സെപ്തംബർ 14 തിങ്കൾ
ഒന്നാം വായന
സംഖ്യാ പുസ്തകത്തിൽനിന്ന്
(ദംശനമേറ്റവർ അതിനെ നോക്കിയപ്പോൾ സൗഖ്യം പ്രാപിച്ചു)
അക്കാലത്ത്, ഏദോം ചുറ്റി പോകാൻ ഹോർ മലയിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയേ ഇസ്രായേൽജനം യാത്ര പുറപ്പെട്ടു; യാത്രാമധ്യേ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവർ സംസാരിച്ചു. ഈ മരുഭൂമിയിൽ മരിക്കാൻ നീ ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങൾ മടുത്തു. അപ്പോൾ കർത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയസർപ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലിൽ വളരെപ്പേർ മരിച്ചു. ജനം മോശയുടെ അടുക്കൽ വന്നു പറഞ്ഞു: അങ്ങേക്കും കർത്താവിനുമെതിരായി സംസാരിച്ചു ഞങ്ങൾ പാപം ചെയ്തു. ഈ സർപ്പങ്ങളെ പിൻവലിക്കാൻ കർത്താവിനോടു പ്രാർഥിക്കണമേ! മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു. കർത്താവ് മോശയോട് അരുൾചെയ്തു: ഒരു പിച്ചള സർപ്പമുണ്ടാക്കി വടിയിൽ ഉയർത്തിനിർത്തുക. ദംശന മേല്ക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സർപ്പമുണ്ടാക്കി അതിനെ വടിയിൽ ഉയർത്തി നിർത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി; അവർ ജീവിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിൻ്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.
എന്റെ ജനമേ, എന്റെ ഉപദേശം ശ്രവിക്കുക; എന്റെ വാക്കുകൾക്കു ചെവിതരുക.ഞാൻ ഒരു ഉപമ പറയാം; പുരാതനചരിത്രത്തിന്റെ പൊരുൾ ഞാൻ വ്യക്തമാക്കാം.
കർത്താവിൻ്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.
അവിടന്ന് അവരെ വധിച്ചപ്പോൾ അവർ അവിടത്തെ തേടി; അവർ അനുതപിച്ചു ദൈവത്തിങ്കലേക്കു തീവ്രതയോടെ തിരിഞ്ഞു.
ദൈവമാണ് തങ്ങളുടെ അദ്ഭുതശിലയെന്നും അത്യുന്നതനായ ദൈവമാണു തങ്ങളെ വീണ്ടെടുക്കുന്നവനെന്നും അവർ അനുസ്മരിച്ചു.
കർത്താവിൻ്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.
എങ്കിലും അവരുടെ സ്തുതി കപടമായിരുന്നു; അവരുടെ നാവിൽനിന്നുവന്നത് നുണയായിരുന്നു. അവരുടെ ഹൃദയം അവിടത്തോടു ചേർന്നുനിന്നില്ല; അവിടത്തെ ഉടമ്പടിയോടു വിശ്വസ്ത പുലർത്തിയില്ല.
കർത്താവിൻ്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.
എങ്കിലും, കാരുണ്യവാനായ അവിടന്ന് അവരുടെ അകൃത്യങ്ങൾ ക്ഷമിച്ചു; അവരെ നശിപ്പിച്ചില്ല. പലപ്പോഴും അവിടന്നു കോപമടക്കി തന്റെ ക്രോധം ആളിക്കത്താൻ അനുവദിച്ചില്ല.
കർത്താവിൻ്റെ പ്രവൃത്തികൾ വിസ്മരിക്കരുത്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവൻ തന്നെത്തന്നെ താഴ്ത്തി ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി)
ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും യേശുക്രിസ്തു ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്, ദാസൻ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ അതെ കുരിശുമരണം വരെ അനുസരണമുള്ളവനായി തന്ന ത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.
കർത്താവിന്റെ സുവിശേഷം.
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവേ, അങ്ങയെ ഞങ്ങൾ ആരാധി ക്കുന്നു; അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. എന്തുകൊണ്ടെന്നാൽ അങ്ങയുടെ കുരിശുമരണത്താൽ ലോകം വീണ്ടെടുത്തു രക്ഷിച്ചു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മനുഷ്യപുത്രനും ഉയർത്തപ്പെടണം)
അക്കാലത്ത്, യേശു നിക്കദേമുസിനോട് അരുൾചെയ്തു: സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വർഗത്തിൽ കയറിയിട്ടില്ല. മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻതക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവൻവഴി ലോകം രക്ഷപ്രാപിക്കാനാണ്.




