മെയ് 01 വെള്ളി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(പിതാക്കന്മാർക്കു നല്കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്ക് നിറവേറ്റിത്തന്നിരിക്കുന്നു)
അക്കാലത്ത്, പൗലോസ് അന്ത്യോക്യയിലെ പിസീദിയായിലെത്തി അവിടത്തെ സിനഗോഗിൽവച്ച് പറഞ്ഞു: സഹോദരരേ, അബ്രാഹത്തിൻ്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു. ജറുസലേം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചക വചനങ്ങൾ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചു കൊണ്ട് ആ വചനങ്ങൾ പൂർത്തിയാക്കി. മരണശിക്ഷയർഹിക്കുന്ന ഒരു കുറ്റവും അവനിൽ കാണാതിരുന്നിട്ടും അവനെ വധിക്കാൻ അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂർത്തിയായപ്പോൾ അവർ അവനെ കുരിശിൽനിന്നു താഴേയിറക്കി കല്ലറയിൽ സംസ്കരിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവനോടൊപ്പം ഗലീലിയിൽനിന്ന് ജറുസലേമിലേക്കു വന്നവർക്ക് അവൻ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനങ്ങളുടെ മുമ്പിൽ അവന്റെ സാക്ഷികളാണ്. ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ് പിതാക്കൻമാർക്കു നല്കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിർപ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്ക് നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജൻമം നല്കി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നീ എൻ്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജന്മം നല്കി. (അല്ലെങ്കിൽ: അല്ലേലൂയാ!)
എന്റെ വിശുദ്ധ പർവതമായ സീയോനിൽ ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടന്ന് അരുൾചെയ്യും. കർത്താവിന്റെ കല്പന ഞാൻ വിളംബരം ചെയ്യും; അവിടന്ന് എന്നോട് അരുൾചെയ്തു: നീ എന്റെ പുത്രനാണ്. ഇന്നു ഞാൻ നിനക്കു ജൻമം നല്കി
നീ എൻ്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജന്മം നല്കി.
എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു ജനതകളെ അവകാശമായിത്തരും, ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും. ഇരുമ്പുദണ്ഡുകൊണ്ട് നീ അവരെ തകർക്കും, മൺ പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.
നീ എൻ്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജന്മം നല്കി.
രാജാക്കൻമാരേ, വിവേകമുള്ളവരായിരിക്കുവിൻ ഭൂമിയുടെ അധിപൻമാരേ, സൂക്ഷിച്ചുകൊള്ളുവിൻ ഭയത്തോടെ കർത്താവിനു ശുശ്രൂഷചെയ്യുവിൻ വിറയലോടെ അവിടത്തെ പാദം ചുംബിക്കുവിൻ
നീ എൻ്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജന്മം നല്കി.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 14:6) കർത്താവ് അരുൾചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ് എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വഴിയും സത്യവും ജീവനും ഞാനാണ്)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ. എൻെറ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.
തോമസ് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നു വെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.



