ഒന്നാം വായന: ലോകസൃഷ്ടി
ഉല്പത്തി പുസ്തകത്തിൽനിന്നുള്ള വായന
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളിൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
ദൈവം അരുളിച്ചെയ്തു: വെളിച്ചം ഉണ്ടാകട്ടെ. വെളിച്ചം ഉണ്ടായി.വെളിച്ചം നല്ലതെന്നു ദൈവം കണ്ടു. അവിടുന്നു വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിച്ചു. വെളിച്ചത്തിനു പകലെന്നും ഇരുളിനു രാത്രിയെന്നും പേരിട്ടു. സന്ധ്യയായി, പ്രഭാതമായി-ഒന്നാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു; ജലമധ്യത്തിൽ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ. ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തിൽനിന്നു വേർതിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു. വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി- രണ്ടാം ദിവസം.ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. കരയ്ക്ക ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അരുളി ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുൾക്കൊള്ളുന്ന ഫലങ്ങൾ കായ്ക്കന്ന വ്യക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു. ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വ്യക്ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – മൂന്നാം ദിവസം.”
ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വർഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ. ഭൂമിയിൽ പ്രകാശം ചൊരിയാൻ വേണ്ടി അവ ആകാശവിതാനത്തിൽ ദീപങ്ങളായി നിൽക്കട്ടെ. അങ്ങനെ സംഭവിച്ചു. ദൈവം രണ്ടു മഹാദീപങ്ങൾ സൃഷ്ടിച്ചു. പകലിനെ നയിക്കാൻ വലുത്, രാത്രിയെ നയിക്കാൻ ചെറുത്. നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. ഭൂമിയിൽ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളിൽനിന്നു വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – നാലാം ദിവസം.
ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികൾ ഭൂമിക്കുമീതെ ആകാശവിതാനത്തിൽ പറക്കട്ടെ. അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സ്യഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്ന് കണ്ടു.
ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമ്യദ്ധമായി പെരുകി കടലിൽ നിറയുവിൻ; പക്ഷികൾ ഭൂമിയിൽ പെരുകട്ടെ. സന്ധ്യയായി പ്രഭാതമായി – അഞ്ചാം ദിവസം.ദൈവം വീണ്ടും അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ജീവജാലങ്ങളെയും – കന്നുകാലികൾ, ഇഴജന്തുക്കൾ, കാട്ടുമ്യഗങ്ങൾ എന്നിവയെ പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു. അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ട്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.
(ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്ക് കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവജീവികളുടെയും മേൽ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സ്യഷ്ടിച്ചു. ദൈവത്തിൻ്റെ ഛായയിൽ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സ്യഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. ദൈവം അരുളിച്ചെയ്തു: ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുൾക്കൊള്ളുന്ന പഴങ്ങൾ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു ഭക്ഷണത്തിനായി തരുന്നു. ഭൂമിയിലെ മ്യഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഇഴജന്തുക്കൾക്കും – ജീവശ്വാസ മുള്ള സകലതിനും – ആഹാരമായി ഹരിതസസ്യങ്ങൾ ഞാൻ നല്കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു. താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി – ആറാം ദിവസം).
അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂർണമായി. ദൈവം തൻ്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി. താൻ തുടങ്ങിയ പ്രവൃത്തിയിൽനിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചു.
കർത്താവിന്റെ വചനം
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
എന്റെ ആത്മാവേ, കർത്താവിനെ വാഴ്ത്തുക; എന്റെ ദൈവമായ കർത്താവേ, അങ്ങ് അത്യുന്നതനാണ്; അവിടുന്ന് മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു; വസ്ത്രമെന്നപോലെ അങ്ങ് പ്രകാശമണിഞ്ഞിരിക്കുന്നു.
കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
അവിടുന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ ഉറപ്പിച്ചു. അത് ഒരിക്കലും ഇളകുകയില്ല. അവിടുന്ന് വസ്ത്രംകൊണ്ടെന്നപോലെ ആഴി കൊണ്ട് അതിനെ ആവരണം ചെയ്തു; വെള്ളം പർവതങ്ങൾക്കുമീതെ നിന്നു.
കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
അവിടുന്ന് താഴ്വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു. അവ മലകൾക്കിടയിലൂടെ ഒഴുകുന്നു. ആകാശപ്പറവകൾ അവയുടെ തീരത്തു വസിക്കുന്നു. മരക്കൊമ്പുകൾക്കിടയിലിരുന്ന് അവ പാടുന്നു.
കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
അവിടുന്ന് തൻ്റെ ഉന്നതമായ മന്ദിരത്തിൽനിന്ന് മലകളെ നനയ്ക്കുന്നു; അങ്ങയുടെ പ്രവൃത്തിയുടെ ഫലം അനുഭവിച്ച് ഭൂമി തൃപ്തിയടയുന്നു. അവിടുന്ന് കന്നുകാലികൾക്കുവേണ്ടി പുല്ലുമുളപ്പിക്കുന്നു; മനുഷ്യന് ഭൂമിയിൽനിന്ന് ആഹാരം ലഭിക്കാൻ കൃഷിക്കുവേണ്ട സസ്യങ്ങൾ മുളപ്പിക്കുന്നു.
കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
കർത്താവേ, അങ്ങയുടെ സൃഷ്ടികൾ എത്ര വൈവിദ്ധ്യപൂർണ്ണങ്ങളാണ്! ജ്ഞാനത്താൽ അങ്ങ് അവയെ നിർമ്മിച്ചു. ഭൂമി അങ്ങയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. എൻ്റെ ആത്മാവേ കർത്താവിനെ വാഴ്ത്തുക!
കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു ഭൂമിയുടെ മുഖം പുതുക്കണമേ.
രണ്ടാം വായന: അബ്രഹാമിന്റെ ബലി
ഉല്പത്തിപുസ്തകത്തിൽനിന്നുള്ള വായന
(അക്കാലത്ത്, ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാൻ, അവൻ വിളികേട്ടു. നീ സ്നേഹിക്കുന്ന നിൻ്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കു പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അർപ്പിക്കണം). അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകൻ ഇസഹാക്കിനെയുംകൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അവൻ തലയുയർത്തി നോക്കിയപ്പോൾ അകലെ ആ സ്ഥലം കണ്ടു. അവൻ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങൾ ഇവിടെ നിൽക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ച് തിരിച്ചുവരാം. അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകൻ ഇസഹാക്കിൻ്റെ ചുമലിൽവച്ചു. കത്തിയും തീയും അവൻതന്നെ എടുത്തു. അവർ ഒരുമിച്ച് മുമ്പോട്ടുവന്നു. ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവൻ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാൽ, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അവൻ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെതരും. അവരൊന്നിച്ചു മുമ്പോട്ടുപോയി.
(ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു). വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. (മകനെ ബലി കഴിക്കാൻ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം കർത്താവിൻ്റെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാൻ, അവൻ വിളികേട്ടു. കുട്ടിയുടെമേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോൾ ഉറപ്പായി. കാരണം നിന്റെ ഏക പുത്രനെ എനിക്കു തരാൻ നീ മടികാണിച്ചില്ല. അബ്രാഹം തല പൊക്കി നോക്കിയപ്പോൾ, തൻ്റെ പിന്നിൽ, മുൾച്ചെടികളിൽ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു. അവൻ അതിനെ മകനുപകരം ദഹനബലിയർപ്പിച്ചു). അബ്രാഹം ആ സ്ഥലത്തിനു യാഹ്വെയിരെ എന്നു പേരിട്ടു. കർത്താവിൻ്റെ മലയിൽ അവിടുന്ന് വേണ്ടത് പ്രദാനം ചെയ്യുന്നു വെന്ന് ഇന്നുവരെയും പറയപ്പെടുന്നു. (കർത്താവിൻ്റെ ദുതൻ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു: കർത്താവ് അരുളിച്ചെയ്യുന്നു, നീ നിൻ്റെ ഏക പുത്രനെപ്പോലും എനിക്കു തരാൻ മടിക്കായ്കകൊണ്ടു ഞാൻ ശപഥം ചെയ്യുന്നു: ഞാൻ നിന്നെ സമ്യദ്ധമായി അനുഗ്രഹിക്കും. നിൻ്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തിലെ മണൽത്തരിപോലെയും ഞാൻ വർദ്ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങൾ അവർ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിൻ്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും).
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, എന്നെ സംരക്ഷിക്കണമേ. എന്തെന്നാൽ, അങ്ങിൽ ഞാൻ ശരണംവച്ചിരിക്കുന്നു.
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും; എൻ്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. കർത്താവ് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്, അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല.
കർത്താവേ, എന്നെ സംരക്ഷിക്കണമേ. എന്തെന്നാൽ, അങ്ങിൽ ഞാൻ ശരണംവച്ചിരിക്കുന്നു.
അതിനാൽ എൻ്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. – അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല; അങ്ങയുടെ പരിശുദ്ധൻ ജീർണ്ണിക്കാൻ അനുവദിക്കുകയില്ല.
കർത്താവേ, എന്നെ സംരക്ഷിക്കണമേ. എന്തെന്നാൽ, അങ്ങിൽ ഞാൻ ശരണംവച്ചിരിക്കുന്നു.
അങ്ങ് എനിക്കു ജീവൻ്റെ മാർഗ്ഗം കാണുച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിൻ്റെപൂർണ്ണതയുണ്ട്, അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷവുമുണ്ട്.
കർത്താവേ, എന്നെ സംരക്ഷിക്കണമേ. എന്തെന്നാൽ, അങ്ങിൽ ഞാൻ ശരണംവച്ചിരിക്കുന്നു.
