മെയ് 19 ചൊവ്വ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(എൻ്റെ ഓട്ടം പൂർത്തിയാക്കണമെന്നും ദൈവത്തിൻ്റെ ക്യപയുടെ സുവിശേഷത്തിനു സാക്ഷ്യംനല്കാൻ കർത്താവായ യേശുവിൽനിന്ന് ഞാൻ സ്വീകരിച്ചിട്ടുള്ള ദൗത്യം നിർവഹിക്കണമെന്നും മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.)
അക്കാലത്ത്, മിലേത്തോസിൽനിന്ന് അവൻ എഫേസോസിലേക്ക് ആളയച്ച് സഭയിലെ ശ്രേഷ്ഠൻമാരെ വരുത്തി. അവർ വന്നപ്പോൾ അവൻ പറഞ്ഞു: ഞാൻ ഏഷ്യയിൽ കാലുകുത്തിയ ദിവസംമുതൽ, എല്ലാ സമയവും നിങ്ങളുടെ മധ്യത്തിൽ എങ്ങനെ ജീവിച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. പൂർണ വിനയത്തോടും കണ്ണുനീരോടും യഹൂദൻമാരുടെ ഗൂഢാലോചനയാൽ എനിക്കുണ്ടായ പരീക്‌ഷണങ്ങളോടുംകൂടെ ഞാൻ കർത്താവിനു ശുശ്രൂഷചെയ്തു. നിങ്ങളുടെ നൻമയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങൾക്കു പറഞ്ഞുതരാൻ ഞാൻ മടി കാണിച്ചിട്ടില്ല. പൊതുസ്‌ഥലത്തുവച്ചും വീടുതോറും വന്നും ഞാൻ നിങ്ങളെ പഠിപ്പിച്ചു. ദൈവത്തിലേക്കുള്ള മനഃപരിവർത്തനത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിലുള്ള വിശ്വാസത്തെക്കുറിച്ചും യഹൂദരുടെയും ഗ്രീക്കുകാരുടെയുമിടയിൽ ഞാൻ സാക്ഷ്യംനല്‌കി. ഇതാ, ഇപ്പോൾ പരിശുദ്‌ധാത്മാവാൽ നിർബന്‌ധിതനായി ഞാൻ ജറുസലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ. കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്‌തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം. എന്നാൽ, എന്റെ ജീവൻ ഏതെങ്കിലും വിധത്തിൽ വിലപ്പെട്ടതായി ഞാൻ കണക്കാക്കുന്നില്ല. എന്റെ ഓട്ടം പൂർത്തിയാക്കണമെന്നും ദൈവത്തിന്റെ കൃപയുടെ സുവിശേഷത്തിനു സാക്‌ഷ്യം നല്കാൻ കർത്താവായ യേശുവിൽ നിന്നു ഞാൻ സ്വീകരിച്ചിട്ടുള്ള ദൗത്യം നിർവഹിക്കണമെന്നും മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെയിടയിൽ ഞാൻ സഞ്ചിരിച്ചു. എന്നാൽ ഇതാ, ഇനിയൊരിക്കലും നിങ്ങൾ എന്റെ മുഖം ദർശിക്കയില്ലെന്ന് ഞാൻ ഇപ്പോൾ മനസ്‌സിലാക്കുന്നു. തൻമൂലം, നിങ്ങളിൽ ആരെങ്കിലും നഷ്‌ടപ്പെട്ടാൽ അവന്റെ രക്തത്തിൽ ഞാൻ ഉത്തരവാദിയല്ല എന്ന് ഇന്നു ഞാൻ പരസ്യമായി പ്രഖ്യാപിക്കുന്നു. എന്തെന്നാൽ, ദൈവത്തിന്റെ ഹിതം മുഴുവൻ നിങ്ങൾക്കു വെളിപ്പെടുത്തിത്തരുന്നതിൽനിന്ന് ഞാൻ ഒഴിഞ്ഞു മാറിയിട്ടില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിന് സ്തുതികളാലപിക്കുവിൻ. (അല്ലെങ്കിൽ: അല്ലേലുയാ!)
ദൈവമേ, അങ്ങ് ധാരാളം മഴപെയ്യിച്ചു; അങ്ങയുടെ വാടിത്തളർന്നിരുന്ന അവകാശം പൂർവസ്‌ഥിതിയിലാക്കി. അങ്ങയുടെ അജഗണം അതിലൊരു വാസസ്‌ഥലം കണ്ടെത്തി; ദൈവമേ, അങ്ങയുടെ നൻമയാൽ ദരിദ്രർക്ക് ആവശ്യമായതെല്ലാം അങ്ങു നല്കി.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിന് സ്തുതികളാലപിക്കുവിൻ.
അനുദിനം നമ്മെ താങ്ങുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ! ദൈവമാണ് നമ്മുടെ രക്ഷ നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്. മരണത്തിൽനിന്നുള്ള മോചനം ദൈവമായ കർത്താവാണു നല്കുന്നത്.
ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിന് സ്തുതികളാലപിക്കുവിൻ.
അല്ലേലുയാ !
അല്ലേലൂയാ! (യോഹ 14 : 16) ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടന്ന് നിങ്ങൾക്കു തരുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(പിതാവേ, പുത്രനെ അങ്ങു മഹത്ത്വപ്പെടുത്തണമേ)
അക്കാലത്ത്, യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർഥിച്ചു: പിതാവേ, സമയമായിരിക്കുന്നു; പുത്രൻ അവിടത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ അങ്ങു മഹത്ത്വപ്പെടുത്തണമേ! എന്തെന്നാൽ, അവിടന്ന് അവനു നല്‌കിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ നല്കേണ്ടതിന്, എല്ലാവരുടെയുംമേൽ അവന് അവിടന്ന് അധികാരം നല്‌കിയിരിക്കുന്നുവല്ലോ. ഏകസത്യദൈവമായ അവിടത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ. അവിടന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടത്തെ ഞാൻ മഹത്ത്വപ്പെടുത്തി. ആകയാൽ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് എനിക്ക് അവിടത്തോടുകൂടെയുണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ അവിടത്തെ സന്നിധിയിൽ എന്നെ മഹത്ത്വപ്പെടുത്തണമേ. ലോകത്തിൽനിന്ന് അവിടന്ന് എനിക്കു നല്കി വർക്ക് അവിടത്തെ നാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‌കി. അവർ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു. അവിടന്ന് എനിക്കു നല്‌കിയതെല്ലാം അങ്ങിൽനിന്നാണെന്ന് അവർ ഇപ്പോൾ അറിയുന്നു.
എന്തെന്നാൽ, അങ്ങ് എനിക്കുനല്‌കിയ വചനം ഞാൻ അവർക്കു നല്‌കി. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ അടുക്കൽനിന്നു വന്നുവെന്ന് സത്യമായി അറിയുകയും അങ്ങ് എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്തു. ഞാൻ അവർക്കുവേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്. എന്തെന്നാൽ, അവർ അവിടത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. അങ്ങേക്കുള്ളതെല്ലാം എന്റേതും. ഞാൻ അവരിൽ മഹത്ത്വപ്പെട്ടിരിക്കുന്നു. ഇനിമേൽ ഞാൻ ലോകത്തിലല്ല; എന്നാൽ, അവർ ലോകത്തിലാണ്. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു.




