ജൂലൈ 02 വ്യാഴം
ഒന്നാം വായന
ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(എന്റെ ജനമായ ഇസ്രായേലിൽ ചെന്ന് പ്രവചിക്കുക)
അക്കാലത്ത്, ബഥേലിലെ പുരോഹിതനായ അമാസിയാ ഇസ്രായേൽരാജാവായ ജറോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേൽ ഭവനത്തിന്റെ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകൾ പൊറുക്കാൻ നാടിനു കഴിയുന്നില്ല. കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേൽ സ്വന്തം നാട്ടിൽനിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു. അമാസിയാ ആമോസിനോടു പറഞ്ഞു: ദീർഘദർശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹർവൃത്തി കഴിച്ചുകൊള്ളുക. ഇനിമേൽ ബഥേലിൽ പ്രവചിക്കരുത്. ഇതു രാജാവിന്റെ ശ്രീകോവിലും രാജ്യത്തിന്റെ ക്ഷേത്രവുമാണ്. ആമോസ് മറുപടി പറഞ്ഞു: ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാൻ ആട്ടിടയനാണ്. സിക്കമൂർമരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് കർത്താവ് അരുൾചെയ്തു: എന്റെ ജനമായ ഇസ്രായേലിൽ ചെന്ന് പ്രവചിക്കുക. അതിനാൽ, ഇപ്പോൾ കർത്താവിന്റെ വാക്കു കേൾക്കുക. ഇസ്രായേലിനെതിരേ പ്രവചിക്കരുതെന്നും ഇസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. അതിനാൽ, കർത്താവ് അരുൾ ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയായിത്തീരും. നിന്റെ പുത്രൻമാരും പുത്രികളും വാളിനിരയാകും, നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. ഇസ്രായേൽ തീർച്ചയായും സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിൻെറ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണമാണ്.
കർത്താവിന്റെ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവൻ പകരുന്നു. കർത്താവിൻെറ സാക്ഷ്യം വിശ്വാ സ്യമാണ്; അതു വിനീതരെ വിജ്‌ഞാനികളാക്കുന്നു:
കർത്താവിൻെറ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണമാണ്.
കർത്താവിന്റെ കല്‌പനകൾ നീതിയുക്‌തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കർത്താവിന്റെ പ്രമാണം വിശുദ്ധമാണ്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
കർത്താവിൻെറ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണമാണ്.
ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനില്ക്കുന്നു; കർത്താവിന്റെ വിധികൾ സത്യമാണ്; അവ തികച്ചും നീതി പൂർണമാണ്.
കർത്താവിൻെറ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണമാണ്.
അവ പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യമാണ്; അവ തേനിനെയും തേൻകട്ടയെയുംകാൾ മധുരമാണ്.
കർത്താവിൻെറ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണമാണ്.
അല്ലേലുയാ !
അല്ലേലൂയാ! (2 കോറി 5:19). ദൈവം പ്രത്യാശയുടെ സദേശം ഞങ്ങളെ ഭരമേല്‌പിച്ചുകൊണ്ട് ക്രിസ്‌തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മനുഷ്യർക്ക് ഇത്തരത്തിലുള്ള അധികാരം കൊടുത്ത ദൈവത്തെ സ്തുതിച്ചു
അക്കാലത്ത്, യേശു തോണിയിൽക്കയറി കടൽകടന്ന് സ്വന്തം പട്ടണത്തിലെത്തി. അവർ ഒരു തളർവാതരോഗിയെ ശബ്ദയോടെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവൻ തളർവാതരോഗിയോട് അരുൾ ചെയ്‌തു: മകനേ, ധൈര്യത്തോടെയിരിക്കുക; നിൻ്റെ പാപങ്ങൾ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നിയമജ്‌ഞരിൽ ചിലർ പരസ്‌പരം പറഞ്ഞു: ഇവൻ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങൾ ഗ്രഹി ച്ച യേശു ചോദിച്ചു: നിങ്ങൾ ഹൃദയത്തിൽ തിൻമ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണിത്. അനന്തരം, അവൻ തളർവാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവൻ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യർക്ക് ഇത്തരം അധികാരം നല്‌കിയ ദൈവത്തെ മഹത്ത്വപ്പെടുത്തി.