മൂന്നാം വായന -ചെങ്കടലിലൂടെയുള്ള യാത്ര
പുറപ്പാടിന്റെ പുസ്തകത്തിൽനിന്നുള്ള വായന
കർത്താവു മോശയോടു പറഞ്ഞു: നീ എന്തിന് എന്നെ വിളിച്ചു കാരയുന്നു? മുമ്പോട്ടുപോകാൻ ഇസ്രായേൽക്കാരോടു പറയുക. നിൻ്റെ വടി കൈയിലെടുത്ത് കടലിനു മീതെ നീട്ടി അതിനെ വിഭജിക്കുക. ഇസായേൽക്കാർ കടലിനു നടുവെ വരണ്ട നിലത്തിലൂടെ കടന്നുപോകട്ടെ. ഞാൻ ഈജിപ്തുകാരെ കഠിനചിത്തരാക്കും; അവർ നിങ്ങളെ പിൻതുടരും; ഞാൻ ഫറവോയുടെയും അവൻ്റെ സൈന്യങ്ങളുടെയും തേരുകളുടെയും കുതിരപ്പടയാളികളുടെയുംമേൽ മഹത്വം നേടും. ഫറവോയുടെയും അവന്റെ രഥങ്ങളുടെയും അശ്വസേനയുടെയും മേൽ ഞാൻ മഹത്വം വരിക്കുമ്പോൾ ഞാനാണു കർത്താവെന്ന് ഈജിപ്തുകാർ മസ്സിലാക്കും.
ഇസ്രായേൽ ജനത്തിൻ്റെ മുൻപേ പൊയ്കൊണ്ടിരുന്ന ദൈവദൂതൻ അവിടെനിന്നു മാറി അവരുടെ പിൻപേ പോകാൻ തുടങ്ങി. മേഘ സ്തംഭവും മുൻപിൽ നിന്നു മാറി പിൻപിൽ വന്നുനിന്നു. അത് ഈജിപ്തുകാരുടെയും ഇസ്രായേൽക്കാരുടെയും പാളയങ്ങൾക്കിടയിൽ വന്നു നിന്നു. മേഘം ഇരുട്ടുനിറഞ്ഞതായിരുന്നു. അതിനാൽ ഒരു കൂട്ടർക്കു മറ്റവരെ സമീപിക്കാനാവാതെ രാത്രി കഴിഞ്ഞു. മോശ കടലിനു മീതെ കൈനീട്ടി, കർത്താവു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റയച്ചു. കടലിനെ പിറകോട്ടു മാറ്റി, കടൽ വരണ്ട ഭൂമിയാക്കി; വെള്ളം വിഭജിക്കപ്പെട്ടു. ഇസ്രായേൽക്കാർ കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതിൽപോലെ നിന്നു. ഈജിപ്തുകാർ – ഫറവോയുടെ കുതിരകളും കുതിരപ്പടയാളികളും തേരുകളുമെല്ലാം അവരെ പിൻതുടർന്ന്, കടലിൻ്റെ നടുവിലേക്കു നീങ്ങി. രാത്രിയുടെ അന്ത്യയാമത്തിൽ കർത്താവ് അഗ്നിയുടെയും മേഘത്തിന്റെയും സ്തംഭത്തിൽനിന്ന് ഈജിപ്തുകാരുടെ സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. അവിടുന്നു രഥചക്രങ്ങൾ തടസ്സപ്പെടുത്തി. തന്മൂലം ഗതി ദുഷ്കരമായി, അപ്പോൾ ഈജിപ്തുകാർ പറഞ്ഞു: ഇസ്രായേൽക്കാരിൽനിന്ന് നമുക്ക് ഓടി രക്ഷപ്പെടാം. കർത്താവ് അവർക്കു വേണ്ടി ഈജിപ്തിനെതിരെ യുദ്ധം ചെയ്യുന്നു.
അപ്പോൾ കർത്താവു മോശയോടു പറഞ്ഞു: നിൻ്റെ കരം കടലിനു മീതേ നീട്ടുക. വെള്ളം മടങ്ങിവന്ന് ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരപ്പടയാളികളെയും മൂടട്ടെ, മോശ കടലിനുമീതേ കൈനീട്ടി. പ്രഭാതമായപ്പോഴേക്ക് കടൽ പൂർവസ്ഥിതിയിലായി. ഈജിപ്തുകാർ പിൻതിരിഞ്ഞോടിയത് അതിനു മധ്യത്തിലേക്കാണ്. അങ്ങനെ കർത്താവ് ഈജിപ്തുകാരെ നടുക്കടലിൽ ആഴ്ത്തി. ഇസ്രായേൽക്കാരെ പിൻതുടർന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യം മുഴുവനെയും കടൽവെള്ളം മൂടിക്കളഞ്ഞു. അവരിൽ ആരും അവശേഷിച്ചില്ല. എന്നാൽ, ഇസ്രായേൽക്കാർ കടലിനു നടുവേ വരണ്ട ഭൂമിയിലൂടെ നടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിൽപോലെ നിലകൊണ്ടു. അങ്ങനെ ആ ദിവസം കർത്താവ് ഇസ്രായേൽക്കാരെ ഈജിപ്തുകാരിൽനിന്നു രക്ഷിച്ചു. ഈജിപ്തുകാർ കടൽത്തീരത്തു മരിച്ചുകിടക്കുന്നത് ഇസ്രായേൽക്കാർ കണ്ടു. കർത്താവ് ഈജിപ്തുകാർക്കെതിരെ ഉയർത്തിയ ശക്തമായ കരം ഇസ്രായേൽക്കാർ കണ്ടു. ജനം കർത്താവിനെ ഭയപ്പെട്ടു. കർത്താവിനെയും അവിടുത്തെ ദാസനായ മോശയെയും വിശ്വസിക്കുകയും ചെയ്തു.
