Word of God

വി. യാക്കോബ് അപ്പസ്തോലൻ (തിരുനാൾ) വചനവായന

ജൂലൈ 25 ശനി

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്

(അവിടത്തെ മരണം ഞങ്ങൾ എല്ലായ്പ്‌പോഴും ശരീരത്തിൽ സംവഹിക്കുന്നു)

സഹോദരരേ, പരമമായ ശക്‌തി ദൈവത്തിന്റെതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടുന്നു; എങ്കിലും പരിത്യക്‌തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെടുന്നില്ല. യേശുവിൻെറ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്‌ഷമാകുന്നതിന് അവിടത്തെ മരണം ഞങ്ങൾ എല്ലായ്പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു. ഞങ്ങളുടെ മർത്ത്യ ശരീരത്തിൽ യേശുവിന്റെ ജീവൻ പ്രത്യക്‌ഷമാകേണ്ടതിന് ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുവിനെപ്രതി സദാ മരണത്തിന് ഏല്പിക്കപ്പെടുന്നു. തന്നിമിത്തം, ഞങ്ങളിൽ മരണവും നിങ്ങളിൽ ജീവനും പ്രവർത്തിക്കുന്നു. ഞാൻ വിശ്വസിച്ചു; അതിനാൽ ഞാൻ സംസാരിച്ചു എന്ന് എഴുതിയവന്റെ വിശ്വാസചൈതന്യംതന്നെ ഞങ്ങൾക്കുള്ളതു കൊണ്ട് ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ യേശുവിനോടുകൂടെ ഞങ്ങളെയും ഉയിർപ്പിക്കുമെന്നും നിങ്ങളോടൊപ്പം അവിടത്തെ സന്നിധിയിൽ കൊണ്ടുവരുമെന്നും ഞങ്ങൾ അറിയുന്നു. ഇതെല്ലാം നിങ്ങൾക്കുവേണ്ടിയാണ്. അങ്ങനെ കൂടുതൽ കൂടുതൽ ആളുകളിൽ കൃപ സമ്യദ്‌ധമാകുന്നതുവഴി, ദൈവമഹത്ത്വത്തിനു കൂടുതൽ കൃതജ്‌ഞത അർപ്പിക്കപ്പെടുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ!

കർത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടു വന്നപ്പോൾ അത് ഒരു സ്വപ്‌നമായിത്തോന്നി. അന്നു ഞങ്ങൾ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി.

കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ!

കർത്താവ് അവരുടെയിടയിൽ വൻകാര്യങ്ങൾ ചെയ്‌തിരിക്കുന്നു എന്ന് ജനതകളുടെയിടയിൽ പ്രഘോഷിക്കപ്പെട്ടു. കർത്താവു ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്‌തിരിക്കുന്നു; ഞങ്ങൾ സന്തോഷിക്കുന്നു.

കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ!

നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കർത്താവേ, ഞങ്ങളുടെ ഐശ്വര്യം പുനഃസ്‌ഥാപിക്കണമേ! കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവൻ കറ്റ ചുമന്നുകൊണ്ട് ആഹ്ളാദത്തോടെ വീട്ടിലേക്കു മടങ്ങും.

കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്‌ദഘോഷത്തോടെ കൊയ്യട്ടെ!

അല്ലേലൂയാ !

അല്ലേലൂയാ! (cf. യോഹ 15:16). കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എൻ്റെ പാനപാത്രം നിങ്ങൾ കുടിക്കും)

അക്കാലത്ത്, സെബദീപുത്രൻമാരുടെ മാതാവ് തന്റെ പുത്രൻമാരോടുകൂടെ വന്ന് യേശുവിൻ്റെ മുമ്പിൽ യാചനാപൂർവം പ്രണമിച്ചു. അവൻ അവളോടു ചോദിച്ചു: നിനക്ക് എന്താണു വേണ്ടത്? അവൾ പറഞ്ഞു: നിൻ്റെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രൻമാരിൽ ഒരുവൻ നിന്റെ വലത്തുവശത്തും അപരൻ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‌പിക്കണമേ! യേശു മറുപടിനല്കി: നിങ്ങൾ ചോദിക്കുന്നതെന്താണെന്നു നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? അവർ പറഞ്ഞു: ഞങ്ങൾക്കു കഴിയും. അവൻ അവരോടു പറഞ്ഞു: എൻ്റെ പാനപാത്രം തീർച്ചയായും നിങ്ങൾ കുടിക്കും. എന്നാൽ, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങൾക്കു നല്കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആർക്കുവേണ്ടി സജ്‌ജമാക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്. ഇതു കേട്ടപ്പോൾ ബാക്കി പത്തു പേർക്കും ആ രണ്ടുസഹോദരൻമാരോട് അമർഷം തോന്നി. എന്നാൽ, യേശു അവരെ അടുത്തുവിളിച്ച് ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെമേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ. എന്നാൽ, നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെതന്നെ.

കർത്താവിൻ്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.