Word of God

പെസഹകാലം ആറാം വാരം : ബുധൻ വചനവായന

മെയ് 13 ബുധൻ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(നിങ്ങൾ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചുതന്നെയാണ് ഞാൻ നിങ്ങളോടു പ്രസംഗിക്കുന്നത്)

അക്കാലത്ത്, പൗലോസിന്റെ കൂടെപ്പോയിരുന്നവർ അവനെ ആഥൻസിൽ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്റെ അടുക്കൽ എത്തിച്ചേരണമെന്ന അവന്റെ നിർദേശവുമായി അവർ തിരിച്ചുപോന്നു.

അരെയോപ്പാഗസിന്റെ മധ്യത്തിൽ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥൻസ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്‌ഠയുള്ളവരാണു നിങ്ങളെന്ന് ഞാൻ മനസ്‌സിലാക്കുന്നു. ഞാൻ ഇതിലേ കടന്നുപോയപ്പോൾ നിങ്ങളുടെ ആരാധനവസ്‌തുക്കൾ നിരീക്‌ഷിച്ചു. അജ്‌ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാൻ കണ്ടു. നിങ്ങൾ ആരാധിക്കുന്ന ആ അജ്‌ഞാതനെക്കുറിച്ചുതന്നെയാണ് ഞാൻ നിങ്ങളോടു പ്രസംഗിക്കുന്നത്. പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്‌ടിച്ചവനും സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവുമായ ദൈവം മനുഷ്യനിർമിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളിൽനിന്ന് അവിടന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടന്നുതന്നെയാണ് എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനംചെയ്യുന്നത്. ഭൂമുഖം മുഴുവൻ വ്യാപിച്ചുവസിക്കാൻവേണ്ടി അവിടന്ന് ഒരുവനിൽനിന്ന് എല്ലാ ജനപദങ്ങളെയും സ്യഷ്‌ടിച്ചു; അവർക്ക് വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത് അവർ ദൈവത്തെ അന്വേഷിക്കുന്നതിനും, ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടന്ന് നമ്മിലാരിലും നിന്ന് അകലെയല്ല. എന്തെന്നാൽ, അവിടന്നിൽ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്ക്കുന്നു. നാം അവിടത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികൾ പറഞ്ഞിട്ടുണ്ടല്ലോ. നാം ദൈവത്തിന്റെ സന്താനങ്ങളാകയാൽ, മനുഷ്യൻ ഭാവനയും ശില്‌പവിദ്യയും ചേർന്ന് സ്വർണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്നു വിചാരിക്കരുത്. അജ്‌ഞതയുടെ കാലഘട്ടങ്ങൾ ദൈവം കണക്കിലെടുത്തില്ല. എന്നാൽ, ഇപ്പോൾ എല്ലായിടത്തുമുള്ള സകലജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടന്ന് ആജ്‌ഞാപിക്കുന്നു. എന്തെന്നാൽ, താൻ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യൻവഴി ലോകത്തെ മുഴുവൻ നീതിയോടെ വിധിക്കാൻ അവിടന്ന് ഒരുദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചുകൊണ്ട് അവിടന്ന് ഇതിന് ഉറപ്പുനല്‌കിയിട്ടുമുണ്ട്.

മരിച്ചവരുടെ ഉത്‌ഥാനത്തെപ്പറ്റി കേട്ടപ്പോൾ ചിലർ അവനെ പരിഹസിച്ചു. എന്നാൽ, ചിലർ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നിൽനിന്ന് ഞങ്ങൾ പിന്നീടൊരിക്കൽ കേട്ടുകൊള്ളാം. അങ്ങനെ പൗലോസ് അവരുടെയിടയിൽനിന്ന് പോയി. എന്നാൽ, കുറെയാളുകൾ അവനോടു ചേർന്ന് വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരൻ ഡയനീഷ്യസും ദമാറിസ് എന്നു പേരുള്ള സ്ത്രീയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനുശേഷം പൗലോസ് ആഥൻസ്‌വിട്ട് കോറിന്തോസിലെത്തി.

പ്രതിവചനസങ്കീർത്തനം

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ. (അല്ലെങ്കിൽ: അല്ലേലൂയാ!)

ആകാശത്തുനിന്നു കർത്താവിനെ സ്‌തുതിക്കുവിൻ. ഉന്നതങ്ങളിൽ അവിടത്തെ സ്‌തുതിക്കുവിൻ. കർത്താവിന്റെ ദൂതൻമാരേ, അവിടത്തെ സ്‌തുതിക്കുവിൻ; കർത്താവിന്റെ സൈന്യങ്ങളേ, അവിടത്തെ സ്തുതിക്കുവിൻ.

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ.

ഭൂമിയിലെ രാജാക്കൻമാരും ജനതകളും പ്രഭുക്കൻമാരും ഭരണാധികാരികളും യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും കർത്താവിന്റെ നാമം സ്‌തുതിക്കട്ടെ! അവിടത്തെ നാമം മാത്രമാണു സമുന്നതം; അവിടത്തെ മഹത്ത്വം ഭൂമിയെയും ആകാശത്തെയുംകാൾ ഉന്നതമാണ്.

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ.

അവിടന്ന് തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു: തന്നോടു ചേർന്നുനില്ക്കുന്ന ഇസ്രായേൽ ജനത്തിന്റെ മഹത്ത്വംതന്നെ. കർത്താവിനെ സ്‌തുതിക്കുവിൻ

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ.

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 14:16). ഞാൻ പിതാവിനോട് അപേ ക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടന്ന് നിങ്ങൾക്കു തരുകയും ചെയ്യും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സത്യാത്മാവുവരുമ്പോൾ നിങ്ങളെ സത്യത്തിൻ്റെ പൂർണതയിലേക്കു നയിക്കും)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പോൾ നിങ്ങൾക്കു കഴിവില്ല. സത്യാത്‌മാവുവരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും. അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവൻ എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്ത്വപ്പെടുത്തും. പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയിൽനിന്നു സ്വീകരിച്ച് അവൻ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാൻ പറഞ്ഞത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.