മോശയും ഇസ്രായേൽക്കാരും കർത്താവിനെ സ്തുതിച്ചുകൊണ്ട് ഈ ഗാനം ആലപിച്ചു: കത്താവിനെ ഞാൻ പാടി സ്തുതിക്കും. എന്തെന്നാൽ, അവിടുന്നു മഹത്വപൂർണ്ണമായ വിജയം നേടിയിരിക്കുന്നു. കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ഞാൻ പാടി സ്തുതിക്കും; എന്തെന്നാൽ, അവിടുന്നു മഹോന്നതനത്രേ.
കർത്താവിനെ ഞാൻ പാടി സ്തുതിക്കും. എന്തെന്നാൽ അവിടുന്ന് മഹത്വപൂർണ്ണമായ വിജയം നേടിയിരിക്കുന്നു. കർത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു. അവിടുന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാൻ അവിടുത്തെ സ്തുതിക്കും,
കർത്താവിനെ ഞാൻ പാടി സ്തുതിക്കും; എന്തെന്നാൽ, അവിടുന്നു മഹോന്നതനത്രേ.
കർത്താവു യോദ്ധാവാകുന്നു. കർത്താവ് എന്നാകുന്നു. അവിടുത്തെ നാമം. ഫറവോയുടെ രഥങ്ങളെയും സൈന്യത്തെയും അവിടുന്ന് കടലിലാഴ്ത്തി; അവന്റെ ധീരരായ സൈന്യാധിപർ ചെങ്കടലിൽ മുങ്ങിമരിച്ചു.
കർത്താവിനെ ഞാൻ പാടി സ്തുതിക്കും എന്തെന്നാൽ, അവിടന്ന് മഹോന്നതനത്രേ!
ആഴമേറിയ ജലം അവരെ മൂടി; അഗാധതയിലേക്ക് കല്ലുപോലെ അവർ താണു. കർത്താവേ, അങ്ങയുടെ വലത്തുകൈ ശക്തിയാൽ മഹത്വമാർന്നിരിക്കുന്നു. കർത്താവേ അങ്ങയുടെ വലത്തുകൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
കർത്താവിനെ ഞാൻ പാടി സ്തുതിക്കും എന്തെന്നാൽ, അവിടന്ന് മഹോന്നതനത്രേ!
കർത്താവേ, അങ്ങയുടെ ജനത്തെ കൊണ്ടുവന്ന് അങ്ങയുടെ വിശുദ്ധമലയിൽ, അങ്ങേയ്ക്ക് വസിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിൽ അവരെ നട്ടുപിടിപ്പിക്കും. കർത്താവ് എന്നേയ്ക്കും രാജാവായി ഭരിക്കും.
കർത്താവിനെ ഞാൻ പാടി സ്തുതിക്കും എന്തെന്നാൽ, അവിടന്ന് മഹോന്നതനത്രേ!
നാലാം വായന: പുതിയ ജെറുസലേം
ഇസയാസ് പ്രവാചകന്റെ പുസ്തകത്തിൽനിന്നുള്ള വായന
കത്താവ് സിയോനോട് ഇപ്രകാരം അരുൾചെയ്യുന്നു: നിൻ്റെ സ്രഷ്ടാവാണ് നിന്റെ ഭർത്താവ്. സൈന്യങ്ങളുടെ കർത്താവ് എന്നാണ് അവിടുത്തെ നാമം. ഇസ്രായേലിൻ്റെ പരിശുദ്ധനാണ് നിൻ്റെ വിമോചകൻ. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. പരിത്യക്തയായ, യൗവനത്തിൽത്തന്നെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കർത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിൻ്റെ ദൈവം അരുളിച്ചെയ്യുന്നു. നിമിഷനേരത്തേക്കു നിന്നെ ഞാൻ ഉപേക്ഷിക്കുന്നു. മഹാകരുണയോടെ നിന്നെ ഞാൻ തിരിച്ചുവിളിക്കും. കോപാധിക്യത്താൽ ക്ഷണനേരത്തേക്കു ഞാൻ എന്റെ മുഖം നിന്നിൽനിന്നു മറച്ചുവച്ചു; എന്നാൽ അനന്തമായ സ്നേഹത്തോടെ നിന്നോടു ഞാൻ കരുണകാണിക്കും എന്നു നിൻ്റെ വിമോചകനായ കർത്താവ് അരുളിച്ചെയ്യുന്നു. നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവൻ്റെ കാലത്തെപ്പോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാൻ ശപഥംചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാൻ ശപഥം ചെയ്തിരിക്കുന്നു, നിന്നോട് കരുണയുള്ള കർത്താവ് അരുളിച്ചെയ്യുന്നു: മലകൾ അകന്നുപോയേക്കാം; കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല. എൻ്റെ സമാധാന ഉടമ്പടിക്കു മാറ്റം വരികയുമില്ല.
പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാൻ നിർമ്മിക്കും. ഞാൻ നിന്റെ താഴികക്കുടങ്ങൾ പത്മരാഗംകൊണ്ടും വാതിലുകൾ പുഷ്യരാഗം കൊണ്ടും ഭിത്തികൾ രത്നം കൊണ്ടും നിർമ്മിക്കും. കർത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവർ ശ്രേയസ്സാർജ്ജിക്കും. നീതിയിൽ നീ സുസ്ഥാപിതയാകും: മർദനഭീതി നിന്നെ തീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
കർത്താവേ, ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു. എന്റെ ശത്രു എൻ്റെമേൽ വിജയം ആഘോഷിക്കാൻ ഇടയാക്കിയില്ല. – കർത്താവേ, അവിടുന്ന് എന്നെ പാതാളത്തിൽനിന്ന് കരകയറ്റി; മരണഗർത്തത്തിൽ പതിച്ചവരുടെ ഇടയിൽനിന്ന് എന്നെ ജീവനിലേക്ക് ആനയിച്ചു
കർത്താവേ, ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ; അവിടുത്തേ പരിശുദ്ധനാമത്തിനു കൃതജ്ഞത അർപ്പിക്കുവിൻ. – എന്തെന്നാൽ അവിടുത്തേ കോപം നിമിഷനേരത്തേക്കേയുള്ളൂ; അവിടുത്തേ പ്രസാദം ആജീവനാന്തം നിലനില്ക്കുന്നു.
കർത്താവേ, ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
കർത്താവേ, എൻ്റെ യാചന കേട്ട് എന്നോട് കരുണതോന്നണമേ! കർത്താവേ അവിടുന്ന് എന്നെ സഹായിക്കണമേ! അവിടുന്ന് എൻ്റെ വിലാപത്തെ ആനന്ദനൃത്തമാക്കിമാറ്റി. ദൈവമായ കർത്താവേ, ഞാൻ അങ്ങേയ്ക്ക് എന്നും നന്ദിപറയും,
കർത്താവേ, ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും; അവിടുന്ന് എന്നെ രക്ഷിച്ചു.
അഞ്ചാം വായന: നമ്മുടെ രക്ഷ ദൈവത്തിന്റെ സൗജന്യദാനം
ഇസയാസ് പ്രവാചകൻ്റെ പുസ്തകത്തിൽനിന്നുള്ള വായന
കർത്താവ് അരുൾ ചെയ്യുന്നു: ദാഹാർത്തരേ, ജലാശയത്തിലേക്കു വരുവിൻ. നിർദ്ധനൻ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനുവേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അദ്ധ്വാനിക്കുന്നു? എൻ്റെ വാക്ക് ശ്രദ്ധിച്ചുകേൾക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ട ഭോജ്യങ്ങൾ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കൽവന്ന് എൻ്റെ വാക്കു കേൾക്കുവിൻ. നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാൻ സ്ഥിരമായ സ്നേഹം കാട്ടും. ഇതാ, ഞാൻ അവനെ ജനതകൾക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകൾ നിന്റെ അടുക്കൽ ഓടിക്കൂടും. എന്തെന്നാൽ, നിൻ്റെ ദൈവമായകർത്താവ്, ഇസ്രായേലിൻ്റെ പരിശുദ്ധൻ, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടുത്തെ അന്വേഷിക്കുവിൻ; അവിടുന്ന് അരികെയുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തൻ്റെ മാർഗ്ഗവും അധർമി തൻ്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കർത്താവ് അരുളിച്ചെയ്യുന്നു. എൻ്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികൾ എൻ്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നുനിൽക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാൾ ഉന്നതമത്രേ.
മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എൻ്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ ഫലരഹിതമായി അതു തിരിച്ചുവരില്ല; എൻ്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാൻ ഏലിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
രക്ഷയുടെ സ്രോതസ്സിൽനിന്നു നിങ്ങൾ സന്തോഷപൂർവം ജലം കോരിയെടുക്കും.
ദൈവമാണ് എൻ്റെ രക്ഷ, ഞാൻ അങ്ങയിൽ ആശ്രയിക്കും; ഞാൻ ഭയപ്പടുകയില്ല. എന്തെന്നാൽ, ദൈവമായ കർത്താവ് എൻ്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്ന് എൻ്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ സ്രോതസ്സിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
രക്ഷയുടെ സ്രോതസ്സിൽനിന്നു നിങ്ങൾ സന്തോഷപൂർവം ജലം കോരിയെടുക്കും
കർത്താവിനു നന്ദി പറയുവിൻ. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ വിളംബരം ചെയ്യുവിൻ. അവിടുത്തെ നാമം ഉന്നതമാണെന്ന് ഉദ്ഘോഷിക്കുവിൻ.
