Word of God

പെസഹകാലം ആറാം വാരം : തിങ്കൾ വചനവായന

മെയ് 11 തിങ്കൾ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(പൗലോസ് പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു)

താവാസിൽനിന്നു ഞങ്ങൾ കപ്പൽകയറി നേരിട്ട് സമോത്രാക്കേയിലേക്കു യാത്രചെയ്‌തു; അടുത്ത ദിവസം നെയാപോളിസിലേക്കും, അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അത് മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാനനഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥ‌ലവുമായിരുന്നു. കുറെ ദിവസം ഞങ്ങൾ ആ നഗരത്തിൽ താമസിച്ചു.

നഗരകവാടത്തിനു പുറത്ത് നദീതീരത്ത് ഒരു പ്രാർഥനകേന്ദ്രമുണ്ടെന്നു തോന്നിയതിനാൽ അവിടേക്കു ഞങ്ങൾ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോട് ഞങ്ങൾ അവിടെയിരുന്നു സംസാരിച്ചു. ഞങ്ങളുടെ വാക്കുകൾകേട്ടവരുടെ കൂട്ടത്തിൽ തിയത്തീറാപട്ടണത്തിൽനിന്നു വന്ന പട്ടുവില്‌പനക്കാരിയും ദൈവഭക്തയുമായ ലീദിയാ എന്ന സ്ത്രീയുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞകാര്യങ്ങൾ സ്വീകരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു. കുടുംബസമേതം ജ്‌ഞാനസ്‌നാനം സ്വീകരിച്ച അവൾ ഞങ്ങളോടു പറഞ്ഞു: കർത്താവിൽ വിശ്വസിക്കുന്നവളായി എന്നെ നിങ്ങൾ ഗണിക്കുന്നെങ്കിൽ, ഇന്ന് എന്റെ ഭവനത്തിൽ വന്നു താമസിക്കാൻ ഞാൻ നിങ്ങളോട് അപേക്‌ഷിക്കുന്നു. ഞങ്ങൾ അവൾക്കു വഴങ്ങി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവ് തൻ്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു. (അല്ലെങ്കിൽ അല്ലേലൂയാ!)

കർത്താവിന് പുതിയ കീർത്തനമാലപിക്കുവിൻ, വിശുദ്ധരുടെ സമൂഹത്തിൽ അവിടത്തെ പാടിപ്പുകഴ്ത്തുവിൻ. ഇസ്രായേൽ തന്റെ സൃഷ്ടവിൽ സന്തോഷിക്കട്ടെ! സീയോൻമക്കൾ തങ്ങളുടെ രാജാവിൽ ആനന്‌ദിക്കട്ടെ!

കർത്താവ് തൻ്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു

നൃത്തം ചെയ്തുകൊണ്ട് അവർ അവിടത്തെ നാമം സ്തു‌തിക്കട്ടെ! തപ്പുകൊട്ടിയും കിന്നരം മീട്ടിയും അവർ അവിടത്തെ സ്‌തുതിക്കട്ടെ! എന്തെന്നാൽ, കർത്താവ് തന്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടന്നു വിജയമണിയിക്കുന്നു,

കർത്താവ് തൻ്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളിൽ ദൈവത്തിന്റെ സ്‌തുതി ഉയരട്ടെ, അവിടത്തെ വിശ്വസ്തർക്ക് ഇതു മഹത്ത്വമാണ്.

കർത്താവ് തൻ്റെ ജനത്തിൽ സംപ്രീതനായിരിക്കുന്നു

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നല്കും. നിങ്ങളും സാക്ഷ്യം നല്കും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ആ സത്യാജാവു വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നല്‌കും)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു:ഞാൻ പിതാവിൻെറ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്‌മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്‌ഷ്യം നല്‌കും. ആരംഭംമുതൽ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നല്‌കും. നിങ്ങൾക്ക് ഇടർച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാൻ ഇതെല്ലാം നിങ്ങളോടുപറഞ്ഞത്. അവർ നിങ്ങളെ സിനഗോഗുകളിൽനിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിനു ബലിയർപ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും. അവരുടെ സമയം വരുമ്പോൾ, ഇതു ഞാൻ പറഞ്ഞിരുന്നു എന്നു നിങ്ങൾ ഓർമിക്കാൻവേണ്ടി ഞാൻ ഇത് നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങൾ ആരംഭത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.