മെയ് 14 വ്യാഴം
ഒന്നാം വായന
അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലൻമാരോടുകൂടെ അവൻ എണ്ണപ്പെടുകയും ചെയ്തു)
അക്കാലത്ത്, നൂറ്റിയിരുപതോളം സഹോദരർ സമ്മേളിച്ചിരിക്കേ, പത്രോസ് അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പ്രസ്താവിച്ചു സഹോദരരേ, യേശുവിനെ പിടിക്കാൻ വന്നവർക്കു നേതൃത്വം നല്കിയ യൂദാസിനെക്കുറിച്ച് ദാവീദുവഴി പരിശുദ്ധാത്മാവ് അരുൾചെയ്ത വചനം പൂർത്തിയാകേണ്ടിയിരുന്നു. അവൻ നമ്മിലൊരുവനായി എണ്ണപ്പെടുകയും ഈ ശുശ്രൂഷയിൽ അവനു ഭാഗഭാഗിത്വം ലഭിക്കുകയും ചെയ്തിരുന്നു. അവന്റെ ഭവനം ശൂന്യമായിത്തീരട്ടെ. ആരും അതിൽ വസിക്കാതിരിക്കട്ടെ എന്നും അവന്റെ ശുശ്രൂഷയുടെ സ്ഥാനം മറ്റൊരുവൻ ഏറ്റെടുക്കട്ടെ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു. അതിനാൽ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിന് ഒരാൾ ഞങ്ങളോടൊപ്പം സാക്ഷിയായിരിക്കണം. യോഹന്നാന്റെ സ്നാനം മുതൽ നമ്മിൽനിന്ന് ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ട നാൾവരെ, യേശു നമ്മോടൊപ്പം സഞ്ചരിച്ചിരുന്ന കാലം മുഴുവനും, നമ്മുടെ കൂടെയുണ്ടായിരുന്നവരിൽ ഒരുവനായിരിക്കണം അവൻ. അവർ ബാർസബാസ് എന്നു വിളിക്കപ്പെട്ടിരുന്ന ജോസഫ്, മത്തിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു. ജോസഫിനു യൂസ്തോസ് എന്നും പേരുണ്ടായിരുന്നു. അവർ പ്രാർഥിച്ചു: കർത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങൾ അങ്ങ് അറിയുന്നുവല്ലോ. യൂദാസ് താൻ അർഹിച്ചിരുന്നിടത്തേക്കു പോകാൻവേണ്ടി ഉപേക്ഷിച്ച അപ്പസ്തോലസ്ഥാനവും ശുശ്രൂഷാപദവിയും സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണമേ. പിന്നെ അവർ കുറിയിട്ടു. മത്തിയാസിനു കുറി വീണു. പതിനൊന്ന് അപ്പസ്തോലൻമാരോടുകൂടെ അവൻ എണ്ണപ്പെടുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം, കർത്താവ് അവരെ ഇരുത്തുന്നു. (അല്ലെങ്കിൽ: അല്ലേലൂയാ!)
കർത്താവിന്റെ ദാസരേ, അവിടത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമം സ്തുതിക്കുവിൻ! കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം, കർത്താവ് അവരെ ഇരുത്തുന്നു
ഉദയം മുതൽ അസ്തമയംവരെ കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ! കർത്താവു സകല ജനതകളുടെയുംമേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു
തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം, കർത്താവ് അവരെ ഇരുത്തുന്നു.
നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവിടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം, കർത്താവ് അവരെ ഇരുത്തുന്നു
അവിടന്ന് ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു. അഗതിയെ ചാരക്കൂനയിൽനിന്ന് ഉദ്ധരിക്കുന്നു. അവരെ പ്രഭുക്കൻ മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം ഇരുത്തുന്നു.
തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം, കർത്താവ് അവരെ ഇരുത്തുന്നു
അല്ലേലുയാ !
അല്ലേലൂയാ! (cf. യോഹ 15:16). കർത്താവ് അരുൾചെയ്യുന്നു: നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല. ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്)
അക്കാലത്ത്, യേശു തന്റെ ശിഷ്യൻമാരോട് അരുൾചെയ്തു: പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ. ഞാൻ എന്റെ പിതാവിൻെറ കല്പനകൾ പാലിച്ച് അവിടത്തെ സ്നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എന്റെ കല്പനകൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനില്ക്കും. ഇത് ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്.
ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല. ഞാൻ നിങ്ങളോടു കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനി ഞാൻ നിങ്ങളെ ദാസൻമാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതൻമാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നുകേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത് നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടന്നു നിങ്ങൾക്കു നല്കും. ഞാൻ നിങ്ങളോടു കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ.




