ജൂലൈ 03 വെള്ളി
ഒന്നാം വായന
ഉത്പത്തി പുസ്തകത്തിൽനിന്ന്
(നിന്റെ ദേശത്തെയും ബന്ധുക്കളെയും പിത്യഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക)
അക്കാലത്ത് കർത്താവ് അബ്രാമിനോട് അരുൾചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കർത്താവുകല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു.
പ്രതിവചനസങ്കീർത്തനം
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
ജനതകളേ, കർത്താവിനെ സ്‌തുതിക്കുവിൻ; ജനപദങ്ങളേ, അവിടത്തെ പുകഴ്ത്തുവിൻ.
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
നമ്മോടുള്ള അവിടത്തെ കാരുണ്യം ശക്തമാണ്; കർത്താവിന്റെ വിശ്വസ്‌തത എന്നേക്കും നിലനില്ക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ.
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
രണ്ടാം വായന
പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(നിങ്ങൾ അപ്പസ്തോലന്മാരുടെ അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്നു)
സഹോദരരേ, ഇനിമേൽ നിങ്ങൾ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലൻമാരും പ്രവാചകൻമാരുമാകുന്ന അടിത്തറ മേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്. ക്രിസ്തുവിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; കർത്താവിൽ പരിശുദ്‌ധമായ ആലയമായി അതു വളർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിൽ ദൈവത്തിൻറെ വാസസ്‌ഥലമായി നിങ്ങളും അവനിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 20 : 29) തോമ്മാ, നീ എന്നെ കണ്ടതു കൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യ വാന്മാർ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എൻ്റെ കർത്താവേ, എൻ്റെ ദൈവമേ!)
പന്ത്രണ്ടുപേരിലൊരുവനും ദീദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, യേശു വന്നപ്പോൾ അവരോടുകൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റു ശിഷ്യൻമാർ അവനോടു പറഞ്ഞു: ഞങ്ങൾ കർത്താവിനെ കണ്ടു. എന്നാൽ, അവൻ പറഞ്ഞു: അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എൻ്റെ കൈ വയ്ക്കുകയും ചെയ്‌തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല. എട്ടുദിവസങ്ങൾക്കുശേഷം വീണ്ടും അവന്റെ ശിഷ്യൻമാർ വീട്ടിലായിരുന്നപ്പോൾ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകൾ അടച്ചിരുന്നു. യേശു വന്ന് അവരുടെ മധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! അവൻ തോമസിനോടു പറഞ്ഞു: നിന്റെ വിരൽ ഇവിടെ കൊണ്ടുവരുക; എന്റെ കൈകൾ കാണുക; നിൻ്റെ കൈ നീട്ടി എൻെറ പാർശ്വത്തിൽ വയ്ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക. തോമസ് പറഞ്ഞു: എൻ്റെ കർത്താവേ, എൻെറ ദൈവമേ! യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ.




