ജൂലൈ 21 ചൊവ്വ
ഒന്നാം വായന
മിക്കാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങൾ അവിടന്ന് തൂത്തെറിയും)
കർത്താവേ, കാർമലിലെ വനാന്തരത്തിൽ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദൺഡുകൊണ്ടു മേയ്ക്കണമേ! മുൻകാലങ്ങളിലെപ്പോലെ അവർ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തിൽ നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകരമായ കാര്യങ്ങൾ ഞാൻ അവർക്കു കാണിച്ചു കൊടുക്കും.
തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടന്നു തൻ്റെ കോപം എന്നേക്കുമായി വച്ചുപുലർത്തുന്നില്ല; എന്തെന്നാൽ, അവിടുന്ന് കാരുണ്യത്തിൽ ആനന്ദിക്കുന്നു. അവിടന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങൾ അവിടന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങൾ അവിടന്ന് തൂത്തെറിയും. പൂർവകാലം മുതൽ ഞങ്ങളുടെ പിതാക്കൻമാരോടു വാഗ്ദാനം ചെയ്തിരുന്നപോലെ അങ്ങ് യാക്കോബിനോടു വിശ്വസ്തതയും അബ്രാഹത്തോടു കാരുണ്യവും കാണിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!
കർത്താവേ, അങ്ങയുടെ ദേശത്തോട് അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയം അവിടന്നു പുനഃസ്ഥാപിച്ചു. അങ്ങയുടെ ജനത്തിന്റെ അകൃത്യം അങ്ങു മറന്നു; അവരുടെ പാപം അവിടന്നു ക്ഷമിച്ചു
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്ക ണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷം പരിത്യജിക്കണമേ! അങ്ങ് എന്നേക്കും ഞങ്ങളോടു കോപിഷ്ഠനായിരിക്കുമോ? തലമുറകളോളം അങ്ങയുടെ കോപം നീണ്ടുനില്ക്കുമോ?
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!
അങ്ങയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് ഞങ്ങൾക്കു നവജീവൻ നല്കുകയില്ലയോ? കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ! ഞങ്ങൾക്കു രക്ഷ പ്രദാനം ചെയ്യണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 14:23), കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടു ത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തൻ്റെ ശിഷ്യരുടെ നേരേ കൈചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അവൻെറ അമ്മയും സഹോദരരും അവനോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തുനിന്നിരുന്നു. ഒരുവൻ അവനോടു പറഞ്ഞു: നിൻെറ അമ്മയും സഹോദരരും നിന്നോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തുനില്ക്കുന്നു. യേശു അവനോടു പറഞ്ഞു: ആരാണ് എന്റെ അമ്മ? ആരാണ് എൻെറ സഹോദരർ? തന്റെ ശിഷ്യരുടെ നേരേ കൈചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വർഗസ്ഥ നായ എന്റെ പിതാവിൻെറ ഇഷ്ട്ടം നിറവേറ്റുന്നവനാരോ, അവനാണ് എൻ്റെ സഹോദരനും സഹോദരിയും അമ്മയും.




