മെയ് 18 തിങ്കൾ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(നിങ്ങൾ വിശ്വാസികളായപ്പോൾ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ?)
അപ്പോളോസ് കോറിന്തോസിലായിരുന്നപ്പോൾ പൗലോസ് ഉൾനാടുകളിലൂടെ സഞ്ചരിച്ച് എഫേസോസിലെത്തി. അവിടെ അവൻ ഏതാനും ശിഷ്യരെ കണ്ടു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ വിശ്വാസികളായപ്പോൾ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുവോ? അവർ പറഞ്ഞു: ഇല്ല. പരിശുദ്ധാത്‌മാവ് എന്നൊന്ന് ഉണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുപോലുമില്ല. അവൻ ചോദിച്ചു: എങ്കിൽപ്പിന്നെ, നിങ്ങൾ ഏതു സ്നാനമാണു സ്വീകരിച്ചത്? അവർ പറഞ്ഞു: യോഹന്നാൻ്റെ സ്‌നാനം. അപ്പോൾ പൗലോസ് പറഞ്ഞു: യോഹന്നാൻ തനിക്കു പിന്നാലേ വരുന്നവനിൽ, അതായത്, യേശുവിൽ വിശ്വസിക്കണമെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് അനുതാപത്തിന്റെ സ്‌നാനമാണു നല്‌കിയത്. അവർ ഇതുകേട്ട് കർത്താവായ യേശുവിൻെറ നാമത്തിൽ സ്നാനം സ്വീകരിച്ചു. പൗലോസ് അവരുടെമേൽ കൈകൾ വച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്‌തു. അവർ ഏകദേശം പന്ത്രണ്ടുപേരുണ്ടായിരുന്നു. അവൻ സിനഗോഗിൽ പ്രവേശിച്ച് ധൈര്യപൂർവം ദൈവരാജ്യത്തെക്കുറിച്ചു മൂന്നുമാസം പ്രസംഗിക്കുകയും വാദപ്രതിവാദത്തിലേർപ്പെടുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിൻ (അല്ലെങ്കിൽ: അല്ലേലൂയാ!)
ദൈവം ഉണർന്നെഴുന്നേല്ക്കട്ടെ! അവിടത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ! അവിടത്തെ ദ്വേഷിക്കുന്നവർ അവിടത്തെ മുൻപിൽനിന്ന് ഓടിപ്പോകട്ടെ! കാറ്റിൽ പുകയെന്നപോലെ അവരെ തുരത്തണമേ! അഗ്‌നിയിൽ മെഴുക് ഉരുകുന്നതു പോലെ, ദുഷ്‌ടർ ദൈവസന്നിധിയിൽ നശിച്ചുപോകട്ടെ
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിൻ
നീതിമാൻമാർ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയിൽ അവർ ഉല്ലസിക്കട്ടെ! അവർ ആനന്ദംകൊണ്ടു മതിമറക്കട്ടെ! ദൈവത്തിനു സ്തുതിപാടുവിൻ, പ്രകീർത്തിക്കുവിൻ അവിടത്തെ നാമം
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിൻ
ദൈവം തന്റെ വിശുദ്‌ധനിവാസത്തിൽ അനാഥർക്ക് പിതാവും വിധവകൾക്കു സംരക്ഷകനുമാണ്, അഗതികൾക്കു വസിക്കാൻ ദൈവം ഇടം കൊടുക്കുന്നു; അവിടന്ന് തടവുകാരെ മോചിപ്പിച്ച് ഐശ്വര്യത്തിലേക്കു നയിക്കുന്നു.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു സ്തുതികളാലപിക്കുവിൻ
അല്ലേലൂയാ! (കൊളോ 3 : 1). ക്രിസ്‌തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവ അന്വേഷിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ധൈര്യമായിരിക്കുവിൻ; ഞാൻ ലോകം കീഴടക്കിയിരിക്കുന്നു)
അക്കാലത്ത്, യേശുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ ശിഷ്യൻമാർ അവിടത്തോടു പറഞ്ഞു: ഇപ്പോൾ ഇതാ, നീ സ്‌പഷ്ടമായി സംസാരിക്കുന്നു; ഉപമയൊന്നും പറയുന്നുമില്ല. നീ എല്ലാക്കാര്യങ്ങളും അറിയുന്നെന്നും ആരും നിന്നോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്‌സിലാക്കുന്നു. നീ ദൈവത്തിൽനിന്നു വന്നുവെന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു. യേശു ചോദിച്ചു: ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ? എന്നാൽ, നിങ്ങൾ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടുപോവുകയും ചെയ്യുന്ന സമയം വരുന്നു; അല്ല, അതു വന്നുകഴിഞ്ഞു. എങ്കിലും ഞാൻ ഏകനല്ല; കാരണം, പിതാവ് എന്നോടുകൂടെയുണ്ട്. നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകം കീഴടക്കിയിരിക്കുന്നു.




