെപ്പറ്റിയുള്ള സാക്ഷ്യം നിങ്ങളിൽ ഉറപ്പിക്കപ്പെട്ടതിൻ്റെ ഫലമായി, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻ്റെ വെളിപാടു കാത്തിരിക്കുന്ന നിങ്ങൾക്ക് ഒരു ആത്മീയദാനത്തിന്റെയും കുറവില്ല. നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻെറ ദിനത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവസാനംവരെ അവിടന്നു നിങ്ങളെ പരിപാലിക്കും. തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിൻെറ സഹവാസത്തിലേക്ക് നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ പുകഴ്ത്തം, ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

കർത്താവേ, ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും

കർത്താവു വലിയവനും അത്യന്തം സ്തുത്യർഹനുമാണ്; അവിടുത്തെ മഹത്ത്വം അഗ്രാഹ്യമാണ്. തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികൾ പ്രകീർത്തിക്കും; അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷിക്കും.

കർത്താവേ, ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും

അവിടത്തെ പ്രതാപത്തിൻ്റെ മഹത്ത്വപൂർണമായ തേജസ്സിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാൻ ധ്യാനിക്കും. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യർ പ്രഘോഷിക്കും; ഞാൻ അങ്ങയുടെ മഹത്ത്വം വിളംബരം ചെയ്യും.

കർത്താവേ, ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും

അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 24: 42a + 44). നിങ്ങൾ ജാഗരൂകരായി രിക്കുവിൻ; നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾ തയ്യാറായിരിക്കണം)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു‌: നിങ്ങളുടെ കർത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതു കൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. കള്ളൻ രാത്രിയിൽ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥൻ അറിഞ്ഞിരുന്നെങ്കിൽ, അവൻ ഉണർന്നിരിക്കുകയും തന്റെ ഭവനം കവർച്ച ചെയ്യാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങൾ അറിയുന്നു. അതിനാൽ, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങൾ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യ പുത്രൻ വരുന്നത്.

തന്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, യജമാനൻ അവനെ തൻെറ വസ്‌തുക്കളുടെയെല്ലാം മേനോട്ടക്കാരനായി നിയമിക്കും. എന്നാൽ, ദുഷ്ട‌നായ ഭൃത്യൻ എന്റെ യജമാനൻ താമസിച്ചേ വരു എന്നു പറഞ്ഞ് തന്റെ സഹഭ്യത്യൻമാരെ മർദിക്കാനും മദ്യപൻമാരോടുകൂടെ ഭക്ഷിക്കാനും പാനംചെയ്യാനും തുടങ്ങിയാൽ പ്രതീക്‌ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വന്ന്, അവനെ ശിക്‌ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തിൽ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.