ജൂലൈ 22 ബുധൻ
ഒന്നാം വായന
ഉത്തമഗീതത്തിന്റെ പുസ്തകത്തിൽനിന്ന്
(അതാ, എന്റെ പ്രാണപ്രിയൻ, ഞാൻ അവനെ പിടിച്ചു)
എൻറെ പ്രാണപ്രിയനെ രാത്രിയിൽ ഞാൻ കിടക്കയിൽ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. ഞാൻ എഴുന്നേറ്റു നഗരത്തിൽ തേടി നടക്കും; തെരുവീഥികളിലും തുറസ്സായ സ്ഥലങ്ങളിലും എൻറ പ്രാണപ്രിയനെ ഞാൻ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. നഗരത്തിൽ ചുറ്റിനടക്കുന്ന കാവല്ക്കാർ എന്നെ കണ്ടു മുട്ടി. എൻറെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ, ഞാൻ തിരക്കി. ഞാൻ അവരെ കടന്നുപോയതേയുള്ളൂ; അതാ, എൻറെ പ്രാണപ്രിയൻ, ഞാൻ അവനെ പിടിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
ദൈവമേ, അവിടന്നാണ് എൻ്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മമാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.
ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
അങ്ങയുടെ ശക്ത്തിയും മഹത്ത്വവും ദർശിക്കാൻ ഞാൻ വിശുദ്ധ മന്ദിരത്തിൽ വന്നു. അങ്ങയുടെ കാരുണ്യം ജീവനെക്കാൾ കാമ്യമാണ്; എൻെറ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. ഞാൻ മജ്ജയും മേദസ്സും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
അവിടന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ ആനന്ദിക്കും. എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങി നിർത്തുന്നു.
ദൈവമേ, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! മറിയമേ, നീ പോകുംവഴി എന്തുകണ്ടെന്നു പറയുക. ജീവിച്ചിരിക്കുന്നവൻ കിടന്നിരുന്ന കല്ലറ ഞാൻ കണ്ടു; ഉയിർത്തെഴുന്നേല്ക്കുന്ന ക്രിസ്തുവിന്റെ തേജസ്സും ഞാൻ കണ്ടു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്ത്രീയേ, എന്തിനാണ് കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്?)
ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലേ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനമറിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിൻറെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി അവൾ കണ്ടു. അവൾ ഉടനേ ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെയും അടുത്തെത്തി പറഞ്ഞു: കർത്താവിനെ അവർ കല്ലറയിൽനിന്നു മാറ്റിയിരിക്കുന്നു. എന്നാൽ, അവനെ അവർ എവിടെ വച്ചുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.
മറിയം കല്ലറയ്ക്കു വെളിയിൽ കരഞ്ഞുകൊണ്ടു നിന്നു. അവൾ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ കുനിഞ്ഞു കല്ലറയിലേക്കു നോക്കി. വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതൻമാർ യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത്, ഒരുവൻ തലയ്ക്കലും ഇതരൻ കാല്ക്കലുമായി ഇരിക്കുന്നത് അവൾ കണ്ടു. അവർ അവളോടു ചോദിച്ചു:സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? അവൾ പറഞ്ഞു: എന്റെ കർത്താവിനെ അവർ എടുത്തുകൊണ്ടുപോയി; അവർ അവനെ എവിടെയാണു വച്ചിരിക്കുന്നത് എന്ന് എനിക്കറിഞ്ഞു കൂടാ. ഇതു പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നില് ക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്കു മനസ്സിലായില്ല.
യേശു അവളോടു ചോദിച്ചു: സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അതു തോട്ടക്കാരനാണെന്നു വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കിൽ എവിടെവച്ചു എന്ന് എന്നോടു പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം. യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി, എന്ന് ഹെബ്രായഭാഷയിൽ വിളിച്ചു ഗുരു എന്നർഥം. യേശു പറഞ്ഞു: നീ എന്നെ തടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദരൻമാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിൻെറയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നുപറയുക. മഗ്ദലേനമറിയം ചെന്ന് ഞാൻ കർത്താവിനെ കണ്ടു എന്നും അവൻ ഇക്കാര്യങ്ങൾ തന്നോടു പറഞ്ഞു എന്നും ശിഷ്യൻമാരെ അറിയിച്ചു.




