ജൂലൈ 23 വ്യാഴം
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(ജീവജലത്തിൻറെ ഉറവയായ എന്നെ അവർ ഉപേക്‌ഷിച്ചു. ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്‌തു)
കർത്താവ് എന്നോട് അരുൾചെയ്‌തു: നീ ജറുസലേമിൽ ചെന്നു വിളിച്ചുപറയുക, കർത്താവ് അരുൾചെയ്യുന്നു: നിന്റെ യൗവനത്തിലെ വിശ്വസ്‌തതയും വധുവിനടുത്ത സ്നേഹവും ഞാൻ ഓർമിക്കുന്നു. മരുഭൂമിയിൽ, കൃഷിയോഗ്യമല്ലാത്ത നാട്ടിൽ, നീ എന്നെ അനുഗമിച്ചതു ഞാൻ ഓർക്കുന്നു. ഇസ്രായേൽ കർത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടത്തെ വിളവിൽ ആദ്യഫലവുമായിരുന്നു. അതിൽനിന്നു ഭക്ഷിച്ചവർ വിലകൊടുക്കേണ്ടിവന്നു. അവരുടെമേൽ വിനാശം നിപതിച്ചു എന്നു കർത്താവ് അരുൾചെയ്യുന്നു.
ഞാൻ നിങ്ങളെ സമ്യദ്‌ധി നിറഞ്ഞ ഒരു ദേശത്തേക്കു കൊണ്ടുവന്നു. അവിടത്തെ ഫലങ്ങളും വിഭവങ്ങളും നിങ്ങൾ ആസ്വദിക്കാനായിരുന്നു അത്. എന്നാൽ, അവിടെയെത്തിയശേഷം എന്റെ ദേശം നിങ്ങൾ ദുഷിപ്പിച്ചു; എന്റെ അവകാശം മ്‌ളേചഛമാക്കി. കർത്താവ് എവിടെ എന്നു പുരോഹിതൻമാർ ചോദിച്ചില്ല, നീതിപാലകൻ എന്നെ അറിഞ്ഞില്ല. ഭരണകർത്താക്കൾ എന്നെ ധിക്കരിച്ചു; പ്രവാചകൻമാർ ബാലിൻ്റെ നാമത്തിൽ പ്രവചിച്ചു; വ്യർഥമായവയെ പിഞ്ചെല്ലുകയും ചെയ്‌തു.
ആകാശങ്ങളേ, ഭയന്നു നടുങ്ങുവിൻ, സംഭ്രമിക്കുവിൻ, ഞെട്ടിവിറയ്ക്കുവിൻ കർത്താവ് അരുൾചെയ്യുന്നു. എന്തെന്നാൽ, എന്റെ ജനം രണ്ടു തിൻമകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്‌ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
കർത്താവേ, അങ്ങയുടെ കാരുണ്യം ആകാശത്തോളം എത്തുന്നു; വിശ്വസ്തത മേഘങ്ങൾവരെയും. അങ്ങയുടെ നീതി ഗിരി ശൃംഗങ്ങൾ പോലെയും അങ്ങയുടെ വിധികൾ അത്യഗാധങ്ങൾ പോലെയുമാണ്.
കർത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യ മക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയംതേടുന്നു. അവർ അങ്ങയുടെ ഭവനത്തിലെ സമൃദ്‌ധിയിൽനിന്നു വിരുന്നുണ്ടു തൃപ്തിയടയുന്നു; അവിടത്തെ ആനന്ദധാരയിൽ നിന്ന് അവർ പാനം ചെയ്യുന്നു.
കർത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങിലാണു ജീവൻെറ ഉറവ, അങ്ങയുടെ പ്രകാശത്തിലാണു ഞങ്ങളുടെ പ്രകാശം. അങ്ങയെ അറിയുന്നവർക്ക് അങ്ങയുടെ കാരുണ്യവും നിഷ്‌കളങ്കഹൃദയർക്ക് അങ്ങയുടെ രക്ഷയും തുടർന്നു നല്‌കണമേ!
കർത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അല്ലേലുയാ !
അല്ലേലൂയാ! (Cf. മത്താ 11:25). സ്വർഗരാജ്യത്തിന്റെ രഹ സ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമി യുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്വർഗരാജ്യത്തിൻ്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണു ലഭിച്ചിരിക്കുന്നത്)
അക്കാലത്ത്, ശിഷ്യൻമാർ അടുത്തെത്തി യേശുവിനോടു ചോദിച്ചു: നീ അവരോട് ഉപമകൾ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? അവൻ മറുപടി പറഞ്ഞു: സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം നിങ്ങൾക്കാണു ലഭിച്ചിരിക്കുന്നത്. അവർക്ക് അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‌കപ്പെടും. അവനു സമൃദ്‌ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനിൽനിന്ന് ഉള്ളതു പോലും എടുക്കപ്പെടും. അതുകൊണ്ടാണ് ഞാൻ അവരോട് ഉപമകൾവഴി സംസാരിക്കുന്നത്. കാരണം, അവർ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടു കേൾക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല.
ഏശയ്യായുടെ പ്രവചനം അവരിൽ പൂർത്തിയായിരിക്കുന്നു: നിങ്ങൾ തീർച്ചയായും കേൾക്കും, എന്നാൽ മനസ്‌സിലാക്കുകയില്ല. നിങ്ങൾ തീർച്ചയായും കാണും, എന്നാൽ ഗ്രഹിക്കുകയില്ല. അവർ കണ്ണുകൊണ്ടു കണ്ട്, കാതുകൊണ്ടു കേട്ട്, ഹൃദയംകൊണ്ടു മനസ്‌സിലാക്കി, മാനസാന്തരപ്പെടുകയും ഞാൻ അവരെ സുഖപ്പെടുത്തുകയും അസാധ്യമാകുമാറ് ഈ ജനതയുടെ ഹൃദയം കഠിനമായിത്തീർന്നിരിക്കുന്നു; ചെവിയുടെ കേൾവി മന്ദീഭവിച്ചിരിക്കുന്നു; കണ്ണ് അവർ അടച്ചുകളഞ്ഞിരിക്കുന്നു.
നിങ്ങളുടെ കണ്ണുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ, അവ കാണുന്നു. നിങ്ങളുടെ കാതുകൾ ഭാഗ്യമുള്ളവ; എന്തെന്നാൽ, അവ കേൾക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകൻമാരും നീതിമാൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.




