ഏപ്രിൽ 16 വ്യാഴം
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(തന്നെ അനുസരിക്കുന്നവർക്ക് ദൈവം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്)
അക്കാലത്ത്, ദേവാലായാധികാരികൾ അപ്പസ്തോലന്മാരെ കൊണ്ടുവന്ന് സംഘത്തിന്റെ മുമ്പിൽ നിർത്തി. പ്രധാന പുരോഹിതൻ അവരോടു പറഞ്ഞു: ഈ നാമത്തിൽ പഠിപ്പിക്കരുതെന്ന് എന്ന് ഞങ്ങൾ കർശനമായി കല്‌പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ പ്രബോധനംകൊണ്ട് ജറുസലേം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്തം ഞങ്ങളുടെമേൽ ആരോപിക്കാൻ നിങ്ങൾ ഉദ്യമിക്കുകയും ചെയ്യുന്നു. പത്രോസും അപ്പസ് തോലൻമാരും പ്രതിവചിച്ചു: മനുഷ്യരെക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കൻമാരുടെ ദൈവം ഉയിർപ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നല്‌കാൻ ദൈവം അവനെ നാഥനും രക്ഷകനുമായി തൻ്റെ വലത്തുഭാഗത്തേക്ക് ഉയർത്തി. ഈ സംഭവങ്ങൾക്ക് ഞങ്ങൾ സാക്‌ഷികളാണ്. തന്നെ അനുസരിക്കുന്നവർക്ക് ദൈവം പ്രദാനംചെയ്യുന്ന പരിശുദ്‌ധാത്മാവ് ഇതിനു സാക്ഷിയാണ്. ഇതുകേട്ടപ്പോൾ അവർ ക്‌ഷുഭിതരാവുകയും അപ്പസ്തോലൻമാരെ വധിക്കാൻ ആഗ്രഹിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു. (അല്ലെങ്കിൽ അല്ലേലൂയാ!)
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തുത്തും, അവിടത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ, അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു
ദുഷ്‌കർമികളുടെ ഓർമഭൂമിയിൽനിന്നു വിച്‌ഛേദിക്കാൻ കർത്താവ് അവർക്കെതിരേ മുഖം തിരിക്കുന്നു. നീതിമാൻമാർ സഹായത്തിനു നിലവിളിക്കുമ്പോൾ കർത്താവു കേൾക്കുന്നു. അവരെ സകലവിധ കഷ്‌ടതകളിലുംനിന്ന് രക്ഷിക്കുന്നു.
ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്‌ഥനാണ്. മനമുരുകിയവരെ അവിടന്നു രക്ഷിക്കുന്നു. നീതിമാന്റെ ക്ളേശങ്ങൾ അസംഖ്യമാണ്, അവയിൽനിന്നെല്ലാം കർത്താവ് അവനെ മോചിപ്പിക്കുന്നു.
ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 20:29). കർത്താവ് തോമസിനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(പിതാവ് പുത്രനെ സ്നേഹിക്കുന്നു എല്ലാം അവൻ്റെ കൈകളിൽ ഏറ്പിക്കുകയും ചെയ്‌തിരിക്കുന്നു)
അക്കാലത്ത്, യേശു നിക്കൊദേമോസിനോട് അരുളിച്ചെയ്തു ഉന്നതത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും ഉപരിയാണ്. ഭൂമിയിൽനിന്നുള്ളവൻ ഭൂമിയുടേതാണ്. അവൻ ഭൗമിക കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു. സ്വർഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും ഉപരിയാണ്. അവൻ കാണുകയും കേൾക്കുകയും ചെയ്തതതിനെപ്പറ്റി സാക്‌ഷ്യപ്പെടുത്തുന്നു; എങ്കിലും, അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്റെ സാക്‌ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാനാണ് എന്നതിനു മുദ്രവയ്ക്കുന്നു. ദൈവം അയച്ചവൻ ദൈവത്തിന്റെ വാക്കുകൾ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്‌മാവിനെ കൊടുക്കുന്നത്. പിതാവ് പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്റെ കൈകളിൽ ഏല്പ്‌പിക്കുകയും ചെയ്‌തിരിക്കുന്നു. പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ലഭിക്കുന്നു. എന്നാൽ, പുത്രനെ അനുസരിക്കാത്തവൻ ജീവൻ ദർശിക്കുകയില്ല. ദൈവകോപം അവന്റെ മേലുണ്ട്.




