മാർച്ച് 25 ബുധൻ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
അക്കാലത്ത് കർത്താവ് ആഹാസിനോട് അരുൾ ചെയ്തു: നിന്റെ ദൈവമായ കർത്താവിൽനിന്ന് ഒരടയാളം ആവശ്യപ്പെടുക; അത് പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാൻ അത് ആവശ്യപ്പെടുകയോ കർത്താവിനെ പരീക്ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ, എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളംതരും. യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും.
പ്രതിവചന സങ്കീർത്തനം
ഇതാ, ഞാൻ വരുന്നു; എൻ്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
ബലികളും കാഴ്ചകളും അവിടന്ന് ആഗ്രഹിക്കുന്നില്ല; എന്നാൽ, അവിടന്ന് എൻ്റെ കാതുകൾ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടന്ന് ആവശ്യപ്പെട്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു.
ഇതാ, ഞാൻ വരുന്നു; എൻ്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
പുസ്തകച്ചുരുളിൽ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.
അങ്ങയുടെ നിയമം എൻ്റെ ഹൃദയത്തിലുണ്ട്.
ഇതാ, ഞാൻ വരുന്നു; എൻ്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം,
ഞാൻ മഹാസഭയിൽ വിമോചനത്തിന്റെ സന്തോഷവാർത്ത അറിയിച്ചു:കർത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാൻ എന്റെ അധരങ്ങൾ അടക്കിനിർത്തിയില്ല.
ഇതാ, ഞാൻ വരുന്നു; എൻ്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
അവിടത്തെ രക്ഷാകരമായ സഹായം ഞാൻ ഹ്യദയത്തിൽ ഒളിച്ചുവച്ചിട്ടില്ല.
അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാൻ സംസാരിച്ചു; അവിടത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയിൽ ഞാൻ മറച്ചുവച്ചില്ല.
ഇതാ, ഞാൻ വരുന്നു; എൻ്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം.
രണ്ടാം വായന
ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അങ്ങയുടെ ഇഷടം ഞാൻ നിറവേറ്റണമെന്ന് വിശുദ്ധ ലിഖിനത്തിൻ്റെ ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ)
സഹോദരരേ, കാളകളുടെയും കോലാടുകളുടെയും രക്തത്തിന് പാപങ്ങൾ നീക്കിക്കളയാൻ സാധിക്കുകയില്ല. ഇതിനാൽ, അവൻ ലോകത്തിലേക്കു പ്രവേശിച്ചപ്പോൾ ഇങ്ങനെ അരുൾചെയ്തു: ബലികളും കാഴ്ചകളും അവിടന്ന് ആഗ്രഹിച്ചില്ല. എന്നാൽ, അവിടന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിന്നു ദഹനബലികളിലും പാപപരിഹാരബലികളിലും അവിടന്ന് സംപ്രീതനായില്ല. അപ്പോൾ, പുസ്തകത്തിൻെറ ആരംഭത്തിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാൻ പറഞ്ഞു: ദൈവമേ, അവിടത്തെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു. നിയമപ്രകാരം അർപ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോൾത്തന്നെ ഇങ്ങനെ കൂട്ടിച്ചേർത്തു: അവിടത്തെ ഹിതം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവൻ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്റെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! വചനം മാംസമായി നമ്മുടെയിട യിൽ വസിച്ചു. അവൻ്റെ മഹത്ത്വം നമ്മൾ ദർശിച്ചു. അല്ലേലൂയാ! (തപസ്സുകാലത്ത് “അല്ലേലൂയാ” ചൊല്ലേണ്ട)
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇതാ, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
അക്കാലത്ത്, ഗബ്രിയേൽദുതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരുള്ള പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു ദൂതൻ അവളുടെ അടുത്തു വന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവൾ ഏറെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അർഥം എന്ന് അവൾ ചിന്തിച്ചു. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. അവൻ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനമുണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാംമാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കർത്താവിൻ്റെ ദാസി! നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുമ്പിൽ നിന്നു മറഞ്ഞു..




