മെയ് 17 ഞായർ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(അവർ നോക്കിനില്ക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു)
അല്ലയോ തെയോഫിലോസ്, യേശു, താൻ തിരഞ്ഞെടുത്ത അപ്പസ്തോലൻമാർക്ക് പരിശുദ്‌ധാത്‌മാവുവഴി കല്‌പനനല്കിയശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട ദിവസംവരെ, പ്രവർത്തിക്കുകയും പഠിപ്പിക്കുകയുംചെയ്‌ത എല്ലാകാര്യങ്ങളെയും കുറിച്ച് ആദ്യഗ്രന്‌ഥത്തിൽ ഞാൻ എഴുതിയിട്ടുണ്ടല്ലോ. പീഡാനുഭവത്തിനുശേഷം നാല്‌പതുദിവസത്തേക്ക് യേശു അവരുടെയിടയിൽ പ്രത്യക്‌ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. അങ്ങനെ, അവൻ അവർക്ക് വേണ്ടത്ര തെളിവുകൾ നല്കിക്കൊണ്ട്, ജീവിക്കുന്നവനായി പ്രത്യക്‌ഷപ്പെട്ടു. അവൻ അവരോടൊപ്പം ഭക്‌ഷണത്തിനിരിക്കുമ്പോൾ കല്‌പിച്ചു: നിങ്ങൾ ജറുസലേം വിട്ടുപോകരുത്. എന്നിൽനിന്നു നിങ്ങൾ കേട്ട പിതാവിൻെറ വാഗ്ദാനം കാത്തിരിക്കുവിൻ. എന്തെന്നാൽ, യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം നല്‌കി; നിങ്ങളാകട്ടെ, ഏറെത്താമസിയാതെ പരിശുദ്‌ധാത്മാവാൽ സ്നാനമേല്ക്കും.
ഒരുമിച്ചുകൂടിയിരിക്കുമ്പോൾ അവർ അവനോടു ചോദിച്ചു: കർത്താവേ, അവിടന്ന് ഇസ്രായേലിന് രാജ്യം പുനഃസ്‌ഥാപിച്ചു നല്‌കുന്നത് ഇപ്പോഴാണോ? അവൻ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താൽ നിശ്ച്‌ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്‌തിപ്രാപിക്കും.
ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും നിങ്ങൾ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും. ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ, അവർ നോക്കിനില്ക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ട്‌ടിയിൽനിന്നു മറച്ചു. അവൻ ആകാശത്തിലേക്കുപോകുന്നത് അവർ നോക്കിനില് ക്കുമ്പോൾ, വെള്ളവസ്ത്രം ധരിച്ച രണ്ടുപേർ അവരുടെ മുമ്പിൽ പ്രത്യക്‌ഷപ്പെട്ടു പറഞ്ഞു: അല്ലയോ, ഗലീലിയരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു, സ്വർഗത്തിലേക്ക് പോകുന്നതായി നിങ്ങൾ കണ്ടതുപോലെതന്നെ തിരിച്ചുവരും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്തു.
(അല്ലെങ്കിൽ: അല്ലേലൂയാ!)
ജനതകളേ, കരഘോഷം മുഴക്കുവിൻ. ദൈവത്തിന്റെ മുൻപിൽ ആഹ്ളാദാരവം മുഴക്കുവിൻ. അത്യുന്നതനായ കർത്താവു ഭീതിദനാണ് അവിടന്ന് ഭൂമി മുഴുവൻെറയും രാജാവാണ്.
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്തു.
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്തു.
ദൈവത്തെ പാടിപ്പുകഴ്ത്തുവിൻ; സ്തോത്രങ്ങളാലപിക്കുവിൻ;നമ്മുടെ രാജാവിനു സ്‌തുതികളുതിർക്കുവിൻ;കീർത്തനങ്ങളാലപിക്കുവിൻ.
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്തു.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീർത്തനംകൊണ്ട് അവിടത്തെ സ്‌തുതിക്കുവിൻ. ദൈവം ജനതകളുടെമേൽ വാഴുന്നു, അവിടന്ന് തന്റെ പരിശുദ്‌ധസിംഹാസനത്തിലിരിക്കുന്നു.
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്തു.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവിടന്ന് ക്രിസ്തുവിനെ സ്വർഗത്തിൽ തൻ്റെ വലത്തുവശത്ത് ഉപവിഷ്ടനാക്കി)
സഹോദരരേ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും മഹത്ത്വത്തിന്റെ പിതാവുമായവൻ ജ്‌ഞാനത്തിന്റെയും വെളിപാടിന്റെയും ആത്‌മാവിനെ നിങ്ങൾക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂർണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും വിശുദ്ധർക്ക് അവകാശമായി അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്ത്വത്തിന്റെ സമ്യദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങൾ അവിടന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്റെ പ്രാഭവപൂർണമായ പ്രവർത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരി മേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ. ക്രിസ്തുവിനെ, മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ അവിടത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോൾ അവനിൽ പ്രവർത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്നയുഗത്തിലും എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങൾക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടന്ന് എല്ലാ വസ്‌തുക്കളെയും അവന്റെ പാദങ്ങൾക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂർത്തിയാക്കുന്ന അവന്റെ പൂർണതയുമാണ്.
കർത്താവിൻ്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Mt. 28 : 19 + 20b) കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്വർഗത്തിലും ഭൂമിയിലും സമസ്താധികാരവും എനിക്ക് നല്‌കപ്പെട്ടിരിക്കുന്നു)
അക്കാലത്ത്, യേശു നിർദേശിച്ചതുപോലെ പതിനൊന്നു ശിഷ്യൻമാരും ഗലീലിയിലെ മലയിലേക്കു പോയി. അവനെ കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു. എന്നാൽ, ചിലർ സംശയിച്ചു. യേശു അവരെ സമീപിച്ച് അരുൾചെയ്തു: സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെ യും പുത്രന്റെ യും പരിശുദ്ധാത്മാവിന്റെ യും നാമത്തിൽ അവർക്കു ജ്‌ഞാനസ്‌നാനം നല്കുവിൻ. ഞാൻ നിങ്ങളോടു കല്‌പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.




