ജൂലൈ 24 വെള്ളി
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(എനിക്കിഷ്ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും; സകല ജനതകളും കർത്താവിന്റെ നാമത്തിൽ ജറുസലേമിൽ വന്നുചേരും)
കർത്താവ് അരുൾചെയ്യുന്നു: അവിശ്വസ്‌തരായ മക്കളേ, തിരിച്ചു വരുവിൻ. ഞാൻ മാത്രമാണു നിങ്ങളുടെ നാഥൻ. ഒരു നഗരത്തിൽനിന്ന് ഒരു നായകനെയും ഒരു കുടുംബത്തിൽനിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത് ഞാൻ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും – കർത്താവ് അരുൾചെയ്യുന്നു. എനിക്ക് ഇഷ്ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ പെരുകി നാടുനിറഞ്ഞു കഴിയുമ്പോൾ കർത്താവിന്റെ സാക്‌ഷ്യപേടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല. അവർ അതിനെപ്പറ്റി ചിന്തിക്കുകയോ അത് ആവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു നിർമിക്കുകയുമില്ല. കർത്താവിന്റെ സിംഹാസനമെന്ന് അന്നു ജറുസലേം വിളിക്കപ്പെടും. സകല ജനതകളും അവിടെ കർത്താവിന്റെ നാമത്തിൽ സമ്മേളിക്കും. ഇനി ഒരിക്കലും അവർ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ഇംഗിതങ്ങൾക്കു വഴിപ്പെടുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കുന്നു.
ജനതകളേ, കർത്താവിൻ്റെ വചനം കേൾക്കുവിൻ, വിദൂര ദ്വീപുകളിൽ അതു പ്രഘോഷിക്കുവിൻ; ഇസ്രായേലിനെ ചിതറിച്ചവൻ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിൻ
ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കുന്നു.
കർത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു; ബലിഷ്ഠ കരങ്ങളിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. ആഹ്ലാദാരവത്തോടെ അവർ സീയോൻമലയിലേക്കു വരും. അവർ ജലസമൃദ്‌ധമായ തോട്ടംപോലെയാകും. അവർ ഇനി ഒരിക്കലും ദുഃഖിക്കുകയില്ല.
ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കുന്നു.
അപ്പോൾ കന്യകമാർ നൃത്തംചെയ്‌ത് ആനന്ദിക്കും; യുവാക്കളും വൃദ്‌ധരും സന്തോഷചിത്തരാകും. ഞാൻ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും; അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.
ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (Cf. ലൂക്കാ 8:15). വചനംകേട്ട് ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അത് സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവർ അനുഗൃഹീതർ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വചനം കേട്ടു ഗ്രഹിക്കുന്നവൻ ഫലം പുറപ്പെടുവിക്കുന്നു)
അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾ ചെയ്തു: വിതക്കാരന്റെ ഉപമ നിങ്ങൾ കേട്ടുകൊള്ളുവിൻ: രാജ്യത്തിന്റെ വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനിൽനിന്ന്, അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് ദുഷ്‌ടൻ വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികിൽ വീണ വിത്ത്. വചനം കേട്ടിട്ട് ഉടനേ സസന്തോഷം സ്വീകരിക്കുകയും തന്നിൽ വേരില്ലാത്തതിനാൽ അല്പനേരം മാത്രം നിലനിന്നിട്ട്, വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തത്‌ക്‌ഷണം വീണുപോവുകയും ചെയ്യുന്നവനാണ് പാറമേൽ വീണ വിത്ത്. ഒരുവൻ വചനം ശ്രവി ക്കുന്നു; എന്നാൽ ലൗകികവ്യഗ്രതയും ധനത്തിന്റെ ആകർഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണ് മുള്ളുകളുടെയിടയിൽ വീണ വിത്ത്. വചനം കേട്ടു ഗ്രഹിക്കുന്നവനാണ്, നല്ല നിലത്തുവീണ വിത്ത്. അവൻ നുറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുന്നു.