രക്ഷയുടെ സ്രോതസ്സിൽനിന്നു നിങ്ങൾ സന്തോഷപൂർവം ജലം കോരിയെടുക്കും
കർത്താവിനു സ്തുതി പാടുവിൻ അവിടുന്ന് മഹത്വത്തോടെത്തോടെ കീർത്തനങ്ങൾ ആലപിക്കുവിൻ ഇസ്രായേലിൻ്റെ പരിശുദ്ധനായ പ്രവർത്തിച്ചു. സീയോൻവാസികളേ, ആർത്തട്ടഹസിക്കുവിൻ; സന്തോഷത്തോടെ കീർത്തനങ്ങൾ ആലപിക്കുവിൻ ഇസ്രയേലിന്റെ പരിശുദ്ധനായവൻ മഹത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്
രക്ഷയുടെ സ്രോതസ്സിൽനിന്നു നിങ്ങൾ സന്തോഷപൂർവം ജലം കോരിയെടുക്കും
ആറാം വായന: ജ്ഞാനത്തിൻ്റെ ഉറവിടം
ബാറൂക്കിന്റെ പുസ്തകത്തിൽനിന്നുള്ള വായന
ഇസ്രായേലേ, ജീവന്റെ കല്പനകൾ കേൾക്കുക, ശ്രദ്ധാപൂർവം ജ്ഞാനമാർജ്ജിക്കുക, ഇസ്രായേലേ, നീ ശത്രുരാജ്യത്ത് അകപ്പെടാൻ എന്താണു കാരണം? വിദേശത്തുവച്ച് വാർദ്ധക്യം പ്രാപിക്കുന്നതെന്തു കൊണ്ട്? മൃതരോടൊപ്പം അശുദ്ധനാകാൻ കാരണമെന്ത്? പാതാളത്തിൽ പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്? ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു. ദൈവത്തിൻ്റെ മാർഗ്ഗത്തിൽ ചരിച്ചിരുന്നെങ്കിൽ നീ എന്നേക്കും സമാധാനത്തിൽ വസിക്കുമായിരുന്നു. ജ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീർഘായുസ്സും ജീവനും സമാധാനവും കണ്ണുകൾക്കു പ്രകാശവും എവിടെയുണ്ടെന്ന് അപ്പോൾ നീ ഗ്രഹിക്കും. അവളുടെ നികേതനം ആരാണ് കണ്ടെത്തിയത്? ആര് അവളുടെ കലവറയിൽ പ്രവേശിച്ചിട്ടുണ്ട്?
എന്നാൽ എല്ലാം അറിയുന്നവൻ അവളെ അറിയുന്നു. അവിടുന്ന് അവളെ തന്റെ അറിവുകൊണ്ട് കണ്ടെത്തി. എന്നേക്കുമായി ഭൂമിയെ സ്ഥാപിച്ചവൻ അത് നാൽക്കാലികളെക്കൊണ്ടു നിറച്ചു. അവിടുന്ന് പ്രകാശം അയയ്ക്കുന്നു. അതു പോകുന്നു. അവിടുന്ന് വിളിച്ചു: ഭയത്തോടുകൂടെ അത് അനുസരിച്ചു. നക്ഷത്രങ്ങൾ തങ്ങളുടെ യാമങ്ങളിൽ പ്രകാശിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. അവിടുന്ന് അവയെ വിളിച്ചു. ഇതാ ഞങ്ങൾ എന്ന് അവ പറഞ്ഞു. തങ്ങളെ സ്യഷ്ടിച്ചവനുവേണ്ടി അവ സന്തോഷപൂർവം മിന്നിത്തിളങ്ങി. അവിടുന്നാണ് നമ്മുടെ ദൈവം, അവിടത്തോടു തുലനം ചെയ്യാൻ ഒന്നുമില്ല. അവിടുന്ന് അറിവിലേക്കുള്ള എല്ലാ വഴികളും കണ്ടെത്തി. അവളെ തൻ്റെ ദാസനായ യാക്കോബിന്, താൻസ്നേഹിച്ച ഇസ്രായേലിന്, കൊടുത്തു. അനന്തരം അവൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും മനുഷ്യരുടെയിടയിൽ വസിക്കുകയും ചെയ്തു.
ദൈവകല്പനകളുടെ പുസ്തകവും ശാശ്വതനിയമവും അവളാണ്. അവളോടു ചേർന്നു നിൽക്കുന്നവൻ ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവൻ മരിക്കും. യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിൻ്റെ പ്രഭയിലേക്കു നടക്കുക. നിൻ്റെ മഹത്വം അന്യനോ നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മൾ സന്തുഷ്ടരാണ്. എന്തെന്നാൽ, ദൈവത്തിനു പ്രീതികരമായവ എന്തെന്നു നമുക്ക് അറിയാം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ വചനങ്ങൾ നിത്യജീവൻ്റെ വാക്കുകളാണ്.
