Kerala

ബജ്റംഗദൾ പ്രവർത്തകർക്ക്‌ ഒരു കന്യാസ്ത്രിയുടെ തുറന്ന കത്ത്‌

സിസ്റ്റർ സോണിയ കെ. ചാക്കോ DC

എന്റെ സഹോദരരായ ബജ്റംഗദള്‍ അംഗങ്ങളെ,

ഇതാ കഴിഞ്ഞ മൂന്ന് – നാല് പതിറ്റാണ്ടുകളായി നിങ്ങള്‍ വിളിക്കുന്ന “മതപരിവർത്തനത്തിന്” വേണ്ടി ഞങ്ങള്‍ അതിരാവിലെ പല്ല് തേച്ച്‌ കുളിപ്പിച്ച്‌ രാത്രിയില്‍ ഉറങ്ങും വരെ പരിപാലിക്കുന്നവരുടെ ചില ഫോട്ടോകള്‍. എൻ്റെ ക്യാമറയില്‍ ഞാൻ പകർത്തിയവയാണ്.
ഇവർ “എല്ലാവരും” ഞങ്ങള്‍ക്ക് അനിയത്തിമാരും, ചേച്ചിമാരും, അമ്മമാരും ആണ്. എന്നാല്‍ നിങ്ങളുടെ ഭാഷയില്‍ “ഹിന്ദു മതത്തില്‍ പെട്ടവരാണ്”. ഇവരിലാരും ക്രിസ്ത്യാനിയല്ല. ക്രിസ്ത്യാനിയായിട്ടുമില്ല.
ഒറ്റ ദിവസം, ഒരേ ഒരു ദിവസം ഒന്നു വന്ന്, ഞങ്ങള്‍ ചെയ്യുന്നത് പോലെ അവരെ പരിപാലിച്ച്‌ ഒന്ന് മതം മാറ്റാൻ ശ്രമിക്കാമോ? അവർക്ക് ബുദ്ധിയില്ല, ആരോഗ്യം ഇത്തിരി കുറവാണ്, പിന്നെ അറിയാവുന്ന ഒറ്റ ഭാഷ സ്നേഹമാണ്. ചലഞ്ച് ആണ്. പിന്നെ, നിങ്ങള്‍ക്ക് ഞങ്ങളുടെ ഏത് ആശുപത്രിയില്‍ നിന്നുമാണ് മതപരിവർത്തന ഗുളികകളും, ഓപ്പറേഷനും കിട്ടിയിട്ടുള്ളത്? ഏതു സ്കൂളിലാണ് കത്തോലിക്കാ സഭാ വിശ്വാസം പാഠ്യവിഷയമായി ഉള്ളത്? ഉത്തരം കാത്തിരിക്കുന്നു.

കഴിഞ്ഞ 55 വർഷമായി സേവനം ചെയ്യുന്ന ഉത്തരേന്ത്യയിലെ ഞങ്ങളുടെ ഒരു ആശുപത്രിയില്‍ ഞാൻ പതിനഞ്ചു വർഷങ്ങള്‍ മുന്നേ സഹായിക്കാനായി പോയി. അന്ന് അവിടെ വന്നവരില്‍ പലരും എഡ്സ് രോഗികളും ക്ഷയ രോഗികളും ആരുന്നു. അവരില്‍ 99. 9 ശതമാനവും നിങ്ങളുടെ മതക്കാരും, പാർട്ടിക്കാരും ആയിരുന്നു. അവരില്‍ ആർക്കേലും മതപരിവർത്തന ഗുളിക ഡോട്ട് ഗുളികക്ക് പകരം കിട്ടിയെങ്കില്‍ അറിയിക്കണേ.
നിങ്ങള്‍ കൂട്ടമായി വാളും വടിയുമായി ഓടിവന്ന് “സ്കൂളും അനാഥാലങ്ങളും ” അടപ്പിക്കുമ്പോള്‍, ഞങ്ങള്‍ക്ക് കയ്യില്‍ കൊന്തയും ഉളളില്‍ ഈശോയും മാത്രം. അതു മാത്രം മതി.

എന്നാലും, അഭിമാനത്തോടെ ഞങ്ങൾക്ക്‌ പറയാനുള്ളത് കേള്‍ക്കൂ. ഈ രാജ്യത്തിൻ്റെ മുൻനിരയിലുള്ള ഉന്നതരില്‍ ഭൂരിപക്ഷംപേരും ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ “പരിവർത്തനം” ചെയ്യപ്പെട്ടവരാണ്. നിങ്ങള്‍ ചലഞ്ച് ഏറ്റു വരുന്നത് കാത്തിരിക്കുന്നു.
ഒരു കാര്യം കൂടി… ഇന്ത്യയിലെ വെറും 2%-ത്തെ എന്തിനാണ് 70% പേടിക്കുന്നത്?
വരുന്ന തലമുറ ഈ കാടത്തരത്തിനെ ചോദ്യം ചെയ്യുമ്പോള്‍ ഉത്തരം പറഞ്ഞേ മതിയാവൂ…

ഒന്ന് ഓർത്തോളൂ… കൊന്നവരും, കൊലവിളി നടത്തിയവരും അവസാനം പശ്ചാത്തപിച്ച്‌ കുരിശിനെ കെട്ടിപ്പിടിക്കുന്നതാണിപ്പോള്‍ പരിവർത്തന ചരിത്രം.

ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേതഗദി നിലനില്ക്കുന്നിടത്തോളം കാലം എൻ്റെ സന്യാസസഭാ വസ്ത്രത്തില്‍ ഞാൻ ജീവിക്കും, ഞങ്ങള്‍ ജീവിക്കും, പ്രഘോഷിക്കും കത്തോലിക്ക സന്യാസിനിയായി…

ഓർത്തോളൂ…
എത്ര വലിയ തടങ്കലില്‍ അടച്ചാലും മാഞ്ഞു പോവുന്നതല്ല ഞങ്ങളുടെ വിശ്വാസം. എത്ര തടഞ്ഞാലും, കൊന്നാലും ഞങ്ങള്‍ ജീവിക്കും – മരണം വരെ യേശു ക്രിസ്തുവിന് വേണ്ടി. ജയ് ജയ് ക്രിസ്തുരാജാ !

NB: (ഞങ്ങള്‍ 12 വർഷം സ്കൂള്‍ അസംബ്ലിയില്‍ ആവർത്തിച്ച പ്രതിജ്ഞ മനസ്സില്‍ ഉള്ളതിനാലും, ഈശോ മത്തായിയുടെ സുവിശേഷം 25: 40 – ല്‍ വിളിക്കുന്നതിനാലും ആണ് നേരില്‍ കാണാത്ത നിങ്ങളെ സഹോദരർ എന്ന് അഭിസംബോധന ചെയ്തത്)

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.