ജൂൺ 16 ചൊവ്വ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(ആഹാബ് ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു)
നാബോത്തിന്റെ മരണശേഷം തിഷ്ബ്യനായ എലിയായോടു കർത്താവ് അരുൾചെയ്തു: നീ ചെന്നു സമരിയായിലുള്ള ഇസ്രായേൽരാജാവ് ആഹാബിനെ കാണുക. അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താൻ എത്തിയിരിക്കുന്നു. നീ അവനോടു പറയണം: കർത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കർത്താവ് അരുൾചെയ്യുന്നു, നാബോത്തിന്റെ രക്തം നായ്ക്കൾ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നായ്ക്കൾ നക്കിക്കുടിക്കും.ആഹാബ് ഏലിയായോടു ചോദിച്ചു: എന്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ? അവൻ പ്രതിവചിച്ചു: അതേ, ഞാൻ നിന്നെ കണ്ടെത്തി. കർത്താവിൻ്റെ സന്നിധിയിൽ തിൻമ പ്രവർത്തിക്കാൻ നീ നിന്നത്തന്നെ വിറ്റിരിക്കുന്നു. ഇതാ, ഞാൻ നിനക്കു നാശം വരുത്തും; ഞാൻ നിന്നെ നിർമാർജനം ചെയ്യും. ആഹാബിന് ഇസ്രായേലിലുള്ള എല്ലാ പുരുഷൻമാരെയും – സ്വതന്തരെയും അടിമകളെയും ഞാൻ നിഗ്രഹിക്കും. നീ എന്നെ പ്രകോപിപ്പിക്കയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതിനാൽ ഞാൻ നിന്റെ ഭവനം നെബാത്തിന്റെ മകൻ ജറോബോവാമിൻ്റെയും അഹിയായുടെ മകൻ ബാഷായുടെയും ഭവനങ്ങളെപ്പോലെ ആക്കിത്തീർക്കും. ജസെബെലിനെക്കുറിച്ചും കർത്താവ് അരുൾചെയ്തിരിക്കുന്നു, ജസ്രേലിന്റെ അതിർത്തികൾക്കുള്ളിൽവച്ച് ജസെബെലിനെ നായ്ക്കൾ തിന്നും. ആഹാബിന്റെ ഭവനത്തിൽനിന്ന് നഗരത്തിൽ മരിക്കുന്നവനെ നായ്ക്കൾ ഭക്ഷിക്കും; നാട്ടിൻപുറത്തുവച്ചു മരിക്കുന്നവനെ പറവകളും. ഭാര്യയായ ജസെബെലിന്റെ പ്രേരണയ്ക്ക വഴങ്ങി, കർത്താവിന് അനിഷ്ടമായതു പ്രവർത്തിക്കാൻ തന്നത്തന്നെ വിറ്റ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല. ഇസ്രായേലിന്റെ മുൻപിൽനിന്നു കർത്താവ് തുരത്തിയ അമോറ്യരെപ്പോലെ അവൻ വിഗ്രഹങ്ങളെ പിഞ്ചെന്ന് ഏറ്റവും മ്ലേച്ഛമായി പ്രവർത്തിച്ചു.
ആഹാബ് ഇതുകേട്ടു വസ്ത്രം കീറി, ചാക്കുടുത്ത് ഉപവസിക്കുകയും ചാക്കു വിരിച്ച് ഉറങ്ങുകയും മനം തകർന്ന് തല താഴ്ത്തി നടക്കുകയും ചെയ്തു. അപ്പോൾ തിഷ്ബ്യനായ ഏലി യായോടു കർത്താവ് അരുൾചെയ്തു: ആഹാബ് എന്റെ മുൻപിൽ എളിമപ്പെട്ടതു കണ്ടില്ലേ? അവൻ തന്നെത്തന്നെ താഴ്ത്തിയതിനാൽ, അവന്റെ ജീവിതകാലത്തു ഞാൻ നാശം വരുത്തുകയില്ല. അവന്റെ പുത്രന്റെ കാലത്തായിരിക്കും ആ ഭവനത്തിനു ഞാൻ തിൻമ വരുത്തുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാൽ ഞങ്ങൾ പാപംചെയ്തു.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എന്റെ അക്യത്യം നിശ്ശേഷം കഴുകിക്കളയണമേ! എൻ്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാൽ ഞങ്ങൾ പാപംചെയ്തു.
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാൻ പാപംചെയ്തു; അങ്ങയുടെ മുൻപിൽ ഞാൻ തിൻമ പ്രവർത്തിച്ചു.
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാൽ ഞങ്ങൾ പാപംചെയ്തു.
എന്റെ പാപങ്ങളിൽനിന്നു മുഖം മറയ്ക്കണമേ! എന്റെ അകൃത്യങ്ങൾ മായിച്ചുകളയണമേ! ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ രക്ഷ് ഉച്ചത്തിൽ പ്രകീർത്തിക്കും.
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാൽ ഞങ്ങൾ പാപംചെയ്തു.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 13 : 34). കർത്താവ് അരുൾചെയ്യുന്നു! ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചപോലെ, നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: അയല്ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ നിങ്ങൾക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാർപോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങൾ അഭിവാദനം ചെയ്യുന്നുള്ളുവെങ്കിൽ വിശേഷവിധിയായി എന്താണു നിങ്ങൾ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ.