കർത്താവിന്റെ നിയമം അവികലമാണ്; അത് ആത്മാവിന് പുതുജിവൻ പകരുന്നു. കർത്താവിൻ്റെ സാക്ഷ്യം വിശ്വാസ്യമാണ്. അത് വിനീതരെ വിജ്ഞാനികളാക്കുന്നു.
കർത്താവേ, അങ്ങയുടെ വചനങ്ങൾ നിത്യജീവൻ്റെ വാക്കുകളാണ്.
കർത്താവിന്റെ കല്പനകൾ നീതിയുക്തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കർത്താവിൻ്റെ പ്രമാണം വിശുദ്ധമാണ്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
കർത്താവേ, അങ്ങയുടെ വചനങ്ങൾ നിത്യജീവൻ്റെ വാക്കുകളാണ്.
ദൈവഭക്തി നിർമ്മലമാണ്; അത് എന്നേക്കും നിലനില്ക്കുന്നു. കർത്താവിന്റെ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണ്ണമാണ്.
കർത്താവേ, അങ്ങയുടെ വചനങ്ങൾ നിത്യജീവൻ്റെ വാക്കുകളാണ്.
അവ പൊന്നിനേയും തങ്കത്തേയുംകാൾ അഭികാമ്യമാണ്; അവ തേനിനെയും തേൻകട്ടയെയുംകാൾ മധുരമാണ്.
കർത്താവേ, അങ്ങയുടെ വചനങ്ങൾ നിത്യജീവൻ്റെ വാക്കുകളാണ്.
ഏഴാം വായന: നവഹ്യദയവും നവചൈതന്യവും
എസെക്കിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽനിന്നുള്ള വായന
കർത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേൽഭവനം സ്വദേശത്തു വസിച്ചിരുന്നപ്പോൾ അവർ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ അശുദ്ധമാക്കി. എൻ്റെ മുമ്പിൽ അവരുടെ പെരുമാറ്റം സ്ത്രീയുടെ ആർത്തവമാലിന്യംപോലെയായിരുന്നു. അവർ സ്വദേശത്തു ചിന്തിയ രക്തവും നാടിനെ അശുദ്ധമാക്കാൻ ഉപയോഗിച്ച വിഗ്രഹങ്ങളുംമൂലം ഞാൻ എൻ്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞു. ജനതകളുടെയിടയിൽ ഞാൻ അവരെ ചിതറിച്ചു; അവർ പല രാജ്യങ്ങളിലായി ചിതറിപ്പാർത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്തികൾക്കും അനുസൃതമായി ഞാൻ അവരെ വിധിച്ചു. എന്നാൽ, അവർ ജനതകളുടെയടുക്കൽ ചെന്നപ്പോൾ, അവർ എത്തിയിടത്തെല്ലാം, ഇവരാണ് കത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്ന് അവർക്കു പോകേണ്ടിവന്നു എന്ന് ആളുകൾ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവർ എൻ്റെ വിശുദ്ധനാമം അശുദ്ധമാക്കി. തങ്ങൾ എത്തിയ ജനതകളുടെയിടയിൽ ഇസ്രായേൽഭവനം അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെപ്രതി ഞാൻ ആകുലനായി.
ഇസ്രായേൽ ഭവനത്തോടു പറയുക, ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽഭവനമേ, നിങ്ങളെപ്രതിയല്ല നിങ്ങൾ എത്തിച്ചേർന്ന ജനതകളുടെയിടയിൽ നിങ്ങൾ അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതിയാണ്, ഞാൻ പ്രവർത്തിക്കാൻ പോകുന്നത്. ജനതകളുടെയിടയിൽ നിങ്ങൾ അശുദ്ധമാക്കിയ എൻ്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാൻ തെളിയിക്കും. തങ്ങളുടെ കൺമുമ്പിൽവച്ച് നിങ്ങളിലൂടെ എൻ്റെ പരിശുദ്ധി ഞാൻ വെളിപ്പെടുത്തുമ്പോൾ ഞാനാണ് കർത്താവ് എന്ന് ജനതകൾ അറിയും, ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. ജനതകളുടെയിടയിൽനിന്നും സർവദേശങ്ങളിൽനിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്ക് ഞാൻ നിങ്ങളെ കൊണ്ടുവരും. ഞാൻ നിങ്ങളുടെമേൽ ശുദ്ധ ജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധികരിക്കപ്പെടും. സകലവിഗ്രഹങ്ങളിൽനിന്നും നിങ്ങളെ ഞാൻ നിർമ്മലരാക്കും. ഒരു പുതിയ ഹ്യദയം നിങ്ങൾക്കു ഞാൻ നല്കും; ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും: നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നൽകും. എൻ്റെ ആത്മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എൻ്റെ കല്പനകൾ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുള്ളവരുമാക്കും. നിങ്ങളുടെ പിതാക്കന്മാർക്ക് ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും. നിങ്ങൾ എൻ്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
മാൻപേട നീർച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; എപ്പോഴാണ് എനിക്ക് ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാൻ കഴിയുക!
