മെയ് 12 ചൊവ്വ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കടുംബവും രക്ഷപ്രാപിക്കും)
അക്കാലത്ത്, ജനക്കൂട്ടം ഒന്നാകെ അവർക്കെതിരായി ഇളകി. വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാൻ ന്യായാധിപൻമാർ കല്പന നല്‌കി. അവർ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവർക്കു ശ്രദ്‌ധാപൂർവം കാവലനില്ക്കാൻ പാറാവുകാരനു നിർദേശം കൊടുക്കുകയും ചെയ്തു. അവൻ കല്‌പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകൾക്ക് ആമംവച്ചു. അർധ രാത്രിയോടടുത്ത് പൗലോസും സീലാസും കീർത്തനം പാടി ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. തടവുകാർ അതു കേട്ടു കൊണ്ടിരുന്നു.
പെട്ടെന്ന് വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞുവീണു. കാവല്ക്കാരൻ ഉണർന്നപ്പോൾ കാരാഗൃഹവാതിലുകൾ തുറന്നുകിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്‌ഷപ്പെട്ടെന്നും വിചാരിച്ച് അവൻ വാൾ ഊരി ആത്മഹത്യയ്ക്കൊരുങ്ങി. എന്നാൽ, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്. വിളക്കുകൊണ്ടുവരാൻ വിളിച്ചു പറഞ്ഞിട്ട് അവൻ അകത്തേക്കോടി. പേടിച്ചുവിറച്ച് അവൻ പൗലോസിന്റെയും സീലാസിന്റെയും കാല്ക്കൽ വീണു. അവരെ പുറത്തേക്കു കൊണ്ടുവന്ന് അവൻ ചോദിച്ചു: യജമാനൻമാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തുചെയ്യണം? അവർ പറഞ്ഞു: കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. അവർ അവനോടും അവന്റെ വീട്ടിലുള്ളവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു. അവൻ ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. അപ്പോൾത്തന്നെ അവനും കുടുംബവും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയുംചെയ്തു. അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന് അവർക്കു ഭക്ഷണം വിളമ്പി. ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവനും കുടുംബാംഗങ്ങളും അത്യന്തം ആനന്ദിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, അവിടത്തെ വലത്തുകൈ എന്നെ രക്ഷിക്കും (അല്ലെങ്കിൽ: അല്ലേലൂയാ!)
കത്താവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവൻമാരുടെമുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്‌ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു.
കർത്താവേ, അവിടത്തെ വലത്തുകൈ എന്നെ രക്ഷിക്കും
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓർത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാൻ വിളിച്ചപേക്‌ഷിച്ച നാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എന്റെ ആത്മാവിൽ ധൈര്യം പകർന്ന് എന്നെ ശക്തിപ്പെടുത്തി.
കർത്താവേ അവിടത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
അവിടത്തെ വലത്തുകൈ എന്നെ രക്ഷിക്കും. എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കർത്താവു നിറവേറ്റും; കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷ്ഷിക്കരുതേ!
കർത്താവേ, അവിടത്തെ വലത്തുകൈ എന്നെ രക്ഷിക്കും
അല്ലേലൂയാ !
അല്ലേലൂയാ! (cf. യോഹ 16:7+13). കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിങ്ങളുടെ അടുക്കലേക്ക് സത്യാത്മാവിനെ അയയ്ക്കും. അവൻ നിങ്ങളെ എല്ലാ സത്യവും പഠിപ്പിക്കും. അല്ലേലൂയാ
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു; ഇപ്പോൾ ഞാൻ എന്നെ അയച്ചവന്റെ അടുക്കലേക്കു പോവുകയാണ്. എന്നിട്ടും നീ എവിടെപ്പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞതുകൊണ്ട്, നിങ്ങളുടെ ഹൃദയം ദുഃഖപൂരിതമായിരിക്കുന്നു. എങ്കിലും, സത്യം ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നൻമയ് ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്. ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയയ് ക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായ വിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങൾ ഇനിമേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.




