മെയ് 02 ശനി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു)
സാബത്തിൽ ദൈവവചനം ശ്രവിക്കാൻ നഗരവാസികൾ എല്ലാവരുംതന്നെ സമ്മേളിച്ചു. ജനക്കൂട്ടത്തെ കണ്ടപ്പോൾ യഹൂദർ അസൂയപൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ ഏതിർക്കുകയും അവനെ ദുഷിക്കുകയും ചെയ്‌തു. പൗലോസും ബാർണബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാൽ, നിങ്ങൾ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവന് നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീർത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, കർത്താവു ഞങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: ഭൂമിയുടെ അതിർത്തികൾവരെ രക്ഷ വ്യാപിപ്പിക്കുന്നതിന് വിജാതീയർക്ക് ഒരു ദീപമായി നിന്നെ ഞാൻ സ്ഥാപിച്ചിരിക്കുന്നു.
ഈ വാക്കുകൾ കേട്ടപ്പോൾ വിജാതീയർ സന്തോഷഭരിതരായി കർത്താവിന്റെ വചനം പ്രകീർത്തിച്ചു. നിത്യജീവനു നിയോഗം ലഭിച്ചവരെല്ലാം വിശ്വസിക്കുകയും ചെയ്‌തു. കർത്താവിന്റെ വചനം ആ നാട്ടിലെല്ലാം വ്യാപിച്ചു. എന്നാൽ, യഹൂദൻമാർ ബഹുമാന്യരായ ഭക്‌തസ്ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രേരിപ്പിച്ച് പൗലോസിനും ബാർണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്‌തു. അവർ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി. ശിഷ്യൻമാർ ആനന്ദത്താലും പരിശുദ്‌ധാത്മാവാലും നിറഞ്ഞവരായി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. (അല്ലെങ്കിൽ അല്ലേലൂയാ!)
കർത്താവിന് ഒരു പുതിയകീർത്തനം ആലപിക്കുവിൻ അവിടന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്‌തിരിക്കുന്നു. അവിടത്തെ കരവും വിശുദ്‌ധഭുജവും വിജയം നേടിയിരിക്കുന്നു
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു. അവിടന്ന് തൻനീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടന്ന് അനുസ്‌മരിച്ചു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു
അല്ലേലൂയാ! (യോഹ 8: 31b-32), കർത്താവി അരുൾചെ യ്യുന്നു. എൻ്റെ വചനത്തിൽ നിലനില്ക്കുമെങ്കിൽ, നിങ്ങൾ യഥാർഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു?
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ അവനെ അറി യുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു. പീലിപ്പോസ് പറഞ്ഞു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരുക, ഞങ്ങൾക്ക് അതുമതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്ന് നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്. ഞാൻ പിതാവിലും പിതാവ് എന്നിലുമാണെന്ന് ഞാൻ പറയുന്നതു വിശ്വസിക്കുവിൻ. അല്ലെങ്കിൽ, പ്രവൃത്തികൾമൂലം വിശ്വസിക്കുവിൻ. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവ്യത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും. നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനിൽ മഹത്ത്വപ്പെടാൻവേണ്ടി, ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്‌തുതരും.



