മെയ് 15 വെള്ളി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(ഈ നഗരത്തിൽ എനിക്ക് ഏറെ ആളുകളുണ്ട്)
രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലോസിനോടു പറഞ്ഞു: ഭയപ്പെടേണ്ടാ, നിശ്‌ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാൽ, ഞാൻ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തിൽ എനിക്ക് ഏറെ ആളുകളുണ്ട്. പൗലോസ് അവരുടെയിടയിൽ ദൈവവചനം പഠിപ്പിച്ചുകൊണ്ട് അവിടെ ഒരു വർഷവും ആറു മാസവും താമസിച്ചു.
ഗാല്ലിയോ അക്കായിയായിൽ ഉപസ്ഥാനപതിയായിരിക്കുമ്പോൾ, യഹുദർ പൗലോസിനെതിരേ സംഘടിതമായ ഒരാക്രമണം നടത്തി. അവർ അവനെ ന്യായാസനത്തിനു മുമ്പിൽ കൊണ്ടുവന്ന് ഇപ്രകാരം പറഞ്ഞു: ഈ മനുഷ്യൻ നിയമവിരുദ്ധമായരീതിയിൽ ദൈവാരാധനനടത്താൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പൗലോസ് സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും ഗാല്ലിയോ യഹൂദരോടു പറഞ്ഞു: യഹൂദരേ, വല്ല കുറ്റ കൃത്യത്തിന്റെയോ ഗുരുതരമായ പാതകത്തിൻെറയോ കാര്യമാണെങ്കിൽ, നിങ്ങൾ പറയുന്നത് തീർച്ചയായും ഞാൻ കേൾക്കുമായിരുന്നു. എന്നാൽ, ഇതു വാക്കുകളെക്കുറിച്ചും പേരുകളെക്കുറിച്ചും നിങ്ങളുടെ നിയമത്തെക്കുറിച്ചുമുള്ള പ്രശ്‌നമാകയാൽ നിങ്ങൾ തന്നെകൈകാര്യം ചെയ്യുക; ഇക്കാര്യങ്ങളുടെ വിധികർത്താവാകാൻ ഞാൻ ഒരുക്കമല്ല. അവൻ ന്യായാസനത്തിനു മുമ്പിൽ നിന്ന് അവരെ പുറത്താക്കി. അവരെല്ലാം ഒന്നുചേർന്ന് സിനഗോഗധികാരിയായ സൊസ്തനേസിനെപ്പിടിച്ച് കോടതിയുടെ മുമ്പിൽ വച്ചുതന്നെ അടിച്ചു. എന്നാൽ ഗാല്ലിയോ ഇതൊന്നും ശ്രദ്‌ധിച്ചതേയില്ല.
പൗലോസ് കുറെനാൾകൂടി അവിടെ താമസിച്ചിട്ട്, സഹോദരരോടു യാത്രപറഞ്ഞ് സിറിയായിലേക്കു കപ്പൽ കയറി. പ്രിഷില്ലയും അക്വീലായും അവന്റെ കൂടെപ്പോയി. അവനു നേർച്ചയുണ്ടായിരുന്നതിനാൽ, കെങ്ക്റെയിൽ വച്ച് തല മുൺഡനം ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്. (അല്ലെങ്കിൽ അല്ലേലൂയാ!)
ജനതകളേ, കരഘോഷം മുഴക്കുവിൻ. ദൈവത്തിൻ്റെ മുൻപിൽ ആഹ്ളാദാരവം മുഴക്കുവിൻ. അത്യുന്നതനായ കർത്താവു ഭീതിദനാണ്; അവിടന്ന് ഭൂമി മുഴുവൻെറയും രാജാവാണ്.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
അവിടന്ന് രാജ്യങ്ങളുടെമേൽ നമുക്ക് വിജയംനേടിത്തന്നു; ജനതകളെ നമ്മുടെ കാല്ക്കീഴിലാക്കി. അവിടന്ന് നമ്മുടെ അവകാശം തിരഞ്ഞെടുത്തുതന്നു; താൻ സ്നേഹിക്കുന്ന യാക്കോബിന്റെ അഭിമാനം തന്നെ.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
ജയഘോഷത്തോടും കാഹളനാദത്തോടുംകൂടെ ദൈവമായ കർത്താവ് ആരോഹണം ചെയ്‌തു. ദൈവത്തെ പാടിപ്പുകഴ്ത്തുവിൻ; സ്തോത്രങ്ങളാലപിക്കുവിൻ; നമ്മുടെ രാജാവിനു സ്തുതികളുതിർക്കുവിൻ; കീർത്തനങ്ങളാലപിക്കുവിൻ.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്.
അല്ലേലൂയാ !
അല്ലേലൂയാ! (cf. ലൂക്കാ 24 :4b+2b). ക്രിസ്‌തു സഹിക്കുകയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ് അവിടുത്തെ മഹത്ത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അക്കാലത്തി, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു)
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാൽ ലോകം സന്തോഷിക്കും. നിങ്ങൾ ദുഃഖിതരാകും; എന്നാൽ, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്ക് പ്രസവവേദന ആരംഭിക്കുമ്പോൾ അവളുടെ സമയം വന്നതുകൊണ്ട് അവൾക്കു ദുഃഖമുണ്ടാകുന്നു. എന്നാൽ, ശിശുവിനെ പ്രസവിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം, ആ വേദന പിന്നീടൊരിക്കലും അവൾ ഓർമിക്കുന്നില്ല. അതുപോലെ ഇപ്പോൾ നിങ്ങളും ദുഃഖിതരാണ്. എന്നാൽ ഞാൻ വീണ്ടും നിങ്ങളെ കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളിൽ നിന്ന് എടുത്തു കളയുകയുമില്ല. അന്ന് നിങ്ങൾ എന്നോട് ഒന്നും ചോദിക്കുകയില്ല.