മാൻപേട നീർച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
ജനക്കൂട്ടത്തോടൊപ്പം ഞാൻ പോയി; ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. ആഹ്ലാദാരവവും കൃതജ്ഞതാഗീതങ്ങളുമുയർന്നു.
മാൻപേട നീർച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
അങ്ങയുടെ പ്രകാശവും സത്യവും അയക്കണമേ! അവ എന്നെ നയിക്കട്ടെ; അവിടുത്തെ വിശുദ്ധഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ. അപ്പോൾ ഞാൻ ദൈവത്തിൻ്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും ദൈവമേ, കിന്നരംകൊണ്ട് അങ്ങയെ ഞാൻ സ്തുതിക്കും.
മാൻപേട നീർച്ചാലുകളെ എന്നതുപോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു.
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്നുള്ള വായന
പ്രിയസഹോദരരേ, യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാന സ്നാനം സ്വീകരിച്ച നാമെല്ലാവരും അവൻ്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താൽ നാം അവനോടൊത്തു സംസ്ക്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനു ശേഷം പിതാവിന്റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്. അവൻ്റെ മരണത്തിനു സദൃശ്യമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിന് സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാതിരിക്കത്തക്കവിധം പാപപൂർണ്ണമായ ശരീരത്തെ നശിപ്പിക്കാൻവേണ്ടി നമ്മിലെ പഴയ മനുഷ്യൻ അവനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്കറിയാമല്ലോ. എന്തെന്നാൽ, മരിച്ചവൻ പാപത്തിൽനിന്നു മോചിതനായിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കിൽ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലുംമരിക്കുകയില്ലെന്നു നമുക്കറിയാം. മരണത്തിന് അവൻ്റെമേൽ ഇനി അധികാരമില്ല. അവൻ മരിച്ചു; പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവൻ മരിച്ചു. അവൻ ജീവിക്കുന്നു: ദൈവത്തിനുവേണ്ടി അവൻ ജീവിക്കുന്നു. അതുപോലെ, നിങ്ങളും പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്തുവിൽ ദൈവത്തിനുവേണ്ടി ജീവിക്കു അവരാണെന്നും അറിഞ്ഞുകൊള്ളുവിൻ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
അല്ലേലൂയാ! അല്ലേലൂയാ! അല്ലേലൂയാ!
കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം ശാശ്വതമാണെന്ന് ഇസ്രായേൽ പറയട്ടെ.
അല്ലേലൂയാ! അല്ലേലൂയാ! അല്ലേലൂയാ!
കർത്താവിന്റെ വലത്തുകൈ മഹത്വമാർജ്ജിച്ചിരിക്കുന്നു; കർത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി. ഞാൻ മരിക്കുകയില്ല, ജീവിക്കും; ഞാൻ കർത്താവിൻ്റെ പ്രവൃത്തികൾ പ്രഘോഷിക്കും.
അല്ലേലൂയാ! അല്ലേലൂയാ! അല്ലേലൂയാ!
പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു. ഇത് കർത്താവിന്റെ പ്രവൃത്തിയാണ്; ഇത് നമ്മുടെ ദൃഷ്ടിയിൽ വിസ്മയാവഹമായിരിക്കുന്നു.
അല്ലേലൂയാ! അല്ലേലൂയാ! അല്ലേലൂയാ!
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽ നിന്നുള്ള വായന
സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു. അപ്പോൾ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കർത്താവിൻ്റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങിവന്ന്, കല്ലുരുട്ടിമാറ്റി, അതിന്മേൽ ഇരുന്നു. അവന്റെ രൂപം മിന്നൽപ്പിണർപോലെ ആയിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും. അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവൽക്കാർ വിറപൂണ്ട് മരിച്ചവരെപ്പോലെയായി. ദൂതൻ സ്ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നു കാണുവിൻ. വേഗംപോയി അവന്റെ ശിഷ്യന്മാരോട്, അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും, നിങ്ങൾക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ. ഇതാ, ഇക്കാര്യം ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു. അവർ കല്ലറവിട്ട് ഭയത്തോടും സന്തോഷത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാൻ ഓടി. അപ്പോൾ യേശു എതിരേ വന്ന് അവരെ അഭിവാദനം ചെയ്തു. അവർ അവനെ സമീപിച്ച് പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിച്ചു. യേശു അവരോടു പറഞ്ഞു: ഭയപ്പെടേണ്ട; നിങ്ങൾ ചെന്ന് എൻ്റെ സഹോദരന്മാരോട് ഗലീലിയിലേക്കു പോകണമെന്നും അവിടെ അവർ എന്നെ കാണുമെന്നും പറയുക.




