ഏപ്രിൽ 06 തിങ്കൾ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(യേശുവിനെ ദൈവം ഉയിർപ്പിച്ചു ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്)
പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലേമിൽ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിൻ; എന്റെ വാക്കുകൾ ശ്രദ്‌ധിക്കുവിൻ.
ഇസ്രായേൽജനങ്ങളേ, ഈ വാക്കുകൾ കേൾക്കുവിൻ. നിങ്ങൾക്കറിയാവുന്നതുപോലെ, ദൈവം നസറായനായ യേശുവിനെ, താൻ അവൻവഴി നിങ്ങളുടെയിടയിൽ പ്രവർത്തിച്ച മഹത്തായ കാര്യങ്ങൾകൊണ്ടും തന്റെ അദ്ഭുതകൃത്യങ്ങളും അടയാളങ്ങളും കൊണ്ടും നിങ്ങൾക്കു സാക്ഷ്യപ്പെടുത്തിത്തന്നു. അവൻ ദൈവത്തിന്റെ നിശ്ചിതപദ്‌ധതിയും പൂർവജ്‌ഞാനവുമനുസരിച്ച് നിങ്ങളുടെ കൈകളിൽ ഏല്‌പിക്കപ്പെട്ടു. അധർമികളുടെ കൈകളാൽ അവനെ നിങ്ങൾ കുരിശിൽ തറച്ചുകൊന്നു. എന്നാൽ, ദൈവം അവനെ മൃത്യുപാശത്തിൽനിന്നു വിമുക്തനാക്കി ഉയിർപ്പിച്ചു. കാരണം, അവൻ മരണത്തിന്റെ പിടിയിൽക്കഴിയുക അസാധ്യമായിരുന്നു. ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാൻ കർത്താവിനെ എപ്പോഴും കൺമുമ്പിൽ ദർശിച്ചിരുന്നു. ഞാൻ പതറിപ്പോകാതിരിക്കാൻ അവിടന്ന് എന്റെ വലത്തുവശത്തുണ്ട്. എന്റെ ഹൃദയം സന്തോഷിച്ചു: എന്റെ നാവ് സ്തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയിൽ നിവസിക്കും. എന്തെന്നാൽ, എന്റെ ആത്‌മാവിനെ അവിടന്നു പാതാളത്തിൽ ഉപേക്‌ഷിക്കുകയില്ല. അവിടത്തെ പരിശുദ്ധൻ ജീർണിക്കാൻ അവിടന്ന് അനുവദിക്കുകയുമില്ല. ജീവന്റെ വഴികൾ അവിടന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താൽ അവിടന്ന് എന്നെ സന്തോഷഭരിതനാക്കും.
സഹോദരരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് നിങ്ങളോടു ഞാൻ വ്യക്‌തമായിപ്പറഞ്ഞുകൊള്ളട്ടെ. അവൻ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയിൽ ഉണ്ടല്ലോ. അവൻ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളിൽ ഒരാളെ തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാക്കും എന്ന് ദൈവം അവനോടു ചെയ്ത ശപഥം അവൻ അറിയുകയും ചെയ്‌തിരുന്നു. അതുകൊണ്ടാണ്, അവൻ പാതാളത്തിൽ ഉപേക്‌ഷിക്കപ്പെട്ടില്ല; അവൻെറ ശരീരം ജീർണിക്കാൻ ഇടയായതുമില്ല എന്നു ക്രിസ്‌തുവിന്റെ ഉത്ഥാനം മുൻകൂട്ടി ദർശിച്ചുകൊണ്ട് അവൻ പറഞ്ഞത്. ആ യേശുവിനെ ദൈവം ഉയിർപ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്‌ഷികളാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു. അവിടന്നാണ് എൻ്റെ കർത്താവ്: കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും: എന്റെ ഭാഗധേയം അവിടത്തെ കരങ്ങളിലാണ്.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു
എനിക്ക് ഉപദേശം നല്‌കുന്ന കർത്താവിനെ ഞാൻ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു. കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അവിടന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു
അതിനാൽ, എൻ്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദംകൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു. അവിടന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല; അങ്ങയുടെ പരിശുദ്‌ധൻ ജീർണിക്കാൻ അനുവദിക്കുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു
അങ്ങ് എനിക്കു ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്. അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു
അല്ലേലൂയാ !
അല്ലേലൂയാ! , കർത്താവ് ഒരുക്കിയ ദിവസമാണിന്ന്. ഇന്നു സന്തോഷിച്ചുല്ലസിക്കാം അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ച് പറഞ്ഞു )
അക്കാലത്ത്, സ്ത്രീകൾ കല്ലറവിട്ട് ഭയത്തോടും വലിയ സന്തോഷത്തോടും കൂടെ ശിഷ്യൻമാരെ വിവരമറിയിക്കാൻ ഓടി. അപ്പോൾ യേശു എതിരേവന്ന് അവരെ അഭിവാദനം ചെയ്തു. അവർ അവനെ സമീപിച്ച് പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു. യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നിങ്ങൾ ചെന്ന് എന്റെ സഹോദരൻമാരോട് ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക.
അവർ പോയപ്പോൾ കാവല്ക്കാരിൽ ചിലർ പട്ടണത്തിൽ ചെന്ന് സംഭവിച്ചതെല്ലാം പ്രധാനപുരോഹിതൻമാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികൾക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു: ഞങ്ങൾ ഉറങ്ങിയപ്പോൾ രാത്രിയിൽ അവന്റെ ശിഷ്യൻമാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിൻ. ദേശാധിപതി ഇതറിഞ്ഞാൽ, ഞങ്ങൾ അവനെ സ്വാധീനിച്ച് നിങ്ങൾക്ക് ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. അവർ പണംവാങ്ങി, നിർദേശമനുസരിച്ചു പ്രവർത്തിച്ചു. ഇത് ഇന്നും യഹൂദരുടെയിടയിൽ പ്രചാരത്തിലിരിക്കുന്നു.




